Friday, 27 November 2015

ഫ്രീ ലിഫ്റ്റ്‌



രാവിലെ നൂറേ നൂറ്റിപ്പത്തേല്‍ ഓഫീസിലേക്ക് പോകുമ്പോഴാണ് ഒരമ്മാവന്‍ വഴിയില്‍ നിന്ന് യോയോ സ്റ്റൈലില്‍തമ്പോക്കെ പൊക്കി ലിഫ്റ്റ്‌ ചോദിച്ചത് ഒരു ന്യൂ ജെനറേഷന്‍ അമ്മാവനെ കണ്ട സന്തോഷത്തിലും എന്റെ മുത്തശ്ശന്‍റെ പ്രായമുള്ള ആളായത് കൊണ്ടും കൊറച്ച് ബഹുമാനം വര്‍ക്ക് ഔട്ട്‌  ആയി വണ്ടി ചവുട്ടി .. ഓടി വന്ന മിസ്ടര്‍ അമ്മാവന്‍ തന്റെ നാലാമത്തെ ശ്രമത്തില്‍ വണ്ടീടെ പിന്‍ സീറ്റില്‍ കയറിപ്പറ്റി കൂടെ ഒരു ഡയലോഗും ..

"ഇപ്പളത്തെ *** പിടിച്ച വണ്ടിയെലോക്കെ കേറണേല്‍ ഏണി വേണം (ഫീലിംഗ് ആന്ഗ്രി)"

അപ്പൊ തന്നെ ഒരു കാര്യം ഉറപ്പിച്ചു ... ഇത് മിക്കവാറും പണിയാകും !!! .. സമയ പരിമിതി എന്റെ ത്രോട്ടിലില്‍ ഉള്ള പിടി മുറുകി .. ഓരോ വളവും തിരിയുമ്പോ ഞാന്‍ അത്യാവശ്യത്തിനുള്ള തിരിവ് ഹാന്‍ഡിലില്‍ ഉണ്ടാക്കുന്നുണ്ട് അത് പോരാഞ്ഞിട്ടാണോ എന്തോ അമ്മാവനും പുറകിലിരുന്നു വണ്ടി തിരിക്കാന്‍ തുടങ്ങി .. നാല് വളവ് കഴിഞ്ഞപ്പോ ഓപ്പോസിറ്റ് വന്ന ബസിനെ ഓവര്‍ടെക്ക് ചെയ്ത് ദാ വരുന്നു ഒരു ട്രക്ക് .. പണി കിട്ടില്ല ..സൈഡ് ഉണ്ട് വണ്ടി ഇടത്തേക്ക് വീശിയതും മുന്‍പില്‍ ഒരു പടുകുഴി ചവുട്ടിയാ കിട്ടുമോ എന്നൊരു ശങ്ക ഡിസ്കും കൂട്ടി ഒരു പിടി അങ്ങോട്ട്‌ പിടിച്ചു.. വണ്ടി നിന്ന്
" ഹോ രക്ഷപെട്ടമ്മാവാ "
ബാക്കില്‍ നിന്നും നോ റിപ്ല്യെ .. ഞാന്‍ തിരിഞ്ഞു നോക്കി ..അവിടാരും ഇല്ല.. ഈശ്വരാ ഇതെളിരുന്ന അമ്മാവന്‍ എവിടെപ്പോയി ?
ചുറ്റ് വട്ടമോക്കെ ഒന്ന് പരതി നോക്കിയപ്പോ ദേ കിടക്കുന്നു പത്തിന്റെ പൈസ ..നിലത്ത്
"എന്ത് പറ്റി അമ്മാവാ?"
"@#!$#@%$#^%$&^%*&^*(&%&^#$&^%*^%*&^*&$%% മോനേ എന്നേ കൊല്ലാനാന്നോ ഈ ചെയ്ത്ത് ചെയ്തത്?"
 "അതമ്മാവാ ആ ട്രക്ക്......"
"കോപ്പ് അതിനെന്നെ തള്ളി ഇടണോ? %#%^$^"
"ശോ ... അമ്മാവാ തെറി വിളിക്കാതെ എണീക്ക് നമ്മക്ക് പോകാം "
" ഇനി എന്റെ പട്ടി വരും നിന്‍റെ വണ്ടിയേല്‍ കേറാന്‍... പോടാ"
ഭാഗ്യം കിട്ടിയ സമയത്ത് മുങ്ങാം അതാണ്‌ നല്ലത് ..
"ശരിയമ്മാവാ ബൈ :) "
"ഫ!!! നില്ലവിടെ എന്നേ ആശൂത്രീല്‍ കൊണ്ട് പോയിട്ട് പോയാ മതി "

പണി പാളി ..

"ഉം എന്നാ വാ ഞാന്‍ കൊണ്ട് പോകാം "
" ങാ എന്നാ പോയൊരു ഓട്ടോ പിടിച്ചോണ്ട് വാ "
"ഓട്ടോയോ?"
" എന്തേ .. ഒട്ടോന്നു കേട്ടിട്ടില്ലേ? ഈ മൂന്നു വീലുള്ള വണ്ടി "
"ഉം വിളിക്കാം :( "

ഭാഗ്യത്തിന് ഒരു കാലി ഓട്ടോ അത് വഴി വന്നു .. ആ മൊതലിനെ അതേല്‍ കേറ്റി വച്ചിട്ട് അടുത്തുള്ള ഹോസ്പിറ്റലില്‍ ഇറക്കി വിടാന്‍ പറഞ്ഞിട്ട് വണ്ടിക്കാഷും കൊടുത്ത് പോകാന്‍ തുടങ്ങിയപ്പോ കെളവന്‍ പിന്നേം സീന്‍ ..

"ഡാ ചെക്കാ വണ്ടീടെ പിറകെ വാ ആശൂത്രീല്‍ കൊടുക്കാന്‍ എന്‍റെ കയ്യില്‍ കായില്ല "

കായില്ല പോലും കായ് .. പിന്നെന്തിനാണോ രാവിലെ വെള്ളേം വെള്ളേം ഇട്ട് കാലന്‍ കൊടേം പിടിച്ചു നടുറോഡില്‍ കേറി നിന്ന് ലിഫ്റ്റ്‌ ചോദിച്ചത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു

പിന്നെ പാവം എന്റെ അച്ഛന് ജലദോഷം പിടിപ്പിക്കണ്ടാ എന്ന് കരുതി .. ഓട്ടോയുടെ പിന്നാലെ പോയി .. അതൊരു ക്ലിനിക്കിന് മുന്നില്‍ ചെന്ന് നിന്ന് ..ദിവസങ്ങളായി പണിയൊന്നും ചെയ്യാന്‍ ഇല്ലാതിരുന്ന നെഴ്സുംമാര്‍ പണിയാന്‍ ഒരു ബോഡി കിട്ടിയ സന്തോഷത്തില്‍ വീല്‍ ചെയറുമൊക്കെ എടുത്തോണ്ട് വന്നു .. അത് കണ്ടു ഞാന്‍ പറഞ്ഞു
" ഏയ്‌ വീല്‍ ചെയര്‍ ഒന്നും വേണ്ടാ മുട്ടിലെ തൊലി അല്‍പ്പം പോയതെ ഉള്ളൂ .. "
"അത് നീയാന്നോ തീരുമാനിക്കുന്നെ എനിക്ക് ആ ഉരുട്ടുന്ന കസേര വേണം" (നിലവിളി ശബ്ദമിടോ.jpg)
" ങാ എന്നാ കേറ്റ് "

പത്തു മിനിറ്റ് കഴിഞ്ഞപ്പോ ബോഡി കമ്പ്ലീറ്റ് പഞ്ഞി ഫിറ്റ് ചെയ്ത് നല്ല ഉഷാറായി മിസ്ടര്‍ അമ്മാവന്‍. പുള്ളിയെ അല്‍പ്പം സുഖിപ്പിക്കാനായി താഴ്ന്ന ശബ്ദത്തില്‍ ഞ്ഞുആന്‍പറഞ്ഞു.

" ആഹാ അങ്ങ് സുന്ദരന്‍ ആയല്ലോ... അപ്പൊ നമുക്ക് ഇനീം പോകാല്ലോ അല്ലേ ?"
" ഉം പോകാം പോകാം ആ ബില്ലങ്ങ് കൊടുത്തേക്ക് "
"ഉം :( "
ബില്ലടച്ച്‌ ആ മൊതലിനെ തിരിച്ചു ഓട്ടോയില്‍ പ്രതിഷ്ട്ടിച്ചു വണ്ടിക്കാഷും കൊടുത്ത് പോകാന്‍ തുടങ്ങവേ പിന്നേം പുറകീന്ന് വിളി....
" മോനെ പോകല്ലേ പൊറത്തൂന്നു വാങ്ങിക്കാന്‍ ഗുളികായ്ക്ക് കുറിച്ച് തന്നു അതൂടെ വാങ്ങിച്ചു തന്നേച്ചു പോ"

"ഡോ കെളവാ!!!! അമ്മാവാ അമ്മാവാ എന്ന് വിളിച്ച എന്നെക്കൊണ്ട് താനേ വേറെ ഭാഷ വിളിപ്പിക്കരുത് .. ഗുളിക കഴിക്കാതെ കരിയുന്നേല്‍ അങ്ങ് കരിഞ്ഞാ മതി തന്റെ കുരു "

ഞാന്‍ കലിപ്പാണെന്ന് മനസ്സിലാക്കിയ കെളവന്‍സ് അപ്പളെ സ്ഥലം വിട്ടു..
അതോടെ ഒരു കാര്യം തീരുമാനിച്ചു .. ഇനി ജീവിതത്തില്‍ ഒരുത്തനും കൊടുക്കൂല്ല ഞാന്‍ ലിഫ്റ്റ്‌ ... മത്യായി.. അതോണ്ടാ :(

Saturday, 27 June 2015

ഫസ്റ്റ് എയ്ഡ്‌



കുറേക്കാലം കൂടിയുള്ള ഒരു അഭ്യാസം ആണ് ബോറടിപ്പിചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണേ ...

