Tuesday 30 July 2013

കൊച്ചി ടൂ എര്‍ബില്‍


ഇന്ന് വീട്ടില്‍ ആകെ ഒരു ഉത്സവത്തിന്‍റെ പ്രതീതി ആണ് , അച്ഛന്റെ ബന്ധുക്കളും അമ്മയുടെ ബന്ധുക്കളും അവരുടെ കുട്ടികളും ഒക്കെ കൂടി ആകെ തകര്‍പ്പ് .. അമ്മയുടെ ഭാഗത്ത് നിന്നു കര്‍ശന നിര്‍ദ്ദേശം ഉണ്ട് എന്തൊക്കെ പ്രകോപനം ഉണ്ടായാലും നീ ഇന്ന് ഒരു തുള്ളി കള്ള് തൊട്ടു പോകരുത് .. വീടിന്റെ പല ഭാഗങ്ങളിലായി ഓരോ സെറ്റ് (പ്രായത്തിനനുസരിച്ച് ) കമ്പനി കൂടുന്നുണ്ട് ..സബരിമല മുര്വാ ഇതൊക്കെ സഹിക്കാന്‍ ഉള്ള ശക്തി നല്‍കണേ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചുകൊണ്ട് ഞാനങ്ങനെ എല്ലാവരോടും സുഖാന്വേഷണം നടത്തി .. ഇതിനിടെ പല ഭാഗത്ത് നിന്നും അണ്‍സഹിക്കബിള്‍ പ്രകോപനങ്ങള്‍ ഉണ്ടാവുന്നുണ്ടായിരുന്നു .. അങ്ങനെ ഒരു തരത്തില്‍ മണി എട്ടായി .. ങാ കാര്യം പറഞ്ഞില്ലല്ലോ .. ഈ പറഞ്ഞത് എന്റെ വീട്ടില്‍ നടക്കാന്‍ പോന്ന കല്യാണത്തിന്റെ സെറ്റപ്പ് ഒന്നുമല്ല ..ഇന്ന് രാത്രി ഫ്ലൈറ്റിന് ഞാന്‍ പറക്കാന്‍ പോണൂ വേറെ എങ്ങോട്ടും അല്ല കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന അതെ സ്ഥലം ഇറാക്ക് .. ബന്ധുക്കള്‍ എല്ലാവരും ഓടിയെത്തിയതിന്റെ രഹസ്യവും അതാവാം ..കൂട്ടുകാര്‍ എല്ലാം കള്ളുകുടിക്കാന്‍ നിര്‍ബന്ധിച്ചതിന്റെ രഹസ്യവും ഇപ്പോള്‍ നിങ്ങള്ക്ക് മനസ്സിലായിക്കാണും .. ഒരുമാതിരി തൂക്കി കൊല്ലാന്‍ പോന്നവനോട് ... ചെയ്യും പോലെ ..ഹും .. പോകുന്നതിനു മുന്നേ മൂത്ത മാമന്റെ വക ഒരു ചോദ്യവും “എന്നാലും മോനെ അവിടേക്ക് തന്നെ പോണോ നിനക്ക് ?” അതിനു നൈസ് ആയി ഞാന്‍ രു മറുപടിയും പറഞ്ഞു “എന്റെ മാമാ ഇവിടെ ആണേല്‍ നമ്മുടെ സര്‍ക്കാര്‍ നമ്മളെ ഇഞ്ചിഞ്ചായി കൊല്ലും അവിടെ ആണേല്‍ ഒറ്റ വെടിക്ക് കൊല്ലും ... രണ്ടായാലും അതുറപ്പാ അപ്പൊ പിന്നെ എളുപ്പ വഴി നോക്കുന്നതല്ലേ നല്ലത് ?” അതോടെ മാമന്റെ ഉത്തരം മുട്ടി . ഞാനാരാ മോന്‍
എട്ടര ആയപ്പോളെക്കും സമര്‍ പോകാനുള്ള രഥവുമായി എത്തി .. പിന്നെ സാധാരണ കാണാറുള്ള സെന്റി ഷോട്ട് ഒരു അഞ്ചാറെണ്ണം .. അമ്മയും അച്ഛനും കരച്ചിലിന്റെ വക്കത്താണ് ആദ്യമായാണ്‌ ഞാന്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത് രണ്ടോ മൂന്നോ ദിവസത്തില്‍ കൂടുതല്‍ ഇത് വരെ അവരെ വിട്ടു ഞാന്‍ നിന്നിട്ടില്ല .. എങ്കിലും അവരുടെ കണ്ണ് നിറഞ്ഞാല്‍ എല്ലാം കളഞ്ഞ് ഞാന്‍ പോകുന്നില്ല എന്ന് പറയും എന്നവര്‍ക്ക് നന്നായി അറിയാം .. അതുകൊണ്ട് വിഷമം പുറത്തു കാട്ടാതെ രണ്ടാളും എന്നോടൊപ്പം വണ്ടിയില്‍ കയറി .. സാരഥി രഥം തെളിച്ചു അത് ഞങ്ങളെയുംകൊണ്ട് നേരെ കൊച്ചിക്ക്‌ വിട്ടു .. അങ്ങനെ കൊച്ചിയില്‍ എത്തി
ഞാന്‍ കെട്ടും ഭാണ്ഡവും എല്ലാം ഒരു ഉന്തുവണ്ടിയില്‍ വച്ച് അകത്തേക്ക് കയറി .. ചേട്ടന്റെ വക ഒരു ഗംഭീര്‍ ക്ലാസും കിട്ടി അകത്തു കയറിയാല്‍ എന്തൊക്കെ ചെയ്യണം എങ്ങനൊക്കെ ചെയ്യണം എന്നൊക്കെ. അകത്തേക്ക് കയറിയ ഞാന്‍ സ്വപ്നലോകത്ത് ചെന്ന ബാല ഭാസ്കരന്‍ ആയി .. എങ്ങോട്ടോ ഒക്കെ നടന്നു .. ഒടുക്കം ബ്രേക്ക് ഇട്ട പോലെ നിന്നു ..ദാ നില്‍ക്കുന്നു ഒരു സുന്നരി കൊച്ച് ..ശോ അതെന്നെ നോക്കി ഒന്ന് സ്മൈലി .. എന്നെത്തന്നെ ആണോ ഞാനൊന്ന് തിരിഞ്ഞു നോക്കി .. ഏയ്‌ ആരൂല്ല അപ്പൊ എന്നെ തന്നെയാ ..ഞാനും ഒന്ന് സ്മൈലി .. അപ്പൊ ദാ ആ കൊച്ച് ഒരു ലോഡ് പേപ്പര്‍ കൊണ്ട് കയ്യില്‍ തന്നിട്ട് ഇതെല്ലാം പൂരിപ്പിച്ചു ആ കൌണ്ടറില്‍ കൊടുക്കാന്‍ പറഞ്ഞു .. ഈശ്വരാ ഞാന്‍ ഇനി പി എസ് സി പരീക്ഷക്ക്‌ വല്ലോം ആണോ വന്നത് എന്നൊരു സംശയം എല്ലാം ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ .. ആ കൊച്ചിന്റെ ശ്രദ്ധ എന്റെ അടുത്തു നിന്നും മാറാതിരിക്കാന്‍ കൃത്യമായി ഞാന്‍ സംശയങ്ങള്‍ ചോദിച്ചു കൊണ്ടേ ഇരുന്നു .. ആ കുട്ടി അതിനു ക്രത്യമായി ഉത്തരവും തന്നുകൊണ്ടിരുന്നു ഒപ്പം ഒരു കള്ള ചിരിയും (കൊക്കെത്ര കുളം കണ്ടതാ എന്നായിരിക്കും അപ്പൊ അവളുടെ മനസ്സില്‍ ) എന്നാലും ഭൂമീന്ന് പോങ്ങുന്നതിനു തൊട്ടു മുന്‍പ് കിട്ടിയ അവസരം മുതലാക്കി ഞാന്‍ പേപ്പര്‍ കൌണ്ടറില്‍ കൊടുത്തു.. ബാഗേജ് എല്ലാം സ്കാനിംഗ് കഴിഞ്ഞു നോക്കിയപ്പോ ഒരു സംശയം ആ കാണുന്നത് എമിഗ്രേഷന്‍ കൌണ്ടര്‍ ആണോ അതോ കേരളാ ബീവറെജസിന്റെ നെടുമ്പാശ്ശേരി ഔട്ട്‌ലെറ്റ്‌ ആണോ ? അത്ര വല്ല്യ ഒരു ക്യൂ .. ഞാനും ആ ക്യൂവില്‍ കയറി നിന്നു ..സമയം കടന്നു പോയപ്പോള്‍ എന്റെ മുന്‍പിലെ ക്യൂവിന് നീളം കുറയുകയും പിന്നിലെ ക്യൂവിന് നീളം കൂടുകയും ചെയ്തു ..കൌണ്ടറില്‍ എത്തിയപ്പോ ദാ അവിടെ പിന്നേം ഒരു മാലാഖ ...ശിവനേ .. അപ്പോഴാണ്‌ ഒരു കാര്യം ഓര്‍ത്തത് എനിക്ക് വിസ തന്ന ശ്രീമാന്‍ ഹരിക്കുട്ടന്‍ പ്രത്യേകം ഒരു കാര്യം പറഞ്ഞു .. ഒരു കാരണവശാലും സ്ത്രീകള്‍ ഇരിക്കുന്ന കൌണ്ടറില്‍ പോകരുത് .. ഇനീപ്പോ എന്ത് ചെയ്യും ഹാ വരുന്നെടത്തു വച്ച് കാണാം .. പക്ഷെ പ്രതീക്ഷിച്ച പോലെ പ്രശ്നം ഒന്നും ഉണ്ടായില്ല ..