ഒരു വെള്ളിയാഴ്ച കിറുക്ക് .. ഒന്ന് മലയാലപ്പുഴ അമ്പലം വരെ പോയാലോ?
അപ്പൊ തന്നെ ഹരിയെ വിളിച്ചു
“ഡാ നാളെ ഫ്രീ ആണോ “
“എന്താ?”
“അല്ല ഫ്രീ ആണേല്‍ നാളെ രാവിലെ നമുക്ക് മലയാലപ്പുഴ വരെ ഒന്ന് പോയാലോ?”
 “പിന്നെന്താ പോയിക്കളയാം.. അത് കഴിഞ്ഞു കോന്നി ചിറക്കല്‍ ഒന്ന് പോയി അയ്യപ്പനേം ഒന്ന് കാണാം”
“വോക്കെ”

നേരം പരപരാ വെളുത്തപ്പോ തന്നെ ഞാന്‍ റെഡി ആയി ചെങ്ങന്നൂര്‍ എത്തി ലവനെയും വിളിച്ചോണ്ട് നേരെ മലയാലപ്പുഴക്ക്‌ വിട്ടു .... ആറന്മുള പത്തനംതിട്ട റൂട്ടിലെ യാത്ര ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒന്നാണ് ഓരോ പോയിന്റിലും എത്തുമ്പോ ഓരോ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു പരസപരം പറഞ്ഞു കൊണ്ട് ഞങ്ങളും ശകടവും മലയാലപ്പുഴയിലെത്തി .. പതിവുപോലെ അത്ര തിരക്കില്ല അമ്പലത്തില്‍ .. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴേ അമ്മ വക ഒരു നിര്‍ദ്ദേശം ഉണ്ടായിരുന്നു ..ശക്തിക്കൊത്ത ഒരു വഴിപാടു നടത്തണം എന്ന് .. നേരെ നോക്കിയപ്പോ കുഞ്ഞു ചുവപ്പ് റോസാപൂക്കള്‍ കൊണ്ടുള്ള മാലകള്‍ പൂക്കടയില്‍ നിരനിരയായി തൂക്കി ഇട്ടിരിക്കുന്നു കൂടുതലൊന്നും ആലോചിക്കാതെ അതെലോരെണ്ണം വാങ്ങി അമ്മക്ക് ചാര്‍ത്തി അവിടുന്ന് നേരെ കൊന്നിക്ക്‌ വിട്ടു ശനിയാഴ്ച ആയതുകൊണ്ട് തന്നെ ചിറക്കല്‍ അമ്പലത്തില്‍ നല്ല തിരക്കുമുണ്ടായിരുന്നു .. ചിറക്കല്‍ അമ്പലത്തിലെ അയ്യപ്പ സ്വാമിയുമായി വല്ലാത്തൊരു ഹൃദയ ബന്ധം തന്നെയുണ്ട് .. തിരക്കൊഴിഞ്ഞപ്പോ പുള്ളിക്കാരനോട് ആവലാതികള്‍ പറഞ്ഞു ചെങ്ങന്നൂര്‍ക്ക് തിരികെ വരുമ്പോഴാണ് ലഡ്ഡു പോട്ടിയപോലെ ഒരു ഐഡിയ മനസ്സില്‍ പൊട്ടിയത് .. പോണ വഴി ഒരു സുഹൃത്തിന്റെ വീടുണ്ട് ..ആ സുഹൃത്തിന്റെ കയ്യില്‍ എന്റെ ഒരു ട്രോളി ബാഗും എന്നാപ്പിന്നെ അവിടെ കേറി അതും കൂടി എടുക്കാം .. ബാഗെടുത്ത് ഞങ്ങളുടെ ഇടയില്‍ സ്ഥാപിച്ചു ചെങ്ങന്നൂര്‍ക്ക് യാത്ര തുടര്‍ന്നു വയാ പന്തളം

സംസാരിക്കാന്‍ ഒരുപാട് വിഷങ്ങള്‍ ഞങ്ങള്‍ക്കുള്ളത്കൊണ്ട് തന്നെ വണ്ടിക്കു വേഗത നന്നേ കുറവാണ് .. വണ്ടി ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് ജങ്ക്ഷനില്‍ എത്തി മുന്‍പോട്ടുള്ള യാത്ര അപകടമില്ലാന്നു ഉറപ്പു വരുത്തി മുന്നോട്ടു നീങ്ങുമ്പോള്‍ തൊട്ടു മുന്നിലായി മാവേലിക്കര ഭാഗത്ത് നിന്നും എംസീ റോഡിലേക്ക് വന്നിറങ്ങിയ ഒരു ബൈക്കും പോകുന്നുണ്ട് .. കുറച്ചു മുന്നില്‍ സൈഡിലായി ഒരു ആപേ ഓട്ടോ റിക്ഷയും പാര്‍ക്ക്‌ ചെയ്തിട്ടുണ്ട് ഇടത്തേക്കുള്ള ഇന്‍ഡിക്കെട്ടര്‍ മിന്നിക്കളിക്കുന്നുമുണ്ട്
പെട്ടെന്നൊരു ശബ്ദം കേട്ട് നോക്കുമ്പോ സൈഡില്‍ കിടന്ന ആ ഒട്ട്രഷ ദേ റോഡിന്റെ നടുക്ക്!!!  ഇടതു കാലിനു നല്ലൊരു പ്രഹമേറ്റ് നിക്കണോ അതോ വീഴണോ എന്നാലോചിച്ചു ആ ബൈക്കുകാരനും.. സെക്കണ്ടുകള്‍ക്കുള്ളില്‍ ബൈക്കിനെ കൈവിട്ടു പുള്ളി വീണു .. ചീന ഭരണി മുതല്‍ ചീനച്ചട്ടി വരെ വില്‍ക്കുന്ന കുറെ കച്ചവടക്കാരും പിന്നെ കുറെ നാട്ടുകാരും കാഴ്ചക്കാരായി നില്‍ക്കുന്നതല്ലാതെ അനങ്ങുന്നില്ല ... അപ്പോഴേക്കും ഞങ്ങളില്‍ പൌര ബോധം ഉണര്‍ന്നു .. ഹരി ചാടി ഇറങ്ങി അയാളെ താങ്ങി എന്റെ അടുത്തേക്ക്‌ കൊണ്ട് വന്നു ബൈക്കും ഒതുക്കി ഒരു സൈഡില്‍ വച്ചു ഇടിച്ചിട്ട ഓട്ടോക്കാരന്‍ ഓടി വന്നു
“അയ്യോ എന്തെങ്കിലും പറ്റിയോ? തെറ്റ് എന്‍റെ ഭാഗത്താ ..”
ഇത് കേട്ടതും ഹരി കേറി ചൂടായി
“ഇടത്തോട്ട് ഇന്‍ഡിക്കെട്ടര്‍ ഇട്ടോണ്ടാണോടോ വലത്തോട്ടു തിരിക്കുന്നെ ....??”
“പറഞ്ഞല്ലോ തെറ്റ് എന്റെ ഭാഗത്താ ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം”
“ങാ എന്നാ ഈ പുള്ളിക്കാരനെ പെട്ടന്ന് ആശുപത്രിയില്‍ കൊണ്ടാക്ക് “
“അയ്യോ ഞാന്‍ ഒരു മരണ വീട്ടിലേക്കു ഭക്ഷണവുമായി പോകുന്ന വഴിയാ അതൊന്നു കൊടുത്തിട്ട് ഹോസ്പിറ്റലില്‍ എത്തിക്കോളാം”
അയാളുടെ ദയനീയ ഭാവം കണ്ട് ഒരു ഫോട്ടോയും എടുത്തു വണ്ടി നമ്പരും നോട്ടു ചെയ്ത ശേഷം പറഞ്ഞു വിട്ടു

പിന്നീട് വന്ന ഒട്ടോയ്ക്കും കാറിനുമൊക്കെ  കൈ കാണിച്ചിട്ടും നോ പ്രയോജനം .. ഒരുത്തനും വണ്ടി നിര്‍ത്തുന്നില്ല .. അവസാനം ഗതി കേട്ട ഹരി ടൈറ്റാനിക്കില്‍ ഡീ കാപ്രിയോ നിന്ന പോലെ എംസീ റോഡിന്റെ സെന്റര്‍ ലൈനില്‍ കേറി രണ്ടു കയ്യും നീട്ടി ഒരു നിപ്പങ്ങ് നിന്ന് .. പാവത്തിന്റെ ആ നിപ്പ് കണ്ടിട്ടാണെന്ന് തോന്നുന്നു ഒരു അമ്മാവന്‍ ഓട്ടോ നിര്‍ത്തി കാര്യം ചോദിച്ചു .. കാര്യം അറിഞ്ഞപ്പോ അമ്മാവനും ഒടുക്കത്തെ പൌര ബോധം .. കയറ്റിക്കോ ... കയറ്റിക്കോ .. ഹരിയും കൂടെ കേറി
“എങ്ങോട്ടാ പോണ്ടേ?”
“സെഞ്ച്വറി പോയാ മതി അവിടേ ഓണ്‍ കോള്‍ ഓര്‍ത്തോ ഉണ്ട് “
(ഒരു മുന്‍ അനുഭവമാണ് എന്നെക്കൊണ്ട് അത് പറയിച്ചത് )