അവിടുന്ന് നേരെ അടുത്ത കൌണ്ടറില്‍ ഒരു കൊരങ്ങന്‍ യ്യോ കണ്ടാല്‍ പേടി വരും കൊമ്പന്‍ മീശേം ഒക്കെ വച്ചിട്ട് അവിടേം വല്ല്യ കുഴപ്പമൊന്നും ഇല്ലാതെ അത് കഴിഞ്ഞു നേരെ മുകളില്‍ പോയി ഗേറ്റില്‍ ഒരു സീറ്റ് പിടിച്ചു .. അപ്പൊ ലോണ്ടെ വരുന്നു ആ കൊച്ചു പിന്നേം .. ശോ .. ഞാന്‍ പിന്നേം കിട്ടിയ സമയം ഉപയോഗിച്ചു .. ഒന്ന് പോയി മുട്ടാന്‍ എന്താ മാര്‍ഗ്ഗം എന്ന് തല പുകഞ്ഞാലോചിച്ചു ..അപ്പോഴാണ്‌ ഒരു ഐഡിയ കിട്ടിയത് അബുദാബിയില്‍ നിന്നുള്ള ബോഡിംഗ് പാസ് മുകളില്‍ കിട്ടും എന്നാണ് അവിടിരുന്ന പയ്യന്‍സ് മൊഴിഞ്ഞത് .. എന്നാപ്പിന്നെ അങ്ങനെ ആവട്ടെ ..ഞാന്‍ നൈസ് ആയി ചെന്ന് കാര്യം അവതരിപ്പിച്ചു അപ്പോഴും അതെ കള്ള ചിരിയോടെ അവള്‍ “തരാം സര്‍, വെയിറ്റ് ചെയ്യു “ “യ്യോ സാറെന്നോ , അതൊന്നും വേണ്ടാ “ അതിനും ചിരി തന്നെ മറുപടി .. കുറച്ച് കഴിഞ്ഞപ്പോ ബോഡിംഗ് പാസ്സും തന്നു .. സമയമായപ്പോള്‍ പോയല്ലേ പറ്റൂ ..മനസില്ലാ മനസോടെ ഞാന്‍ ഒരു ബൈയും പറഞ്ഞു ഞാന്‍ ടെര്‍മിനല്‍ ലക്ഷ്യമാക്കി നടന്നു ..
ആദ്യ വിമാന പ്രവേശം...
കവാടത്തില്‍ പിന്നെയും രണ്ട് സുന്നരികള്‍ ...ഈസരാ ... മനസ്സില്‍ പിന്നേം പിന്നേം ലഡ്ഡു പൊട്ടി .. അകത്തു കയറി ഒരു തരത്തില്‍ സീറ്റൊക്കെ കണ്ടു പിടിച്ച് ബാഗൊക്കെ ഒതുക്കി വച്ച് സീറ്റ് ബെല്‍റ്റ്‌ ഒക്കെ ഇട്ടു പറക്കാന്‍ തയാറായി ഇരുന്നു അതില്‍ അറബിയില്‍ എന്തൊക്കയോ ഒരുത്തന്‍ പറയുന്നു ..അങ്ങനെ ബീമാനം പൊങ്ങി….. മണിക്കൂറുകള്‍ കടന്നുപോയി ... പിന്നേം അറബി വിളിച്ചു പറഞ്ഞു നമ്മള്‍ ഇപ്പോള്‍ അബുദാബി എയര്‍ പോര്ടിന്റെ മുകളില്‍ എത്തി എല്ലാവരും സീറ്റ് ബെല്‍റ്റ്‌ ഇട്ടോ എന്ന് ..സീറ്റ് ബെല്‍റ്റ്‌ ഒക്കെ ഇട്ട് ഇറങ്ങാന്‍ തയാറായി ഞാന്‍ ഇരുന്നു .. പത്ത് മിനിറ്റ് കഴിഞ്ഞു ...പതിനഞ്ച് മിനിറ്റ് കഴിഞ്ഞു ...അര മണിക്കൂര്‍ കഴിഞ്ഞു... ബീമാനം ഇപ്പളും ത്രിശങ്കു സ്വര്‍ഗത്തില്‍ തന്നെ നോ ലാന്ടിംഗ് .. കിട്ടിയ അവസരം പാഴാക്കാതെ ഞാന്‍ എയര്‍ ഹോസ്ടസ് കൊച്ചിനോട് എന്താ കൊയപ്പം എന്ന് ചോദിച്ചപ്പോ ആ കൊച്ച് പറയുവാ സിഗ്നല്‍ കിട്ടിയില്ലാന്ന്‍ ..ശോ .. കുറെ സമയം കിടന്നു കറങ്ങി ബോര്‍ അടിചിട്ടാണെന്ന് തോന്നുന്നു ബീമാനം ഒടുവില്‍ ഗ്രൗണ്ടില്‍ ലാന്‍ഡ് ചെയ്തു ..ഇറങ്ങിയ ഉടനെ രണ്ട് ബസ് വന്നു ഞങ്ങളെ ടെര്‍മിനല്‍ ഒന്നില്‍ കൊണ്ടിറക്കി വിട്ടു .. ഞാന്‍ ഡിസ്പ്ലേ മോണിട്ടറില്‍ ഒന്ന് നോക്കി എര്ബില്‍ ഫ്ലൈറ്റ് ലാസ്റ്റ് കാള്‍ .. മൂന്നാം ടെര്‍മിനല്‍ ... ഈശ്വരാ ..ഞാന്‍ രണ്ടും കല്‍പ്പിച്ചു ഓടി ഓടി ഓടി ടെര്‍മിനല്‍ ത്രീയില്‍ എത്തി അവിടെ സെക്യൂരിറ്റി ചെക്ക് ഹാവൂ രക്ഷപ്പെട്ടു ഞാന്‍ ഓടി ക്യൂവില്‍ കയറി എത്തിയ ഉടന്‍ ഷൂവും ലാപ്ടോപ്പും ബെല്‍ട്ടും ഒക്കെ ഊരി ഒരു ട്രേയില്‍ ഇട്ടു സ്കാനിംഗ് കഴിഞ്ഞു ഉള്ളിലേക്ക് കയറിയതും കൌണ്ടര്‍ ക്ലോസ് ചെയ്തതും ഒരുമിച്ചായിരുന്നു .. എന്നെ അവര്‍ തള്ളി വെളിയിലിട്ടു ... ഇനീപ്പോ എന്ത് ചെയ്യും ? ഈ അറബി കൊരങ്ങന്മാരോട് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം ആദ്യമായിട്ടാണ് പ്ലെയിനില്‍ തന്നെ കയറുന്നത് അതിപ്പോ മിസ്സ്‌ ആയാല്‍ എന്ത് ചെയ്യും ? നോ ഐഡിയ :( ഒന്നാം തീയതി തപ്പി നടന്നു കിട്ടിയ പൈന്റ് താഴെ വീണു പൊട്ടിയ കുടിയന്റെ അവസ്ഥയായി എനിക്ക് ..ഒരെത്തും പിടിയും ഇല്ല ..ഹരിയെ വിളിച്ചു പറഞ്ഞാലോ ? മൊബൈല്‍ എടുത്തു നോക്കി ..ഫാഗ്യം റോമിംഗ് ഇല്ല :D അതും പോയി എന്ത് ചെയ്യും എന്ന് ആലോചിച്ചു നിക്കുംപോലാണ് തോളില്‍ ആരോ ന്ജോണ്ടിയത് തിരിഞ്ഞു നോക്കിയപ്പോ ഡാ നിക്കുന്നു ഒരു ചേട്ടായി ഡി സ്മൈലി ഒക്കെ ഇട്ട് .. മം? ചോദ്യ ഭാവത്തില്‍ ഞാന്‍ നോക്കി അപ്പൊ പുള്ളിടെ വക ചോദ്യം എര്ബില്‍ പോകാന്‍ ആണല്ലേ ?
ഞാന്‍ : ഉം..ഉം..
അതിയാന്‍ : പേടിക്കണ്ടാ ഞാനും അങ്ങോട്ടാ എനിക്കും ഫ്ലൈറ്റ് മിസ്സായി പിന്നേം ഡി സ്മൈലി
ഹോ ഫാഗ്യം ഞാനൊറ്റക്കല്ല.. അങ്കം വെട്ടാന്‍ ഒരു ചേകവന്‍ കൂടി ഉണ്ട്
ചേട്ടനും ഞാനും കൂടി നേരെ എത്തിഹാദ് കൌണ്ടറില്‍ ചെന്ന് അവിടിരുന്ന ചേട്ടായിയോട് അറിയാവുന്ന ഇന്ഗ്ലീഷും അഭിനയ പാടവവും വെച്ച് കാര്യങ്ങള്‍ വിസ്തരിച്ചു ..
“മലയാളികള്‍ ആണല്ലേ?” ആ ഇരുന്ന മഹാന്റെ മലയാളം കേട്ട് ഞങ്ങള് രണ്ടും ശശി ആയി ..വെര്‍തെ ഇന്ഗ്ലീഷ് പറഞ്ഞു .. “ ഓക്കേ സര്‍ ഞാന്‍ ഒന്ന് ചെക്ക് ചെയ്യട്ടെ നിങ്ങള്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് വരൂ ...” എന്നും പറഞ്ഞു ഒരു കൂപ്പണ്‍ ഞങ്ങള്‍ രണ്ടാള്‍ക്കും തന്നു .. “ അല്ല ഈ പറഞ്ഞ സാധനം എവിടെ കിട്ടും” “ഇവിടെയുള്ള ഏതു റെസ്റൊരന്റില്‍ കൊണ്ട് കൊടുത്താലും കിട്ടും?”
ഓഹോ? ഞാന്‍ ചേട്ടനെയും കൂട്ടി നേരെ റെസ്റൊരന്റിലേക്ക് വിട്ടു അവിടെ ചെന്ന് കൂപ്പണ്‍ കൊടുത്ത് ... ആ പയ്യന്‍സ് ഒരു കപ്പു കാപ്പിയും ഒരു സമൂസയും തന്നു ... ഒരു സമൂസയോ ? എന്റെ ചോദ്യം കേട്ട് ആ പയ്യന്‍ പറഞ്ഞു “ഈ കൂപ്പണ്‍ തന്നാല്‍ ഇത്രയോക്കയെ തരാന്‍ വകുപ്പുള്ളൂ ചേട്ടാ”
ദേ പിന്നേം മലയാളം ...നൈസ് ആയിട്ട് ഒന്ന് ചമ്മിയെങ്കിലും കിട്ടിയത് ഞാനും ചേട്ടനും കൂടി മാറി ഇരുന്നു കഴിച്ച് ... ഇവിടെ പെട്ടിരിക്കുന്ന വിവരം എങ്ങനെ ഒന്ന് പുറംലോകത്തിനെ അറിയിക്കും എന്ന ആലോചനയില്‍ ആയി ഞാന്‍ ..