വണ്ടി നേരെ സെഞ്ച്വറി ലക്ഷ്യമാക്കി പോയി ഞാന്‍ എന്റെ വണ്ടി തിരിച്ചു പിറകെ പോയി മുളക്കുഴ വളവിന് മുന്നേയുള്ള ആദ്യ റംബിള്‍ സ്ട്രിപ് ആയപ്പോ അതാ ഫോണ്‍ അടിക്കുന്നു നോക്കിയപ്പോ ഹരി
“എന്താടാ?”
“ ഡാ സെഞ്ച്വറി ഹോസ്പിറ്റലില്‍ പോകേണ്ടാ ഞങ്ങള്‍ സഞ്ജീവനി ഹോസ്പിറ്റലില്‍ പോകുവാ”
“ വോക്കെ എന്നാ ഞാന്‍ അങ്ങോട്ട്‌ വരാം “
പിന്നേം വണ്ടി കുത്തിത്തിരിച്ച് നേരെ സന്ജീവനിക്ക് വിട്ടു അപ്പൊ ദേ പിന്നേം ഫോണ്‍ ...പിന്നേം ലവന്‍
“എന്താടാ?”
“എടാ ചെറിയ ഒരു മാറ്റം ഉണ്ട് ഞങ്ങള്‍ ചെങ്ങന്നൂര്‍ ഗവന്മേന്റ്റ്‌ ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചു”
“കോപ്പ് ... എന്നാ ഞാന്‍ അങ്ങോട്ട്‌ വരാം ...”
 പിന്നെയും കുത്തിത്തിരി നേരെ മിഷന്‍ ഗവന്മേന്റ്റ്‌ ആശുപത്രി .. ഏകദേശം ക്രിസ്ത്യന്‍ കോളേജ്‌ ജങ്ക്ഷനില്‍ എത്തിയപ്പോ പിന്നേം ലവന്‍ വിളിക്കുന്നു
“മം ?”
“അല്ല പിന്നേം തീരുമാനം മാറി സെഞ്ച്വറി ഉറപ്പിച്ചു”
“ഡാ പുല്ലേ എന്തോന്നാ ഇത് മനുഷ്യനെ വടി ആക്കുവാണോ?”
“എന്റെ പൊന്നെ ഞാന്‍ എന്നാ ചെയ്യാനാ രോഗിയല്ലേ തീരുമാനിക്കുന്നെ എവടെ പോണം എന്ന് .. നീ പറ ഫസ്റ്റ് എയ്ഡ്‌ എടുത്തിട്ട് എവിടേലും പോകാന്‍ “
“അത് ഞാന്‍ പറയേണ്ടി വന്നില്ലടാ ആ ഓട്ടോക്കാരന്‍ അമ്മാവന്‍ കൈകാര്യം ചെയ്തു പുള്ളി വണ്ടി ഒതുക്കീട്ട് ഒരൊറ്റ ഡയലോഗ്
“കൊറേ നേരമായി എം സീ റോഡില്‍ കിടന്നു തെക്കോട്ടും വടക്കോട്ടും ഇട്ടു വണ്ടി ഓടിപ്പിക്കുന്നു ഇനി ഒരു തീരുമാനം ആകാതെ ഞാന്‍ വണ്ടി എടുക്കൂല്ല “(ഫീലിംഗ് ആംഗ്രി)
“ഒറപ്പിച്ചു .. ചലോ സെഞ്ച്വറി”
അങ്ങനെ രഥം നേരെ സെഞ്ച്വറിക്ക് വിട്ടു പോകുന്ന വഴി ആണ് ഹരി ആ നഗ്ന സത്യം അറിയുന്നത് ...
“മാഷെവിടാ വര്‍ക്കുന്നെ?”
“വെന്മണി സ്റ്റേഷനീല്‍ “
“സ്റ്റേഷന്‍....?”
“അതെ വെണ്മണി പോലീസ്‌ സ്റ്റേഷന്‍”               
“പ്ലിംഗ്”
തൊട്ടു പിന്നാലെ തന്നെ ഞാനും അവിടെയെത്തി അപ്പോളേക്കും ഡോക്ടര്‍ എത്തി പരിശോധിക്കുന്നുണ്ട് .. ചെങ്ങന്നൂര്‍ എസ് ഐ യും ഒരു പോലീസ്കാരനും കൂടി അവിടെ എത്തിയിരുന്നു .. വളരെ മാന്യമായി അവര്‍ ഞങ്ങളോട് കാര്യങ്ങള്‍ തിരക്കി മുഴുവന്‍ കാര്യങ്ങളും ഞങ്ങള്‍ അവരോടു പറഞ്ഞു .. എല്ലാം കേട്ടിട്ട് ആ എസ് ഐ തോളില്‍ തട്ടി അഭിനന്ദിച്ചു
“കൊള്ളാം മക്കളെ..”
പെറ്റി അടിക്കാന്‍ കൈ കാണിക്കുന്ന ഒരാള്‍ മാത്രമാണ് നമ്മളെ സംബന്ധിച്ച് പോലീസ്‌ ....പുള്ളിക്കാരന്റെ ആ പറച്ചില് കേട്ട് കണ്ണ് നിറഞ്ഞ് പോയി ... സത്യം
അങ്ങനെ അവിടുന്ന് ഊരി പോകാനായി പാര്‍ക്കിങ്ങില്‍ ചെന്നപ്പോ അവിടെ കിടന്നു തിരിഞ്ഞു കളിക്കുന്നു മ്മടെ പ്രതി ..
“ഹലോ ഇവിടെ കിടന്നു തിരിഞ്ഞുകളിക്കുവാ?”
“ആഹാ മോന്‍ ഇവിടെ ഉണ്ടാരുന്നോ?”
“ ഉം... ബാ പോകാം”
“എങ്ങോട്ട് ?”
“കാഷ്വാലിറ്റിലോട്ട്... പിന്നേ ചേട്ടന്‍ വണ്ടിയിടിച്ചത് ആരെയാന്ന് അറിയാമോ?”
“ആരെയാ”
“അതൊരു പോലീസുകാരനാ “
“ന്റമ്മോ .... മലര്.... നീപ്പോ എന്ത് ചെയ്യും”
എന്ന് പറഞ്ഞതും ഓട്ടോ ചേട്ടന്‍ തിരിഞ്ഞോടി കൂടെ ഞാനും .. ചെന്ന് നോക്കുമ്പോ അതിലും വിറ്റ് .. ആ ചേട്ടന്‍ ഷര്‍ട്ട് ഒക്കെ അഴിക്കുന്നു ..
പാവം ഇടി കൊള്ളാന്‍ ഇവിടുന്നെ ഒരുങ്ങി പോവാ..?. എഫേ ബോക്സില്‍ നിന്നും ഒരു കാക്കി ഷര്‍ട്ട് എടുത്തിട്ടു അന്നിട്ട് ഒരു ഡയലോഗ്

“യൂണിഫോം ഇല്ലാതെ അങ്ങോട്ട്‌ ചെന്നിട്ട് വേണം അവര് അതിനും പെറ്റി അടിക്കാന്‍ ...പുല്ല് “

ആപ്പറഞ്ഞതും ശരിയാണെന്ന് എനിക്ക് തോന്നി നേരെ അതിയാനെ കൊണ്ട് ചെന്ന് സാറന്മാരെ ഏല്‍പ്പിച്ചു ഞാനും ഹരിയും പിന്നേ ആ പെട്ടിയും വീട്ടിലേക്ക് പോയി

അപ്പോഴും തന്റെ യജമാനനെ കാത്ത് ഫസ്റ്റ് എയ്ഡ്‌ പോലും കിട്ടാതെ ആ പാവം ബൈക്ക്‌ എം സീ റോഡ്‌ സൈഡില്‍ ഇരുന്നു വെയില് കൊള്ളുകയായിരുന്നു

Tuesday, 17 February 2015

നീതി

                                      
നീതിതന്‍ പുസ്തകത്താളില്‍ മയങ്ങുന്ന
ദേവതേ ചൊല്ലൂ ഇതെന്ത് നീതി
കള്ളനും ദുഷ്ട്ടനും കാട്ടാളനും വരെ
രക്ഷ നല്‍കുന്നതോ നിന്റെ നീതി

കാട്ടിലെ ക്രൂരന് നരകനീതി
നാട്ടിലെ ക്രൂരനോ സ്വര്‍ഗ്ഗ നീതി
ദൈവത്തിന്റെ സ്വന്തം നാട്ടിലാണെങ്കിലോ
ദൈവത്തിനു  പോലും നീതിയില്ല

പട്ടിണി കൊണ്ട് കരഞ്ഞ മനുജന്
ഭിഷഗ്വരന്‍ ചെയ്തത് മനുഷ്യനീതി
മാനസ പീഡനം നല്കിയാ ദൈവത്തിന്‍
ജീവനെടുക്കുന്നതെന്ത് നീതി ..

ഓടുന്ന വണ്ടിയില്‍ നാരി തന്‍ ജീവിതം
ചവുട്ടിയരക്കുന്നതെന്തു നീതി
ശിക്ഷയായ് കാവലും മൃഷ്ട്ടാന ഭോജ്യവും
നല്കുവതാണോ നിന്റെ നീതി

കാവലാളായൊരു മാനവന്‍ തന്നുടെ
ജീവനെടുക്കുന്നതെന്തു നീതി
ജീവനെടുത്തവന്‍ ഭയമെതുമില്ലാതെ
ചിരിപൂണ്ട് നില്‍പ്പതോ നിന്റെ നീതി

കണ്ണുകള്‍ കെട്ടി നീ അന്ധയാകുമ്പോളി-
വിടെ നടക്കുന്നു ക്രൂര നീതി
അടരാടുവാനെനിക്കാവതില്ലായ്കിലും
അടരാടുക എന്നതാണെൻറെ നീതി
******
പീലി ™

Saturday, 7 December 2013

വഷളന്‍....



പ്രിയ കൂട്ടുകാരെ .. ആദ്യം തന്നെ പറയാം ഈ കഥക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ലാ ഇനി അഥവാ തോന്നിയാല്‍ കൊണ്ട് പോയി കേസ് കൊടുക്ക് അല്ല പിന്നെ.. പ്രിയ ഫെമിനി സുഹൃത്തുക്കള ദയവായി ഇത് വായിക്കല്ല്.. വായിച്ചിട്ട് എന്റെ മേലേ കുതിര കയറാന്‍ വന്നാല്‍ അമ്മച്ചിയാണേ എന്റെ കൊണം മാറും..

അപ്പൊ കാര്യത്തിലേക്ക് കടക്കാം ..
എന്റെ കഥാ നായകന്‍റെ പേര് വിവേക് , തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെ സീനിയര്‍ എന്‍ജിനീയര്‍.. ജോലി കഴിഞ്ഞാല്‍ അതിയാന്റെ മെയിന്‍ പണി ഫേസ് ബുക്കില്‍ തകര്‍പ്പ്.. തകര്‍പ്പ് എന്ന് പറഞ്ഞാല്‍ ഫെമിനിസ്റ്റ് ചേച്ചി മാരെ ഒതുക്കല്‍. അതിനു അവനെ കഴിഞ്ഞേ ഉള്ളൂ വേറെ ആരും . അത് കൊണ്ട് തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ അവന്റെ സുഹൃത്തുക്കള്‍ അവനെ അവിടേക്ക് ക്ഷണിക്കും. അവന്‍ ഹാജര്‍ ആയാല്‍ ഫെമിനി ചേച്ചിമാരുടെ കാര്യം കട്ട പൊക..

കാര്യം ഇതൊക്കെ ആണെങ്കിലും ത്രീ ഡി അനിമേഷന്‍ രംഗത്തെ ഒരു പുലിക്കുട്ടി ആണ് വിവേക് .. ചെയ്യുന്ന ജോലിയില്‍ പ്രോമ്പ്റ്റ്..

ഒരു ദിവസം ജോലിക്കിടെ തന്റെ പോസ്റ്റുകള്‍ക്ക്‌ കിട്ടിയ ലൈക്കും കമന്റും നോക്കി ഇരിക്കുമ്പോള്‍ ആണ് അമ്മയുടെ  കാള്‍ ..
 മോനെ എത്രയും പെട്ടന്ന് വീട്ടില്‍ വാ..
എന്താ അമ്മെ???
നീ വേഗം വാ..
അപ്പൊ തന്നെ ലീവ് ആപ്ലിക്കേഷന്‍ മെയില്‍ ഫോര്‍വേഡ് ചെയ്തു ..
ഒടുവില്‍ അത് അനുവദിച്ചു കിട്ടി .. നേരെ വീട്ടിലേക്ക് വണ്ടി വിട്ടു
വീട്ടില്‍ എത്തിയപ്പോള്‍ ആണ് പണി അമ്മ പാല്‍പ്പായസത്തില്‍ തന്നെ തന്നു എന്ന് അവനു മനസിലായത്.. നാളെ രാവിലെ പെണ്ണ് കാണാന്‍ പോകണം...
അമ്മയുടെ നിര്‍ബന്ധത്തിനു മുന്നില്‍ ഒരു അഭ്യാസവും വില പോകില്ല ..ക്ഷമ കെടുമ്പോ അമ്മ പറയും..
വഷളന്‍ ...
അങ്ങനെ മാതൃ സമേതം പെണ്ണ് കാണല്‍.. ആദ്യം ഉണ്ടായ അനിഷ്ട്ടം പെണ്ണിനെ കണ്ടപ്പോ അനിക്സ്പ്രേ ആയി.. പൊടിപോലും ഇല്ല കണ്ടു പിടിക്കാന്‍..
ചവുട്ടിയും തെളിയും ഒടുവില്‍ വിവാഹ സുദിനം വന്നെത്തി..
ചടങ്ങുകള്‍ ഗംഭീരം..
തങ്ങളുടെ വീര സുഹൃത്തിന്റെ കല്യാണം എഫ്ബി സുഹൃത്തുകള്‍ പോസ്റ്റുകള്‍ കൊണ്ട് ആഘോഷിച്ചു...
അങ്ങനെ നേരം രാത്രി ഒന്‍പത്...

സീന്‍ ഒന്ന്.. :-

ആദ്യരാത്രിയുടെ  മധുര സ്വപ്‌നങ്ങള്‍ കണ്ടു വിവേക് മണിയറയില്‍ ..
ഒരു ഗ്ലാസ് പാലുമായി വധു ചിത്ര ഫ്രെയിമില്‍ എത്തി..
മുഖത്തു ഒരു ശ്രിംഗാര ഭാവമില്ല...
ഒരു റീ ടേക്ക് ആയാലോ? ഏയ്‌ വേണ്ടാ...
വന്ന പടി കയ്യില്‍ ഇരുന്ന ഗ്ലാസിലെ പാല്‍ അവള്‍ വാഷ് ബെയ്സനിലേക്ക് ഒഴിച്ചു...
ഏയ്‌..അവള്‍ക്കു പാല്‍ ഇഷ്ട്ടം അല്ലാരിക്കും വിവേക് മനസ്സില്‍ പറഞ്ഞു..
അവന്‍ മെല്ലെ എഴുന്നേറ്റ് തന്റെ കൈകള്‍ അവളുടെ ചുമലില്‍ വച്ചു..
തൊട്ടു പോകരുതെന്നെ..............
വച്ച കൈ അവന്‍ തിരിച്ചെടുത്തു..
ഇതെന്തോന്നിത് ? ആദ്യ രാത്രീല്‍ പെണ്ണുമ്പിള്ളയേ തൊടാന്‍ സ്വാതന്ത്ര്യം ഇല്ലേ ?
ചോദ്യ ഭാവത്തില്‍ അവന്‍ അവളെ നോക്കി..
നിനക്കോര്‍മ്മയുണ്ടോ എന്നെ?
പിന്നേ.. ഓര്‍മ്മയുണ്ട്.. എന്റെ ഭാര്യ ചിത്ര..
അതല്ല ... ചിത്രാഞ്ജലി എന്ന എഫ്ബി അക്കൌന്റ്?
എന്റെ പള്ളീ.. ലത് ലവളല്ലേ?.. കഴിഞ്ഞ ആഴ്ചേം കൂടി ചവിട്ടി ഒതുക്കിയ ഫെമിനി.. ചിത്രയ്ക്ക് അവളെ അറിയോ?
അറിയും..
ആരാ?.. ഫ്രെണ്ടാ?..
അല്ല.. അത് ഞാന്‍ തന്നയാ..
ചെറുതായിട്ട് ഒന്ന് തല കറങ്ങുന്നുണ്ടോ?... ഏയ്‌ ഇല്ല !!! തോന്നിയതാവും..
ഹഹ.. ചിത്ര അതൊന്നും മനസ്സില്‍ വക്കരുത്...അതൊക്കെ ഒരു തമാശയല്ലേ?..
ഒലക്കേടെ മൂട്.. മിണ്ടരുത് നീ..
സംസാരത്തിനോടുവില്‍ വിവീകിനു തന്റെ കണ്ട്രോള്‍ വിട്ടു..
ഠപ്പേ..!!!
കൃത്ര്യമായി കോണ്ഗ്രസ്സിന്റെ ചിഹ്നം ചിത്രയുടെ കവിളില്‍..
ഇനി എന്തും സംഭവിക്കാം...
പക്ഷെ ഒന്നും സംഭവിച്ചില്ല ..പറന്നു നിന്ന ചിത്ര കരഞ്ഞു കൊണ്ട് കട്ടിലിലേക്ക് വീണു..
എന്ത് ചെയ്യണം എന്നറിയാതെ നിന്ന വിവേക് അവസാനം ലൈറ്റ് ഓഫ്‌ ആക്കി അതെ കട്ടിലില്‍ ചിത്രയ്ക്ക് കമ്പനി കൊടുത്തു..
കിടക്കുമ്പോള്‍ വിവേക് ഒന്ന് മനസ്സില്‍ ഉറപ്പിച്ചു
ഒന്നുകില്‍ ഈ തല്ല് കൊണ്ട് ഇവള്‍ നന്നാവും.. അല്ലങ്കില്‍ നാളെ എന്റെ ദാമ്പത്യത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആകും..
രാത്രിയുടെ അന്ത്യ യാമത്തില്‍ എപ്പോളോ .. അവരുടെ പിണക്കങ്ങള്‍ അവര്‍ മറന്നു..

അതിരാവിലെ ചിത്ര ഉണര്‍ന്നു... ഉണര്‍ന്ന ഉടന്‍ അവള്‍ ലാപ്ടോപ് ഓണ്‍ ആക്കി.. കണ്ണുകള്‍ പാതി തുറന്നു അവന്‍ ശ്രദ്ധിച്ചു..ഇതെനിക്കുള്ള പണി തന്നെ എന്ന് അവന്‍ ഉറപ്പിച്ചു.. ഇപ്പൊ അവള്‍ പോസ്റ്റ്‌ ഇടും.. ആദ്യ രാത്രിയില്‍ തന്നെ പീഡിപ്പിച്ച ഭര്‍ത്താവിനെക്കുറിച്ച്.. ചിലപ്പോ എന്നെ ടാഗും ചെയ്യും.. യ്യോ...

പ്രതീക്ഷക്ക് വിപരീതമായി സംഭവിച്ചത് മറ്റൊന്ന്..
ചിത്ര ആ അക്കൗണ്ട്‌ ഡീ ആക്ടിവേറ്റ് ചെയ്തു..
ശേഷം ചിത്ര കുളിച്ചു കുറി തൊട്ടു അടുക്കളയിലേക്ക്..
അടുക്കളയില്‍ എത്തിയ മരുമകളുടെ  വെളുത്ത കവിളിലെ ചുവന്ന പാട് കണ്ട് .. അമ്മയുടെ വക കമന്റ് കേട്ട്.. ഒരു വിളറിയ ചിരി അല്ലാതെ ഒരു മറുപടിയും ചിത്രക്ക് ഉണ്ടായിരുന്നില്ല...
അവന്റെ അച്ഛന്റെ അതെ സ്വഭാവമാ അവനും.. സ്നേഹം കൂടിയാല്‍ വല്ലാണ്ട് ഉപദ്രവിക്കും..... വഷളന്‍...


Sunday, 1 December 2013

അറിഞ്ഞോ? അറിയാതയോ?

എച്ച് ഈ എസ്സിന്റെ ടൈം പീസ്‌ ഒരു മര്യാദയും ഇല്ലാതെ കെ .പി എസ് . ഈ ടെ നാടകത്തിനു മൂന്നാം ബെല്‍ അടിക്കണ പോലെ അടിയോടടി ... മാലാഖയുമായുള്ള മധുര സ്വപ്‌നങ്ങള്‍ കണ്ടുറങ്ങിയ എനിക്ക് അതൊരു എട്ടിന്റെ പണി ആയി L പാവം നാന്‍ .. കണ്ണ് തുറന്നു നോക്കി ... നേരം വെളുക്കുന്നേ ഉള്ളൂ.. പിന്നെ യേത്..... ആ ഈ അലാറം വച്ചേ ? ആവോ.. ചെലപ്പോ ഞാന്‍ തന്നെ ആവും ( വിളിച്ച തെറി പിന്‍ വലിച്ചു) ;)
പിന്നേം മൂടി പുതച്ചു കിടന്നു... കുറെ കഴിഞ്ഞപ്പോ അമ്മ വക അങ്കം L എന്നെ എഴുന്നെപ്പിക്കാന്‍... പാതി മയക്കത്തില്‍ നാന്‍ പറഞ്ഞു... അമ്മാ.. താമസിച്ചു പോയാ മതി..
അമ്മ അങ്കം വെട്ട് നിര്‍ത്തി അടുക്കളയിലേക്കു നീങ്ങി J
നാന്‍ ഫിന്നേം കൂര്‍ക്കം വലി അഫ്യാസം :D
അപ്പൊ ലോണ്ടെ മോവീലിന്റെ അഫ്യാസ പ്രകടനം അടിയോടടി L ഫിന്നേം ഫാവം നാന്‍ L
എടുത്ത വഴിക്ക് അപ്പന് വിളിക്കാന്‍ ഒരുങ്ങീതാ ;)
ബട്ട്‌ അപ്രത്ത്‌ ഗീതേച്ചി.. ന്‍റെ സര്‍വീസ് മാനജെര്‍ .. തെറി വിളിക്കാന്‍ പറ്റൂല്ലാ.. അതങ്ങനാ.. ;)
ഹലോ.. ചേച്ചിയേ.. ന്നാ?
അരുണേ രാവിലെ മുന്സിപാലിറ്റിയില്‍ കേറീട്ടെ വരാവൂ.. ട്ടാ
ഉം.. അത്രേ ഒള്ളു
അങ്ങനെ നാന്‍ എന്റെ പള്‍സര്‍ മോനേല്‍ കേറി നേരെ മാവേലിക്കര മുനിസിപ്പാലിറ്റിക്ക് വിട്ടു..
അവടെ ചെന്നപ്പാ... ഒരു മാക്രി കുഞ്ഞ് പോലും ഇല്ലാ.. നാനും നരക സഭേടെ ട്രാക്ടറും L
ഫിനിക്സ് ആന്‍ഡ്‌ മെക്സ് കോളെജിലേക്ക് പോണ പെമ്പിള്ളേരേം വായി നോക്കി ഞാനങ്ങനെ നിന്നു.. ദൂരെ നിന്നും സൈക്കിളില്‍ ഒരാള്‍ വരുന്നു .. എന്നെ പാസ് ചെയ്തു പോയ ആ സൈക്കിള്‍ അല്‍പ്പം മുന്നിലായി ബ്രേക്കിട്ടു... ഒരു യൂ ടേണ്‍ എടുത്ത് എന്റെ മുന്നില്‍ വന്നു നിന്നു....
അരുണ്‍..
ആ വിളി കേട്ട് ഞാനാ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി .. എവിടെയോ കണ്ടിട്ടുള്ളത് പോലെ...
ഒന്നുകൂടി ആലോചിച്ചു നോക്കി.. പക്ഷെ കിട്ടണില്ല ..
ഡാ ഞാന്‍.....