ആലോചനയുടെ ഒടുവില്‍ ചേട്ടന്‍ തന്നെ പോംവഴി പറഞ്ഞു തന്നു ...
ആ പോംവഴി കേട്ട് എന്റെ മനസ്സില്‍ പിന്നേം ലഡ്ഡു പൊട്ടി ഒന്നല്ല രണ്ടല്ല മൂന്നെണ്ണം ഒരുമിച്ച്...
അബുദാബി എയര്‍ പോര്‍ട്ടില്‍ ഫ്രീ വൈ ഫൈ ഇന്റര്‍നെറ്റ്‌ ലഭ്യമാണ് പോലും . ഞാന്‍ ഓടിപ്പോയി ലാപ്‌ ഓണ്‍ ആക്കി . സ്കൈപ്പില്‍ പച്ച കത്തിയതും ദേ വരുന്നു ഡപ്പീടെ വക മെസ്സേജ്
ഡപ്പി : മുത്തേഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏ
ഞാന്‍ : എന്തോഓഓഓഓഓഓഓഓഓഓഓഓഓഓഓഒഓഓഓഓഓഓ
ഡപ്പി : നീ അങ്ങേത്തിയോ ?
ഞാന്‍ : ഇല്ലാ . ഫ്ലൈറ്റ് മിസ്സി :(
ഡപ്പി: യ്യോ ..നീപ്പം എന്നാ ചെയ്യും മുത്തെ ?
ഞാന്‍ : ആ എനിക്കൊന്നും അറിയൂല്ല :(
ഡപ്പി:നീ അവിടെ അന്വേഷിചില്ലേ ?
ഞാന്‍ : അന്വേഷിച്ച് , വെയിറ്റ് ചെയ്യാന്‍ പറഞ്ഞു
ഡപ്പി: ഉം , കൊറച്ച് കഴിഞ്ഞു ഒന്നൂടെ പോയി ചോദിക്ക് ട്ടാ
ഞാന്‍ : ഉം , നീ ഒരു കാര്യം ചെയ്യ് ഈ വിവരം ഹരിക്കുട്ടനേം പിന്നെ എന്റെ വീട്ടിലും ഒന്ന് അറിയിക്ക്.. വീട്ടില്‍ വിളിച്ചു പറയുമ്പോ അല്‍പ്പം നൈസ് ആയിട്ടൊക്കെ പറയണേ :)
ഡപ്പി : ഓക്കേ മുത്തെ ഇപ്പൊ തന്നെ പറയാം
എന്ന് പറഞ്ഞു കഴിഞ്ഞതും ബാറ്ററി ലോ ആയി ലാപ് പണി മുടക്കി ...ഫാഗ്യം ഞാന്‍ പെട്ട കാര്യം വീട്ടുകാര് അറിഞ്ഞല്ലോ ..
ഞാനും ചേട്ടനും ഒരിക്കല്‍ കൂടി വിവരങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചു ..അപ്പോഴും അവര്‍ ഞങ്ങള്‍ക്ക് കൂപ്പണ്‍ തന്നു പറഞ്ഞു വിട്ടു ..എന്നാല്‍ പിന്നെ അവരെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.. ആറേഴു തവണ കൂപ്പണ്‍ വാങ്ങി ഞങ്ങള്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ..അത് കഴിഞ്ഞപ്പോ ബോറടിച്ചു നേരെ ടെര്‍മിനല്‍ ഒന്നില്‍ പോയി അവിടെ ഒരു നീഗ്രോ ചേട്ടായി അവനോടും ആദ്യം നടത്തിയ അഭ്യാസം ആവര്‍ത്തിച്ചു ..
അയാള്‍ : ഓക്കേ സാര്‍ ബുദ്ധിമുട്ടുണ്ടായത്തില്‍ ക്ഷമിക്കണം ..ഞാനൊന്ന് ചെക്ക് ചെയ്തിട്ട് ഇപ്പോള്‍ പറയാം
ഞാന്‍ : സര്‍ ഫ്ലൈറ്റ് ഇന്നില്ലങ്കില്‍ വേണ്ടാ അതിനി എന്നാ ഉള്ളതെന്ന് ഒന്ന് പറഞ്ഞാല്‍ ഇങ്ങനെ തെക്കോട്ടും വടക്കോട്ടും നടക്കണ്ടല്ലോ കുറെ നേരമായി ഈ പണി തുടങ്ങിയിട്ട് ... (ദേഷ്യത്തിനെ സ്മൈലി ഒരു അഞ്ചെണ്ണം )
അയാള്‍ : ഓക്കേ സര്‍ ലെറ്റ്‌ മീ ചെക്ക് ...