                                      ************************************
എന്റെ എട്ടാം ക്ലാസ് പഠനകാലം.. സ്ഥലത്തെ ഏറ്റവും വലിയ ചൂരല്‍ കഷായ ട്യൂഷന്‍ ആശുപത്രിയില്‍ തന്നെ ആയിരുന്നു സ്കൂള്‍ ശേഷമുള്ള സമാന്തര പഠനം.. നാല് മണി വരെ സ്കൂളില്‍.. കൃത്യം നാലരക്ക് ക്ലാസില്‍ എത്തിയില്ലാ എങ്കില്‍ എന്റെ പിന്നാമ്പുറം നീരുവെക്കും.. അത് കൊണ്ട് തന്നെ വന്ന പാടെ സൈക്കിളും എടുത്തു ഞാന്‍ പറക്കും.. എട്ടാം തരത്തില്‍ തന്നെ എഴുപതില്‍ അധികം കുട്ടികള്‍ അത് കൊണ്ട് തന്നെ രണ്ടു ഡിവിഷന്‍ ..അതില്‍ എ ഡിവിഷനില്‍ ആണ് ഞാന്‍ മുന്നില്‍ നിന്നും മൂന്നാം ബെഞ്ചില്‍ രണ്ടാം സ്ഥാനം ആണ് എന്റേത്.. മുന്‍ ബെഞ്ചുകളില്‍.. വലിയ സ്കൂളുകളില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍.. നമ്മ പാവം സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥി.. പക്ഷെ ഒന്നാം ബെഞ്ചില്‍ ഒന്നാമതിരിക്കുന്നത് ഞങ്ങള്‍ സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ അഭിമാനമാണ്..  മാധവന്‍ നമ്പൂതിരി.. എന്ന ഞങ്ങളുടെ പോറ്റി.... ഞങ്ങളുടെ അഭിമാനം... ഞാനുള്‍പ്പടെ എല്ലാവരും ചൂരലിന്റെ പണി കിട്ടി ... പിന്നാമ്പുറത്തുള്ള വലിയ പാടില്‍ വിരലോടിച്ചിരിക്കുമ്പോള്‍ ..അദ്ധ്യാപകരുടെ പ്രശംസ കിട്ടിയാല്‍ പോലും സങ്കടത്തോടെ ഞങ്ങളെ ഇടെക്കിടെ നോക്കും അവന്‍ .. അന്ന് വൈകിട്ട് അവന്‍ ഞങ്ങളെയും കൂട്ടി അവന്റെ വീട്ടില്‍ പോകും പിറ്റേ ദിവസത്തേക്ക് പഠിക്കാന്‍ ഉള്ളത് പറഞ്ഞു തരും.. അപ്പോഴേക്കും അവന്റെ അമ്മ ഒരു വലിയ മൊന്ത നിറയെ സംഭാരവുമായി വരും.. പഠനത്തെക്കാള്‍ ഏറെ.. അതാണ്‌ ഞങ്ങളുടെ വീക്നെസ് .. ആ സംഭാരത്തിന്റെ സ്വാദ് ഇന്ന് വരെയും എവിടെയും ലഭിച്ചിട്ടില്ല ..


ശങ്കരന്‍ നമ്പൂതിരി , അവന്റെ അച്ഛന്‍ .. തൊട്ടടുത്ത അമ്പലത്തിലെ ശാന്തി.. അവനെ ഒരു ഡോക്ടര്‍ ആക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.. അച്ഛന്റെ ആഗ്രഹ സഫലീകരണത്തിനായി  അവന്‍ നന്നായി പ്രയത്നിക്കുന്നും ഉണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം പത്താം തരത്തില്‍ ഉയര്‍ന്ന മാര്‍ക്കോട് കൂടി അവന്‍ പാസായി.. എങ്ങനെയാണെന്നറിയില്ല കൃത്യം അറുപത് ശതമാനം എനിക്കും കിട്ടി . പ്ലസ് ടൂ പഠിക്കാനായി അവിടുന്ന് പലവഴിക്ക് ഞങ്ങള്‍ പിരിഞ്ഞു..പിന്നീട് അവനെ കണ്ടിട്ടില്ല .. മെഡിക്കല്‍ എന്ട്രന്‍സ് കിട്ടി എന്ന് കൂട്ടുകാര്‍ പറഞ്ഞറിഞ്ഞു... പിന്നീടുള്ളത് ഒന്നും അറിയില്ല..

                                                *************************************

പോറ്റി.....??
അതേടാ...
എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല .. ദേഹത്തൊരു വെളുത്ത കോട്ടും കഴുത്തില്‍ ഒരു സ്തെതസ്കൊപും ആയി വരുന്ന അവനായിരുന്നു മനസ്സില്‍ എന്നും.. പക്ഷെ ഇപ്പൊ...
മുഷിഞ്ഞ വേഷവും..വെറ്റില കറ പുരണ്ട പല്ലുകളും.. അലക്ഷ്യമായി പാറുന്ന മുടിയും... നീട്ടി  വളര്‍ത്തിയ താടിയും..കറുത്തിരുണ്ട കണ്‍ തടങ്ങള്‍ക്കുള്ളില്‍ ശ്രദ്ധിച്ച് നോക്കിയാല്‍ മാത്രം കാണാന്‍ സാധിക്കും ..പഴയ പോറ്റിയില്‍ അവശേഷിക്കുന്ന ഏക അടയാളം..കുപ്പി മുറികളെ തോല്‍പ്പിക്കുന്ന വെള്ളാരം കണ്ണുകള്‍.. പക്ഷെ ആ പഴയ തിളക്കം അവയ്ക്ക് നഷ്ട്ടമായിരിക്കുന്നു ..
ഡാ...
ചിന്തകളില്‍ നിന്നും എന്നെ ഉണര്‍ത്തിയത് ആ വിളിയായിരുന്നു..
മം .. പറയടാ..
മെല്ലെ തല ചൊറിഞ്ഞു  അവന്റെ നില്‍പ്പ് കണ്ടപ്പോ എനിക്ക് മനസ്സിലായി എന്തോ സഹായം ആവശ്യപ്പെടാന്‍ ആണെന്ന്..
മം ..പറയൂ....
അത്.. അത് പിന്നെ..നിന്റെ കയ്യില്‍ കാശ് വല്ലതും ഇരിപ്പുണ്ടോ? അമ്മക്ക് മരുന്ന് വാങ്ങണം തീരെ വയ്യ ... നോക്കീട്ടു ഒരു വഴിയും തെളിയുന്നില്ല എന്തെങ്കിലും പണി എടുത്താല്‍ തന്നെ വൈകിട്ടെ പൈസ കിട്ടൂ... അപ്പോഴേക്കും കൊണ്ട് ചെല്ലാന്‍ ആണെങ്കില്‍ ..പിന്നെ അതിന്റെ ആവശ്യം വരില്ലാ ..
അപ്പോഴേക്കും അവന്റെ വാക്കുകള്‍ മുറിഞ്ഞു പോയിരുന്നു...
പിന്നീട് ഒന്നും ആലോചിക്കാന്‍ നിന്നില്ല..അവന്‍റെ സൈക്കിള്‍ ഒരു ഭാഗത്ത് ഒതുക്കി വെച്ചു അവനെയും കയറ്റി നേരെ ഉപാസന മെഡിക്കല്‍ സ്റൊറിലെക്ക്  വിട്ടു ..ഒരു ഇന്‍ഹൈലര്‍ വാങ്ങി പരമാവധി വേഗത്തില്‍ അവന്റെ ഇല്ലത്തേക്ക് വിട്ടു..  ഇല്ലത്തിന്റെ പടിക്കല്‍ എത്തിയപ്പോള്‍ അവന്‍ പറഞ്ഞു.. ഡാ കുറച്ച് കൂടി മുന്നിലേക്ക്‌ ..
ങേ?
മം ഇതൊക്കെ വിറ്റ്.. ഇപ്പൊ വാടക വീട്ടിലാ...
ഞാന്‍ പിന്നെയും മുന്‍പിലേക്ക് പോയി .. വഴിയുടെ ഇടതു സൈഡില്‍ ഒരു ചെറിയ വീട് ചൂണ്ടി അവന്‍ പറഞ്ഞു
അവിടേക്ക് ഒതുക്ക്
ഞാന്‍ വണ്ടിയൊതുക്കി.. പിന്നെ അവന്റെ പിന്നാലെ ഉമ്മറത്തേക്ക് നടന്നു.
ഗായത്രീ.... ഗായത്രീ...
അവന്‍ ഉറക്കെ വിളിച്ചു.. ഒരു പെണ്‍കുട്ടി വന്നു വാതില്‍ തുറന്നു.. ഗായത്രി... അവന്റെ അനിയത്തിക്കുട്ടി .. പൂമ്പാറ്റയെ പോലെ പാറി നടന്നവള്‍... ഒരു പേക്കോലം പോലെ മുന്നില്‍...
അകത്തേക്ക് കയറിയപ്പോള്‍ കട്ടിലില്‍.. ആ അമ്മ.. ലക്ഷ്മീ ദേവിയെപ്പോലെ ഐശ്വര്യവതിയായ ആ അമ്മ ഇപ്പൊ ശ്വാസത്തിനായി കിടന്നു പുളയുന്നു... കൃഷ്ണാ  വേണമായിരുന്നോ ഇത്?
ആ ഇന്‍ ഹൈലര്‍ കുറച്ച് ആശ്വാസം നല്‍കി ആ പാവത്തിന്..
എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നുമല്ല , ആദ്യ കാഴ്ചയില്‍ തന്നെ ആ അമ്മ എന്നെ തിരിച്ചറിഞ്ഞു..
എന്താ കുട്ടീ.... എത്ര കാലായി കണ്ടിട്ട്? ഇപ്പൊ എന്റെ കുട്ടിക്ക് തരാന്‍ ഇവിടെ സംഭാരം ഇല്ലാലോ?
എന്റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ എനിക്കായില്ല... ഓടിച്ചെന്ന് ആ അമ്മയെ നെഞ്ചോട്‌ ചേര്‍ത്ത് പൊട്ടിക്കരയാന്‍ അല്ലാതെ ഒന്നിനും എനിക്കായില്ല.. ചുമരില്‍ അവന്റെ അച്ഛന്റെ ചിത്രം.. മുന്നില്‍ ഒരു നിലവിളക്ക് അപ്പോഴും ഉണ്ടായിരുന്നു..

കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ ..
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍..
മാളിക മുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പ് കെറ്റുന്നതും ഭവാന്‍ ..

അവിടെ നിന്നിറങ്ങുമ്പോ മനസ്സില്‍ ഒന്നുറപ്പിച്ചു.. അവനെ ഒരു കരക്കെത്തിക്കണം.. പിന്നീടുള്ള ശ്രമങ്ങള്‍ അതിനു വേണ്ടി മാത്രം ആയിരുന്നു.. ശ്രമത്തിനു ഫലമുണ്ടായി... ഒരു ചെറിയ ജോലി അവനു തരപ്പെടുത്തി...

ഇന്നും ഞാന്‍ വിശ്വസിക്കുന്നു... ഞങ്ങളുടെ പഴയ പോറ്റി ആയി അവന്‍ തിരിച്ച് വരും...


Saturday, 7 September 2013

തനിയാവര്‍ത്തനം....


അവന്‍ എന്നെത്തന്നെ നോക്കുകയാണ് ..ഹാ എന്തൊരു ഓമനത്തമുള്ള മുഖം.. എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു അവന്‍ ഓടി ... ഞാന്‍ അവനൊരു കുഞ്ഞു ടാറ്റയും നല്‍കി പോകാന്‍ തുടങ്ങുമ്പോ ഒരു വലിയ ശബ്ദം ... ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ ..അല്‍പ്പം മുന്‍പേ എന്നെനോക്കി പുഞ്ചിരിച്ച ആ കുഞ്ഞ്...ഹോ ... വലിയ ആ ടയറൂകള്‍ക്കിടയില്‍... “അമ്മേ ...” ഒരു വലിയ നിലവിളിയോടെ ഞാന്‍ ഞെട്ടിയുണര്‍ന്നു .. “ഭഗവാനെ സ്വപ്നമായിരുന്നുവോ ...” വല്ലാതെ ഭയപ്പെട്ടു പോയി. ഞാന്‍ ..പെട്ടന്നെണീറ്റ് ...ആ തണുപ്പത്തും ഫ്രിഡ്ജില്‍  നിന്നും വെള്ളമെടുത്ത് മട മടാ കുടിച്ചു... വല്ലാതെ വിയര്‍ത്തിരുന്നു.. ഞാന്‍ മുറിയിലാകെ ഒന്ന് കണ്ണോടിച്ചു ..തലേ ദിവസം രാത്രി കുടിച്ചു ബാക്കി വച്ചിരിക്കുന്ന വിസ്കിയും ഗ്ലാസ്സും... പകുതിയിലേറെ തീര്‍ന്നിരിക്കുന്നു.. ആഷ് ട്രേ സിഗരറ്റ് കുറ്റികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.. മനസ്സ് ഇപ്പോളും കൈവന്നിട്ടില്ല ... കുറെ ദിവസങ്ങളായി ..ആ കുട്ടിയും സ്വപ്നവും തന്നെ പിന്തുടരാന്‍ തുടങ്ങിയിട്ട്.. കാതു  തുളയ്ക്കുന്ന ഒരു വയലിന്‍ നാദം ..എന്നെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി.. എന്റെ ഫോണ്‍ റിംഗ് ചെയ്യുന്നു .. അത് അവള്‍ക്കു അസൈന്‍ ചെയ്ത റിംഗ് ടോണ്‍ ആണ് ... മിഥിലക്ക് ... അവള്‍ക്കു ഏറ്റവും ഇഷ്ട്ടപ്പെട്ട മ്യൂസിക്‌ ...പ്രണയത്തെ അതിന്റെ പാരമ്യതയില്‍ എത്തിക്കുന്ന ആ സംഗീതം... അപ്പോള്‍ എനിക്കത് വല്ലാതെ ഇറിട്ടെട്ടിംഗ് ആയി തോന്നി... പക്ഷെ മിഥില ...അവള്‍ എന്ത് തെറ്റ് ചെയ്തു...പാവം .. ജീവനെക്കാള്‍ ഏറെ തന്നെ സ്നേഹിക്കുന്നവള്‍..

ഞാന്‍ ഫോണ്‍ എടുത്തു...
“ആഹാ പൊന്നുമോന്‍ എണീറ്റോ ... ഇന്നലെ എത്രെണ്ണം വീശി... രാത്രി ഞാന്‍ വിളിച്ചപ്പോ എന്തൊക്ക്യാ പറഞ്ഞത്? ഏതോ കുഞ്ഞിനെ കൊന്നെന്നോ ...അതിനു കാരണക്കാരന്‍ ഇയാള ആണെന്നോ ഒക്കെ പറയുന്ന കേട്ടല്ലോ? എന്താ വെള്ളമടിച്ച് വട്ടായോ? അതോ പുതിയ വല്ല ബ്ലോഗിന്റെയും പിന്നാലെയാണോ?”

എന്റെ ഉള്ളൊന്നു കാളി .... ഇതൊക്കെ എപ്പോ?
“ഉം. ഞാന്‍ പിന്നെ വിളിക്കാം” ഞാന്‍ ഫോണ്‍ കട്ട് ചെയ്തു ...
എപ്പോഴും  എന്റെ മാനസികാവസ്ഥ മനസ്സിലാക്കി മാത്രമേ അവള്‍ പെരുമാറിയിരുന്നുള്ളൂ.. അവളില്‍ നിന്നും ഒരു പ്രോബ്ലം ഇത് വരെ എനിക്കുണ്ടായിട്ടില്ല ... എന്നിലെ എഴുത്തുകാരനെ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും അവളാണ്...

വേഗം തന്നെ കുളിച്ചൊരുങ്ങി ഞാന്‍ ഓഫീസിലേക്ക് പുറപ്പെട്ടു ... പോകുന്ന വഴിയെല്ലാം എന്റെ ചിന്ത ആ കൊച്ചു കുട്ടിയെപറ്റിയായിരുന്നു.. അവന്‍ എന്റെയൊപ്പം കൂടിയിട്ട് മൂന്നു ദിവസമായി.. കണ്ണടച്ചാലും ..തുറന്നാലും ആ കുഞ്ഞു മുഖം മാത്രം.. മനസ്സറിയാതെയാണെങ്കിലും അവന്റെ മരണത്തിനു ഞാനും ഒരു കാരണക്കാരനായി... ഓര്‍ക്കുമ്പോള്‍ മനസ്സുനീറൂകയാണ് ...കുറ്റബോധം കൊണ്ട്... പ്രേം എന്റെ ഉറ്റ സുഹൃത്ത്.. ഒരു സഹായത്തിനായി അവനും ഭാര്യയും കൈ നീട്ടിയപ്പോള്‍ കണ്ടില്ലന്നു നടിക്കാന്‍ ആയില്ല ...അതാണ്‌ ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്.. പക്ഷെ ഒരിക്കലും അനുവദിക്കാന്‍ പാടില്ലായിരുന്നു...ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ...ഇങ്ങനെ ഒരു കൊടും പാതകം ആണ് അതെന്നു.. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് പ്രേമും പ്രിയയും വിവാഹിതരായത്.. രണ്ടു മതത്തില്‍ പെട്ടവര്‍.. വീട്ടുകാര്‍ എതിര്‍ത്തിട്ടും ഒന്നായവര്‍.. എട്ടു മാസങ്ങള്‍ക്ക് ശേഷം പ്രിയ പ്രേഗ്നന്റ്റ്‌  ആണെന്നും ഉടനെ ഒരു  കുഞ്ഞുണ്ടാവാന്‍ പാടില്ലന്നും ...ഒരു ഹോസ്പിറ്റലില്‍ വച്ച് അബോര്റ്റ്‌ ചെയ്യുന്നതിന് പല പ്രശ്നങ്ങളും ഉണ്ടെന്നും പറഞ്ഞപ്പോള്‍ ...എന്റെ വീട്ടില്‍ വച്ച് ..ആ കര്‍മ്മം നടത്താന്‍ അനുവാദം കൊടുത്തത് ..ഏതു നശിച്ച നേരത്താനെന്നോര്‍ത്തു  കരഞ്ഞിട്ടു ഇനി കാര്യമില്ല ... അബോര്‍ഷന് ശേഷം പ്രേമിന്റെ കയ്യിലിരുന്ന ആ കുഞ്ഞിനെക്കാണ്ട് ഞാന്‍ ഞെട്ടിപ്പോയി.. രണ്ടോ മൂന്നോ മാസം എന്ന് ഞാന്‍ കരുതിയ ആ കുഞ്ഞിനു രണ്ടല്ല ആറു മാസത്തിലേറെ പ്രായമുണ്ടായിരുന്നു.. നല്ല പ്രസന്നമായ മുഖമുള്ള ഒരു ആണ്‍കുഞ്ഞ് .... ആ കാഴ്ച കണ്ടു സപ്തനാടികളും തകര്‍ന്നിരുന്നുപോയി ... ഒന്നും ഉരിയാടാന്‍ പോലുമാവാതെ ഇരുന്നു പോയി ഞാന്‍.. എന്തിനാണ് അവന്‍ എന്റെ പ്രിയ സുഹൃത്ത്...എന്നെ ഇതിനു കരുവാക്കിയതെന്നു എനിക്കിപ്പോഴും മനസ്സിലാവുന്നില്ല ...തീരെ മെലിഞ്ഞ ശരീരപ്രകൃതിയുള്ള പ്രിയയെ കണ്ടിട്ടും ഇത്ര വളര്‍ച്ചയുള്ള ഒരു കുഞ്ഞ് അവളുടെ ഉദരത്തില്‍ വളരുന്നുണ്ടെന്നു തോന്നിയില്ല ... ആ കുഞ്ഞിന്റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല...അന്ന് മുതല്‍ അവന്‍ എന്റെ പിന്നാലെയുണ്ടെന്നു ഒരു തോന്നല്‍..

ഓഫീസില്‍ എത്തിയിട്ടും എനിക്കൊന്നിലും ശ്രദ്ധിക്കാനായില്ല .. അവര്‍ രണ്ടു പേരും ഇന്നും ജോലിക്ക് വന്നിട്ടില്ല ..

പിന്നീട് മനസ്സില്‍ പകയായിരുന്നു രണ്ടു പേരോടും...ഒരു കുഞ്ഞില്ലാതെ കരയുന്ന എത്രയോ പാവങ്ങള്‍ ഉള്ള നാടാണിത്.. അവിടെ ഉണ്ടായ ഒരു കുഞ്ഞിനെ നിഷ്ക്കരുണം...ഹോ ..ഓര്‍ക്കാന്‍ തന്നെ കഴിയുന്നില്ല ... മിഥിലയുമോന്നിച്ചു സന്തോഷമായി ജീവിക്കാന്‍ താന്‍ ഉണ്ടാക്കിയ ആ കൊച്ചു വീട്ടില്‍ വച്ച്.... ഒരു കൊലപാതകം.... അതും ഒരു കുഞ്ഞിനെ... ഭൂമിയിലേക്ക്‌ പിറക്കും മുന്നേ ഇല്ലാതക്കിയല്ലോ...അതിനു ഞാനും ഒരു കാരണമായല്ലോ.... മനസാകെ തകര്‍ന്നു പോയി ...