ഞാനും ചേട്ടനും മാറിനിന്നു ഈ അബുദാബി എയര്‍പോര്‍ട്ട് പെണ്‍കുട്ട്യോളുടെ സൂപ്പര്‍മാര്‍ക്കറ്റ് ആണെന്ന് തോന്നുന്നു എവിടോട്ടു നോക്കിയാലും നഷ്ട്ടം ഒന്നുമില്ല ..തരക്കേടില്ലാത്ത ഒരു ഭാഗത്തേക്ക് എന്റെ കണ്ണുകള്‍ ഫോക്കസ് ചെയ്തു ഞാന്‍ നിന്നു അപ്പോള്‍ ദേ വരുന്നു ആ നീഗ്രോ ഒരു പേപ്പര്‍ ഒക്കെയായി
അയാള്‍ :സര്‍ അടുത്ത ഫ്ലൈറ്റ് നാളെ ഉച്ചക്ക് 12 മണിക്കേ ഉള്ളൂ പാസ്പോര്‍ട്ട് തന്നാല്‍ നിങ്ങള്ക്ക് പുറത്തു താമസിക്കാനും മറ്റുമുള്ള സൌകര്യങ്ങള്‍ ഞാന്‍ റെഡി ആക്കാം
കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ പാസ്പോര്‍ട്ട് എടുത്തു കൊടുക്കാന്‍ ഒരുങ്ങിയതും ചേട്ടായി പിന്നില്‍ നിന്നും എനിക്ക് കൊടുക്കല്ലേ എന്ന സിഗ്നല്‍ തന്നു ..നീട്ടിയ കൈ ഞാന്‍ തിരിച്ചെടുത്തു
അപ്പോള്‍ ചേട്ടന്‍ : സര്‍ ഞങ്ങള്‍ ഇവിടെ വിശ്രമിച്ചോളാം. നാളത്തേക്കുള്ള ടിക്കറ്റ് റെഡി ആക്കി തരൂ ..
അയാള്‍ : ഓക്കേ സര്‍ ഇത് നിങ്ങള്‍ക്കുള്ള ഡമ്മി ടിക്കറ്റ് ആണ് നാളെ പതിനൊന്ന് മണിക്ക് ഈ പേപ്പറുമായി കൌണ്ടറില്‍ ചെന്നാല്‍ നിങ്ങള്ക്ക് പുതിയ ബോര്‍ഡിംഗ് പാസ് കിട്ടും ..ഇത് നിങ്ങള്ക്ക് ലഞ്ചിനും ഡിന്നറിനും നാളെ ബ്രേക്ക് ഫാസ്റിനും ഉള്ള കൂപ്പണ്‍ .. ഹാവ് എ നൈസ് ഡേ സര്‍ “
എന്റമ്മോ പിന്നേം കൂപ്പണ്‍ :) ഇന്ന് ഞാന്‍ തിന്നു മരിക്കും ..ലോകത്തില്ലാത്ത ടിക്കറ്റ് ചാര്‍ജ് പാവം എന്റെ കയ്യീന്ന് വാങ്ങീതല്ലേ അത് മുതലാക്കാന്‍ ഈസരന്‍ ആയിട്ട് ഒരു വഴി കാണിച്ചു തന്നതാ ..
ഇപ്പൊ മണി പത്ത് ഫ്ലൈറ്റ് നാളെ ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ഭഗവാനെ ഇരുപത്തിയാറ് മണിക്കൂര്‍ പോയ രണ്ട് മണിക്കൂര്‍ കൂടി കൂട്ടിയാല്‍ ഇരുപത്തി എട്ട് :( എന്തായാലും പോക്കിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയതിനാല്‍ അത് സമാധാനം ..
പതുക്കെ റസ്റ്റ്‌ സോണില്‍ പോയിരുന്നു ഭാഗ്യത്തിന് അവിടെ പവര്‍ ഔട്ട്‌ ലെറ്റ്‌ കണ്ടു ഞാന്‍ അതില്‍ ലാപ് കുത്തി ഓണ്‍ലൈന്‍ എത്തിയപ്പോള്‍ ചോദ്യങ്ങളുടെ ബഹളം ആരെയും നിരാശരാക്കാതെ ഞാന്‍ മറുപടി കൊടുത്ത് ഹരിക്കുട്ടനോട് ഞാന്‍ വീട്ടില്‍ വിളിച്ചു ഒന്ന് ഓണ്‍ലൈന്‍ വരാന്‍ പറഞ്ഞു .. അവന്‍ പറഞ്ഞത് അനുസരിച്ച് അച്ഛനും അമ്മയും ഓണ്‍ലൈന്‍ വന്നു ..അമ്മയുടെ മുഖം കണ്ടപ്പോന്‍ തന്നെ മനസ്സിലായി കഴിഞ്ഞ കുറച്ചു മണിക്കൂറുകള്‍ ആയി നോണ്‍സ്റ്റോപ്പ്‌ കരച്ചില്‍ ആയിരുന്നു എന്ന് ..എന്നെ കണ്ടതും അവര്‍ക്ക് ആശ്വാസമായി
മണിക്കൂറുകള്‍ കടന്നു പോയി രാത്രി ആയപ്പോള്‍ വല്ലാത്ത തണുപ്പ് ..ഒന്ന് പുതക്കാന്‍ ഒന്നുമില്ല എത്തിഹാടിന്റെ കൌണ്ടറില്‍ ചെന്ന് രണ്ട് ബ്ലാങ്കറ്റ് വാങ്ങി മൂടിപ്പുതചിരുന്നു . അപ്പോള്‍ എനിക്കൊരു സംശയം ഞാന്‍ പാസ്പോര്‍ട്ട് കൊടുത്തപ്പോള്‍ ഇതിയാന്‍ എന്തിനാണ് തടഞ്ഞത് ? എന്റെ ചോദ്യം കേട്ട് പുന്നെല്ല് കണ്ട എലിയെപ്പോലെ ചേട്ടന്‍ ചിരിച്ചു ..