എന്റെ ഫോണ്‍ പിന്നെയും ശബ്ദിച്ചു.. നോക്കുമ്പോള്‍ അത് പ്രേം ആയിരുന്നു.. ദേഷ്യം കൊണ്ട് എനിക്കെന്നെ തന്നെ നിയന്ത്രിക്കാനായില്ല ...അവനെങ്ങനെ തോന്നി എന്നെ വിളിക്കാന്‍ ... ഫോണെടുത്തു ഞാന്‍ വലിച്ചെറിഞ്ഞു..... കുറെ നേരം കഴിഞ്ഞു ..അറ്റെണ്ടര്‍  വന്നു ഒരു കാര്യം പറഞ്ഞു..
“സര്‍, പ്രേം സര്‍ വിളിച്ചിരുന്നു ...പ്രിയ മാഡത്തിന് സുഖമില്ല...ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആണ്.. സാറിനെ ഒന്നറിയിക്കാന്‍ പറഞ്ഞു...

മനസ്സനുവദിച്ചില്ലങ്കിലും ഒന്നവിടം വരെ പോകാമെന്ന് വച്ചു .. ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ എന്നെ എതിരേറ്റത് പ്രിയയുടെ ചേതനയറ്റ ശരീരമാണ്.. ഒരിക്കലും പൊറുക്കാനാവാത്ത തെറ്റ് ചെയ്ത അവര്‍ക്ക് ദൈവം കൊടുത്ത ശിക്ഷ ... അതില്‍ ചെറിയ ഒരു ശിക്ഷക്കും യൊഗ്യരല്ലായിരുന്നു  അവര്‍..തികച്ചും അശാസ്ത്രീയമായി ചെയ്ത ആ അബോര്‍ഷന്‍ ഒരു വലിയ അനുബാധക്ക് കാരണമായി , അത് അവളുടെ മരണത്തിനു കാരണമായി  ...

പ്രേമിന്റെ വാവിട്ട നിലവിളി എന്റെ ചെവിയില്‍ എത്തിയില്ല ... ആകെ ഭ്രാന്ത് പിടിച്ച ഒരവസ്ഥ .. പിന്നെ ഞാന്‍ ചെയ്തതൊന്നും എനിക്കൊര്‍മയില്ല ..എന്തൊക്കയോ കാട്ടിക്കൂട്ടി.. കണ്ണില്‍കണ്ടതെല്ലാം തച്ചുടച്ചു ...
                                          ***********************************************
ഇപ്പോള്‍ എല്ലാവരും പറയുന്നു എനിക്ക് ഭ്രാന്താണെന്ന് ... ഈ സെല്ലിനുള്ളില്‍ എന്നെ പൂട്ടിയിട്ടിരിക്കുന്നു...

ഒരു പ്രാര്‍ത്ഥനയെ ഉള്ളൂ മനസ്സില്‍...എന്റെ മിഥില ...അവളെങ്കിലും എന്നെ തിരിച്ചറിഞ്ഞെങ്കില്‍...
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
(ജനിച്ചു വീഴും മുന്നേ തന്നെ ഒരുപാട് കുരുന്നുകളുടെ ജീവന്‍ നഷ്ട്ടപ്പെടുന്നു/പെടുത്തുന്നു ...മറുവശത്തു ഒരു കുഞ്ഞിനായി ജപവും പ്രാര്‍ഥനയുമായി മറ്റൊരു കൂട്ടര്‍... വിധിയുടെ വിരോധാഭാസം ...വീണ്ടും ആവര്‍ത്തിക്കുന്നു... )

Thursday, 29 August 2013

പ്രണയം.....


വിരസമായ ഒരു രാത്രിയുടെ ഒടുവില്‍ ഉറങ്ങും എന്ന പ്രതീക്ഷയില്‍ കണ്ണുകള്‍ അടച്ച് ഞാന്‍ കിടന്നു. നിദ്രാദേവി കണ്ണുകളെ താഴുകിത്തുടങ്ങിയപ്പോള്‍ ഞാന്‍ പതിയെ ഉറക്കത്തിലേക്ക് വഴുതി .. നിദ്രക്ക്‌ ഭംഗം വരുത്തിക്കൊണ്ട് തലക്കീഴില്‍ മൊബൈല്‍ രണ്ട് തവണ വിറ കൊണ്ടു . ആരാണീ പാതിരാത്രിയില്‍ മെസ്സേജ് അയക്കാന്‍ ? ചോദ്യ ഭാവത്തില്‍ അടഞ്ഞു പോകുന്ന കണ്ണുകള്‍ ബലമായി തുറന്ന് ഞാന്‍ ഫോണ്‍ എടുത്തു നോക്കി സമയം രാത്രി ഒരു മണി .. മെല്ലെ മെസ്സേജ് തുറന്നു ..

“It’s me your butterfly call me now if u love me”

“ഇന്ദു !!!!”

അറിയാതെ നാവ് മന്ത്രിച്ചു ആ പേര് . ഇവള്‍ എന്താണ് ഈ പാതിരാത്രിയില്‍? അറിയാതെ മനസ്സ് വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ പോയി .....

പത്താം തരത്തില്‍ പഠിക്കുമ്പോള്‍ ആണ് ഞാന്‍ ഇന്ദുവിനെ ആദ്യമായി കാണുന്നത്. നഗരത്തിലെ ഗേള്‍സ്‌ സ്കൂളില്‍ ആണ് അവളുടെ പഠനം , ട്യൂഷനായി അവള്‍ വരുന്നത് ഞാന്‍ പഠിക്കുന്ന അതെ പാര്‍ലല്‍ കോളേജില്‍. വന്ന അന്ന് മുതല്‍ ക്ലാസിലെ പുരുഷ വൃന്തത്തിന്റെ ഏക ഫോക്കസ് പോയിന്റ് ആയി അവള്‍ അതിനു കാരണവും ഉണ്ട് . ആയിരം നിലവിളക്കുകള്‍ ഒന്നിച്ചു പ്രകാശിക്കുന്ന ഐശ്വര്യമാണ് ആ മുഖത്ത് , വിടര്‍ന്ന കണ്ണുകള്‍ കുപ്പി മുറി പോലെ തിളങ്ങും , ഇടതൂര്‍ന്ന ചുരുണ്ട കാര്‍കൂന്തല്‍ നിതംഭങ്ങളെ മറക്കും, ഞൊറിയിട്ട പട്ടു പാവാടയും ബ്ലൌസും അണിഞ്ഞ് അവള്‍ ക്ലാസിലേക്ക് വരുമ്പോള്‍ ഒരു പൂമ്പാറ്റ പറന്നു വരുന്നതുപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത് .. ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ അവളിലെക്കാവും.. മേശമേല്‍ ചൂരലിന്റെ പ്രഹര ശബ്ദം കേട്ടാവും എല്ലാവരും സ്വപ്നലോകത്ത് നിന്നിറങ്ങുക.

ക്ലാസ്സില്‍ പൊതുവേ നിശബ്ദന്‍ ആണ് ഞാന്‍ പഠിക്കാന്‍ അല്‍പ്പം പിറകിലും, അതുകൊണ്ട് തന്നെ അവസാന ബെഞ്ചാണ് എനിക്ക് വിധിക്കപ്പെട്ടതും, നാല് വരിക്കവിത പഠിച്ചു പാരായണം ചെയ്യാത്തതില്‍ പ്രധിഷേധിച്ച് മലയാളം വാദ്യാര്‍ എന്റെ കയ്യുടെ അളവ് ചൂരല്‍ കൊണ്ടെടുക്കുമ്പോള്‍  അവള്‍ അത്ഭുതത്തോടെ എന്റെ കണ്ണുകളിലേക്ക് നോക്കും, വേദന കൊണ്ട് പുളയുംപോളും കൈ വലിക്കാതെ നിന്നു തല്ല് വാങ്ങും. അവസാനം കൈ കഴച്ച് വാദ്യാര്‍ തന്നെ തല്ല് നിര്‍ത്തും, പിന്നെ എന്റെ സ്ഥാനം ക്ലാസിലെ ഏറ്റവും പിന്നിലെ ബെഞ്ചിന് മുകളില്‍.. അതെനിക്ക് സന്തോഷം നല്‍കുന്ന ഒന്നായിരുന്നു, കാരണം അടുത്തതായി കവിത പാടുന്നത് അവളാണ്, ക്ലാസില്‍ കുട്ടികള്‍ക്ക് അഭിമുഖമായി നിന്ന് നല്ല ഈണത്തില്‍ അവളത് ചൊല്ലും, ഒരു രാജാവിനെപ്പോലെ ഏറ്റവും പിന്നില്‍ ഉയര്‍ന്ന് നിന്ന് ഞാനത് ആസ്വദിക്കും , ഒരുപക്ഷെ ഈ ഒരു കാരണത്താല്‍ അറിയാമെങ്കില്‍ പോലും ഞാന്‍ അത് ചൊല്ലില്ല