ചേട്ടന്‍ :അതെ മോനെ കൊറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനിവിടെ ജോലി ചെയ്തിരുന്നു അന്നെടുത്ത ഒരു ലോണ്‍ ക്ലോസ് ചെയ്യാതെയാ ഞാന്‍ ഇവിടുന്നു മുങ്ങിയത് പാസ്പോര്‍ട്ട് കൊടുത്താല്‍ അവരെന്നെ പൂട്ടും
ഓഹോ അപ്പൊ കഥയില്‍ അങ്ങനെ ഒരു ട്വിസ്റ്റ്‌ ഉണ്ടല്ലേ ? ഓക്കേ ഞാനും ചേട്ടനും മാറി മാറി ഉറങ്ങി നേരം ആറു മണിയായി ലൈറ്റ് ആയി വിശക്കുന്നുണ്ടോ എന്നൊരു സംശയം ..നേരെ കൌണ്ടറിലേക്ക് വിട്ടു ..അവിടെ ചെന്ന് കൂപ്പണ്‍ ചോദിച്ചപ്പോള്‍ ആ ചേട്ടന്‍ ബോഡിംഗ് പാസ് അടിച്ചു തന്നു ..പിന്നെ കയ്യിലുണ്ടായിരുന്ന കൂപ്പണ്‍ വച്ച് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് കുറെ കഴിഞ്ഞു ലഞ്ചും ..സമയം പതിനൊന്ന് ..ഞങ്ങള്‍ വേഗം ഗേറ്റില്‍ പോയി നിന്നു അപ്പോള്‍ അവിടെ നിന്ന മാന്യന്‍ പറഞ്ഞു ഇപ്പഴേ നില്ക്കണ്ടാ ഫ്ലൈറ്റ് രണ്ട് മണിക്കൂര്‍ ഡിലെ ആണ് :-o .. ഇത് ഇന്നലെ ആയിരുന്നേല്‍ ഞാനിപ്പോ അങ്ങ് ചെന്നേനെ പണ്ടാരം ..
പിന്നെയും പോയി ഇരുന്നു ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചെക്കിന്‍ ചെയ്യാന്‍ അനൌണ്സ് ചെയ്തു അങ്ങനെ പിന്നെയും ബീമാനത്തിനുള്ളില്‍. ഞാന്‍ എണ്ണി നോക്കി പതിനെട്ട് പേര്‍.
അങ്ങനെ മുപ്പത് മണിക്കൂര്‍ അബുദാബി ജീവിതത്തിനോടുവില്‍ ഞാന്‍ എര്ബിലിലേക്ക് പറന്നു
ഫ്ലൈറ്റ് എര്ബില്‍ എയര്‍പോര്‍ടില്‍ ലാന്‍ഡ് ചെയ്തു .. മൊബൈല്‍ സ്വിച്ചോണ്‍ ചെയ്യാന്‍ ഉള്ള അറിയിപ്പ് വന്നു ഓണ്‍ ആക്കി അപ്പൊ തന്നെ ഐഡിയ സൈന്‍ കൊറാക്ക് എന്നീ കമ്പനികളുടെ വെല്‍ക്കം മെസ്സേജ് തൊട്ടു പിന്നാലെ ഹരിക്കുട്ടന്റെ വിളിയും ..
ഹരി : എത്തിയോടാ ?
ഞാന്‍ : ഡാ ഇറങ്ങിയാതെ ഉള്ളൂ പുറത്തീക്ക് ഇറങ്ങുന്നു
ഹരി : ഉം വേഗം വേണം നിന്നെ പിക്ക് ചെയ്യാന്‍ മുതലാളി പുറത്തു വെയിറ്റ് ചെയ്യുന്നു ..
ഞാന്‍ : ന്റമ്മോ മുതലാളിയോ ? :(
ഹരി :മം ഞാന്‍ നിന്റെ ഫോട്ടോ കൊടുത്തിട്ടുണ്ട് ..പുള്ളിക്ക് നിന്നെ അറിയാം , ശരിയെന്നാല്‍ വെറുതെ കാശ് കളയണ്ടാ വെച്ചോ
ഞാന്‍ : ഉം
ചുറ്റുപാടും നോക്കിയാ ഞാന്‍ ഞെട്ടിപ്പോയി ഞങ്ങള്‍ പതിനെട്ട് പേരല്ലാതെ ഒരു കുഞ്ഞുങ്ങള്‍ അവിടെങ്ങും ഇല്ല ..എക്സിറ്റ് ബോഡ് നോക്കി നോക്കി ഞങ്ങള്‍ എമിഗ്രേഷന്‍ കൌണ്ടറില്‍ എത്തി .. പുറത്തിറങ്ങിയപ്പോള്‍ ദാ നമ്മുടെ ചേട്ടന്‍ എന്തോ പോയ അണ്ണാനെ പോലെ നില്‍ക്കുന്നു
ഞാന്‍ : മം , എന്ത് പറ്റി ?
ചേട്ടന്‍ : എന്റെ ലഗേജ് ഇത് വരെ വന്നില്ല :(
യ്യോ അപ്പോഴാണ്‌ ഞാന്‍ എന്റെ ലെഗേജിനെപ്പറ്റി ഓര്‍ത്തത് ഫാഗ്യം അമ്പലത്തിനു വലത്ത് വെക്കുന്നത് പോലെ എന്റെ ബാഗും കെട്ടും കണ്‍വെയറില്‍ വലത്ത് വെക്കുന്നു ഓടിപ്പോയി അതെടുത്തു ചേട്ടായിയോട് ബൈ പറഞ്ഞു സ്കാനിങ്ങോക്കെ കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങി. പുറത്തൊരു ബസ് ഞങ്ങളെ കാത്ത് കിടപ്പുണ്ടായിരുന്നു അവിടെ നിന്നും 5കിലോമീറ്റര്‍ മാറി ആണ് എന്ട്രന്‍സ് ..സുരക്ഷാ കാരണങ്ങള്‍ കൊണ്ടാവും .അവിടെ എത്തിയപ്പോള്‍ തന്നെ മുതലാളി എന്നെ കണ്ടുപിടിച്ചു കളഞ്ഞു . മുതലാളി വക ബെന്‍സില്‍ നേരെ ടാക്സി സ്ടാണ്ടിലേക്ക് ..അവിടെ നിന്നും ഒരു ടാക്സിയില്‍ കയറ്റി വിട്ടു ഒപ്പം വഴി ചിലവിനായി പതിനയ്യായിരം ദിനാറും തന്നു (എന്ത് നല്ല മനുഷ്യന്‍ ) ടാക്സിയില്‍ അവിടെ നിന്നും സുലൈമാനിയക്ക്‌ പോകുന്ന വഴികളില്‍ അവിടെയും ഇവിടയൂം പൊട്ടിച്ചിതറിയ വാഹനങ്ങളുടെ അവശിഷ്ട്ടങ്ങള്‍ എന്റെ നെഞ്ഞിടിപ്പിന്റെ വേഗത കൂട്ടി ..ഒന്ന് മിണ്ടാനും പറയാനും ആരുമില്ല ചുറ്റും കുറെ ഉണ്ണാക്കന്‍മാര്‍ ഏതോ ഭാഷയില്‍ എന്തൊക്കയോ പറയുന്നു .. പുറത്തുള്ള സൈന്‍ ബോഡുകള്‍ നോക്കി ഞാനിരുന്നു ..ബാഗ്ദാദ് ,കിര്‍ക്കുര്‍ക്ക് .. പത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള പേരുകള്‍ അങ്ങനെ രണ്ട് ചെക്പോസ്ടുകളിലെ ചെക്കിങ്ങുകള്‍ കഴിഞ്ഞു സുലൈമാനിയ ചെക്പോസ്റ്റില്‍ ഞാനെത്തി അവിടുത്തെ പട്ടാളക്കാരന്‍ എന്നെയും വിളിച്ചു കൊണ്ട് ഓഫീസിനു അകത്തു പോയി .. അവിടുത്തെ വിസ്താരം കഴിഞ്ഞു ഇറക്കി വിട്ടു
പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ വാഹനം നിന്നു അതില്‍ നിന്നും മറ്റൊരു കാറിലേക്ക് കയറി ..കുറെ കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ മുറി ഇന്ഗ്ലീഷില്‍ ഫ്രെണ്ടിനെ വിളിക്കൂ എന്നാവശ്യപ്പെട്ടു ഞാന്‍ ഹരിയെ വിളിച്ചു ഫോണ്‍ ഡ്രൈവര്‍ക്ക് കൈമാറി എന്തൊക്കയോ സംസാരിച്ചിട്ടു അതിയാന്‍ ഫോണ്‍ തിരികെ തന്നു വണ്ടി നിര്‍ത്തി എന്റെ കെട്ടും പാണ്ടവും ഇറക്കിയിട്ട്‌ നോക്കുമ്പോള്‍ ദേ നില്‍ക്കുന്നു സാക്ഷാല്‍ ഹരിക്കുട്ടന്‍ മുന്നില്‍ :) നേരെ റൂമിലേക്ക്‌ ..ഇപ്പോള്‍ അഞ്ചു മാസങ്ങള്‍ കടന്നു പോയി .. ഈ നാടിനെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാടുകള്‍ അപ്പാടെ മാറി .. പരസ്പര ബഹുമാനം ഉള്ള നാട്ടുകാര്‍ .. മാദ്യമങ്ങളില്‍ കൂടി നാം അറിഞ്ഞ ഒരു നാടേ അല്ലിത് ..തികച്ചും സമാധാനം കുടികൊള്ളുന്ന ഒരു പ്രദേശം .. കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമായി ഞങ്ങള്‍ സുഖമായി കഴിഞ്ഞു പോകുന്നു ...
ശുഭം ....