ഒരു ശനിയാഴ്ച ക്ലാസുകളുടെ ഇടവേളകളില്‍ ഒന്നില്‍ ആരോടും കൂടാതെ ഏകനായി ക്ലാസിന്റെ ഒരു കോണില്‍ എന്റെ ചിന്താമണ്ഡലത്തില്‍ സ്വപ്‌നങ്ങള്‍ നെയ്തു ഞാനിരിക്കവേ എന്റെ തോളില്‍ ആരോ തട്ടി, സ്വപ്നലോകത്തുനിന്നും വഴുതി വീണ ഞാന്‍ തട്ടിയ ആളിനെ തുറിച്ചു നോക്കി ..
“ങേ?” എനിക്ക് വിശ്വാസം വന്നില്ല കണ്ണുകള്‍ തിരുമ്മി ഞാന്‍ ഒന്നുകൂടി നോക്കി, അതെ സത്യമാണ് ഇന്ദു തന്നെ, എന്ത് പറയണം എന്നറിയാതെ ഞാന്‍ അവളെ തന്നെ നോക്കിയിരുന്നു.
“ഹലോ മാഷേ എന്താ സ്വപ്നം കണ്ടിരിക്കാ ? “
മറുപടിയായി അലസമായ ഒരു ചിരി മാത്രം ഞാന്‍ നല്‍കി
“അതെ ഈ ക്ലാസിലെ മുഴുവന്‍ കുട്ട്യോളും പദ്യം പഠിച്ച് പാടണുണ്ടല്ലോ? മാഷ്‌ മാത്രം എന്താ പാടാതെ തല്ല് വാങ്ങുന്നത് ?”
“അത്.... അത് പിന്നെ ...”
“അത് പിന്നെ?”
“ഞാന്‍ പാടിയാല്‍ പിന്നെ എനിക്ക് പിന്നില്‍ നിന്നു ഈ പൂമ്പാറ്റ പാടുന്നത് കേള്‍ക്കാന്‍ പറ്റില്ലല്ലോ അതുകൊണ്ടാ”
അത്ഭുതത്തോടെ അവള്‍ എന്റെ കണ്ണുകളിലേക്ക് നോക്കി .. കുപ്പിവളകള്‍ ചിതറുംപോലെ പൊട്ടിച്ചിരിച്ച് കൊണ്ട് അവള്‍ ഓടിപ്പോയി
പറഞ്ഞത് അബദ്ധായോ ? ഏയ്‌
അപ്പോഴേക്ക് അടുത്ത പീരീഡിനുള്ള മണി മുഴങ്ങി, വിരസമായ ഹിന്ദി പഠനത്തിനൊടുവില്‍ അന്നത്തെ പഠനം അവസാനിച്ചു , വീട്ടിലേക്കു പോകാന്‍ ഒരുങ്ങവേ അവള്‍ വീണ്ടും അടുത്തേക്ക്‌ വന്നു.
“ നോട്ടെഴുതാന്‍ ബുക്ക്‌ വെണന്ന്‍ പറഞ്ഞില്ലേ ? ഇന്നാ. തിങ്കളാഴ്ച കൊണ്ടുവരാന്‍ മറക്കല്ലേ”
“നോട്ടോ ?”
ചോദ്യ ഭാവത്തില്‍ നിന്ന എന്റെ കൈകളിലേക്ക് ബുക്ക്‌ നല്‍കി കൂട്ടുകാരികളോടൊപ്പം അവള്‍ നടന്നകന്നു, കണ്ണില്‍ നിന്നും മറയും വരെ ഞാനവളെ നോക്കി നിന്നു കണ്ണിമ ചിമ്മാതെ..
വീട്ടിലെത്തിയ ഞാന്‍ ആ ബുക്ക്‌ തുറന്നു നോക്കി അവളെപ്പോലെ മനോഹരമായ കൈപ്പട , കുറേനേരം അതിലേക്കു നോക്കിയിരുന്നു.. പതിയെ താളുകള്‍ മറിച്ചു. അവസാന പേജില്‍ മധ്യത്തിലായി ഒരു കുറിപ്പ് ..
“അതെ മാഷേ തിങ്കളാഴ്ച മര്യാദക്ക് പദ്യം ചൊല്ലിയില്ലങ്കില്‍ ഞാനിനി കൂട്ട് കൂടില്ല”
എന്ന്
മാഷിന്‍റെ പൂമ്പാറ്റ
“എന്റെ പൂമ്പാറ്റയോ?” എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ മുറിയില്‍ നിന്നു വട്ടം കറങ്ങി. പരിസര ബോധം വീണ ഞാന്‍ മലയാള പുത്തകം തുറന്ന് പഠിക്കാന്‍ ആരംഭിച്ചു.
“ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദ്ദുരം.... ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദ്ദുരം... ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദ്ദുരം... ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദ്ദുരം....”

വന്ന പാടേ പുസ്തകം തുറന്നിരുന്നു പഠിക്കുന്ന എന്നെക്കണ്ട് അമ്മ ശരിക്കും ഞെട്ടി!!
അടുത്ത ദിവസം ജീവിതത്തിലാദ്യമായി ഒരക്ഷരം പോലും തെറ്റാതെ പദ്യം മുഴുവനും ഞാന്‍ ഈണത്തില്‍ ചൊല്ലി. തലേ ദിവസം അമ്മയില്‍ ഉണ്ടായ ഞെട്ടല്‍ അധ്യാപകനിലെക്കും അവിടെ നിന്നും സഹാപാടികളിലെക്കും വ്യാപിച്ചു .
ചൊല്ലിത്തീര്‍ത്ത് ഇരിപ്പിടത്തിലേക്ക് പോകുമ്പോള്‍ മനസ്സില്‍ വല്ലാത്ത അഭിമാനം തോന്നി.. ഒപ്പം ആ മുഖത്ത് നിന്നും കിട്ടിയ പുഞ്ചിരി എന്റെ ആത്മ വിശ്വാസം ഇരട്ടിയാക്കി

അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍ എനിക്കുള്ളവയായിരുന്നു ആഴ്ചകള്‍ക്കുള്ളില്‍ എന്റെ ഇരിപ്പിടം ഒന്നാം ബെഞ്ചില്‍ ഒന്നാം സ്ഥാനത്തായി.. ഞങ്ങളുടെ ബന്ധവും ദൃഡമായി. ഓണപ്പരീക്ഷയില്‍ ഇന്ദുവിനൊപ്പം ഒന്നാം സ്ഥാനം ഞാന്‍ തന്നെ പങ്കിട്ടു. എന്നും വൈകിട്ട് ക്ഷേത്ര കുളക്കടവില്‍ ഞങ്ങളുടെ സംഗമം അധികം ആരുമറിയാതെ നടന്നു. ഞങ്ങളുടെ ചര്‍ച്ചകളില്‍ പഠനം മാത്രമായിരുന്നു വിഷയം, അതുകൊണ്ട് തന്നെ മറ്റാര്‍ക്കും അതില്‍ വലിയ പരിഭവവും തോന്നിയില്ല. മനസ്സുകള്‍ നോട്ട് ബുക്കിലെ അവസാന താളുകളിലൂടെ ഞങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു..

കൌമാരം യവ്വനത്തിനു വഴിമാറി . പഠന ശേഷം സ്റ്റൈഫന്റോടെ ഞാനൊരു ചെറിയ ജോലിയില്‍ പ്രവേശിച്ചു . ആ സമയത്താണ് ഇടിത്തീ പോലെ ആ വാര്‍ത്ത ഞാന്‍ കേള്‍ക്കുന്നത് . ഇന്ദുവിന്റെ വിവാഹം നിശ്ചയിച്ചു !!!! സര്‍വ്വ ശക്തിയും സംഭരിച്ചു ഇന്ദു എനിക്ക് വേണ്ടി അവളുടെ വീട്ടില്‍ സത്യാഗ്രഹവും ആത്മഹത്യാ ഭീഷണിയും ആരംഭിച്ചു ..

അന്ന് വൈകിട്ടും അവളെക്കാത്ത് കുളക്കടവില്‍ ഞാന്‍ നിന്നു.. പക്ഷെ വന്നത് അവളുടെ അമ്മയായിരുന്നു.. കവിളത്ത് ഒരടിയാണ് പ്രതീക്ഷിച്ചത് .. ഇല്ലത്തെ കുട്ടിയെ ആഗ്രഹിച്ചതിന് അധകൃതനായ എനിക്കുള്ള ശിക്ഷ .. പക്ഷെ കണ്ണുനീരില്‍ കലങ്ങിയ കണ്ണുകളും കൂപ്പിയ കൈകളുമായി ആ അമ്മ മകളുടെ ഭാവിക്കായി കേഴുകയായിരുന്നു സമ്പത്ത് ജീര്‍ണ്ണിച്ച ആ ഇല്ലത്ത് ഇനി ജീര്‍ണ്ണിക്കാനായി അഭിമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ .. അത് നഷ്ട്ടമായാല്‍ ഒരു കൂട്ട ആത്മഹത്യയല്ലാതെ വേറെ മാര്‍ഗ്ഗമില്ല എന്നവര്‍ കേണപേക്ഷിച്ചു ..

അന്ന് അവസാനമായി ഞാന്‍ ഇന്ദുവിനെ കണ്ടു .. വിവാഹത്തിനു സമ്മതിക്കാന്‍ ഞാനവളെ നിര്‍ബന്ധിച്ചു .. ഒരു ജീവച്ഛവം കണക്കെ അവള്‍ സമ്മതം നല്‍കി . അങ്ങനെ ലോകത്തിലെ തൊണ്ണൂറ്റി ഒന്‍പത് ശതമാനം പ്രണയങ്ങളെപോലെ ഞങ്ങളുടെ പ്രണയവും അവിടെ അവസാനിച്ചു.... പ്രണയം മറക്കാന്‍ ഞാന്‍ പ്രവാസം സ്വീകരിച്ചു..

പിന്നെയും മൊബൈല്‍ വിറ കൊണ്ടപ്പോള്‍ ചിന്തകളില്‍ നിന്നും ഞാനുണര്‍ന്നു അന്നവള്‍ വന്ന് തട്ടി ഉണര്‍ത്തിയത് പോലെ .. രണ്ടും കല്‍പ്പിച്ചു മെസ്സേജ് വന്ന നമ്പരിലേക്ക് ഞാന്‍ തിരിച്ചു വിളിച്ചു ..ഒരു നിമിഷം കൊണ്ട് ഒരായിരം കാര്യങ്ങള്‍ അവള്‍ പറഞ്ഞു... വര്‍ഷങ്ങള്‍ക്കു ശേഷവും അവളിലെ പ്രണയത്തിന് നെല്ലിട വ്യത്യാസം വന്നിട്ടില്ല .. പക്ഷെ അവള്‍ ഇന്നൊരു ഭാര്യയാണ് ..ഒരമ്മയാണ് എന്നൊക്കെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു .. അവള്‍ ഒരു ആത്മഹത്യയുടെ വക്കിലാണെന്ന് എനിക്ക് തോന്നി .. അടുത്ത ദിവസം തന്നെ ഞാന്‍ നാട്ടിലേക്ക് പോയി .. അവിടെ ആ കുളക്കടവില്‍ എന്റെ കൈകള്‍ ചേര്‍ത്തു പിടിച്ച് എന്റെ മടിയിലെക്കവല്‍ ചാഞ്ഞു ..

എനിക്കവളോടുള്ള പ്രണയത്തെ പറ്റി ഞാന്‍
പറഞ്ഞു കൊണ്ടേയിരുന്നു.

ഇടയ്ക്കെപ്പോഴോ അവള് ഉറങ്ങിപ്പോയിയെന്ന്
പിന്നീടാണെനിക്ക് മനസ്സിലായത്.

അപ്പോഴും അവളുടെ കൈവിരലുകള്
എന്റെ വിരലുകളെ മുറുകെ പിടിച്ചിരിന്നു,

ഒരിക്കലും ഒറ്റയ്ക്കാക്കി പോകരുതെയെന്ന്
പറയുന്ന പോലെ.

പ്രണയവും ജീവിതവും രണ്ടാണെന്ന് എനിക്ക്
മനസ്സിലാക്കുവാന് ആ
സമയം ധാരാളമായിരിന്നു.

എങ്കിലും എനിക്കിഷ്ടം ജീവിതത്തിലെ ആ
പ്രണയം തന്നെയായിരിന്നു;

ഉറങ്ങി കിടക്കുന്ന
അവളിലെ പുഞ്ചിരി പോലെ, കാറ്റില്‍
ഇടകിയാടുന്ന ആ കാര്‍കൂന്തല്‍ പോലെ....

ഞാനപ്പോഴും എന്റെ പ്രണയത്തെ പറ്റി സംസാരിച്ചു
കൊണ്ടേയിരിക്കുകയായിരിന്നു,
ഒരു
ഭ്രാന്തനെ പോലെ...

അവളെ അവളുടെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുപോകാം എന്ന പ്രതീക്ഷയോടെ .....



മയില്‍‌പ്പീലി......