Saturday 15 September 2012

നവംബര്‍ 15


2010 നവംബര്‍ 15
മണി നാല് കഴിഞ്ഞു ..നീലിമ കാത്തിരിക്കുകയാണ് വിശ്വത്തിന്റെ വരവും കാത്ത് .. ഇന്ന് ഷോപ്പിങ്ങിന് പോകാന്‍ നേരത്തെ എത്താം എന്ന് വാക്ക് പറഞ്ഞു പോയതാണ് വിശ്വം .. അയാള്‍ വരില്ല എന്ന് അവള്‍ക്കു ഉറപ്പായിരുന്നു ..എങ്കിലും ഇന്ന് .. അവരുടെ ഈ വിവാഹ വാര്‍ഷിക ദിനത്തില്‍ അയാള്‍ വാക്ക് പാലിക്കും എന്നവള്‍ കരുതി .. ജീവിതം തുടങ്ങിയിട്ട് പന്ത്രണ്ടു വര്‍ഷങ്ങള്‍ തികയുന്ന ഈ ദിവസം എങ്കിലും അദ്ദേഹത്തിനു തിരക്കുകളില്‍ നിന്ന് ഒന്ന് ഒഴിയാമായിരുന്നു ...

നീലിമയുടെ ഫോണ്‍ ഒന്ന് ചിലച്ചു ... ഒരു മെസ്സേജ്

“സോറി ഡാ ഒരു അര്‍ജന്റ് പോസ്റ്റ്‌മോര്‍ട്ടം ..ഞാന്‍ എത്താന്‍ വൈകും, നീ കഴിച്ചു കിടന്നോളൂ  “

“ദൈവമേ, ഒരു പോലിസ്‌ സര്‍ജന്റെ ഭാര്യ ആയപ്പോള്‍ ഒരുപാട് സന്തോഷിച്ചവളാ ഞാന്‍ .. എന്റെ വിധി ഇങ്ങനെ ആയല്ലോ “

ഒരുക്കി വച്ചിരുന്ന വിഭവങ്ങള്‍ എല്ലാം എടുത്തു ഫ്രിഡ്ജില്‍ വച്ച് നീലിമ ഉറങ്ങാന്‍ കിടന്നു ..
പന്ത്രണ്ടു വര്‍ഷമായിട്ടും ഒരു കുഞ്ഞിക്കാല്‍ കാണാത്തതില്‍ അവള്‍ ഇന്ന് വല്ലാതെ ദുഖിച്ചു ... ആ ഒറ്റപ്പെടല്‍ അവളെ വല്ലാതെ വേദനിപ്പിച്ചു ..

പെട്ടന്ന് കാളിംഗ് ബെല്‍ മുഴങ്ങി ... 

“ഓഹോ എന്നെ പറ്റിക്കാന്‍ വേണ്ടി കള്ളം പറഞ്ഞതാ ദുഷ്ട്ടന്‍ ..ഇപ്പൊ ശരിയാക്കിത്തരാം “

അവള്‍ സ്വീകരണ മുറിയിലേക്ക് ഓടി വാതില്‍ തുറന്നു

“ആഹ് “

എന്തോ കണ്ടു പേടിച്ചു പിന്നിലെക്കാഞ്ഞു

വാതിലില്‍ അതാ ഒരു പ്രാകൃത രൂപം ..താടിയും മുടിയും നീട്ടി വളര്‍ത്തിയ ..ഭ്രാന്തന്‍ എന്ന് തോന്നിക്കുന്ന ഒരാള്‍ .. അയാള്‍ വെളിച്ചത്തിലേക്ക് കടന്നു വന്നു ..

ആ മുഖത്തെക്കവല്‍ ഒന്ന് സൂക്ഷിച്ചു നോക്കി .. നിലവിളിക്കാന്‍ തുടങ്ങുന്നതിനും മുന്നേ .. മൂര്‍ച്ചയേറിയ ആയുധം അവളുടെ ശബ്ദ നാളം തകര്‍ത്തു .. കഴുത്തില്‍ നിന്നും രക്തം പ്രവഹിച്ചു .. ആ രക്തം കൈക്കുമ്പിളില്‍ എടുത്തു അയാള്‍ സ്വന്തം ശിരസ്സിലേക്ക് ഒഴിച്ചു .. നിലത്ത് വീണു പിടഞ്ഞു പിടഞ്ഞു ...നീലിമ യാത്രയായി ... ഒരിക്കലും മരണമില്ലാത്ത ലോകത്തേക്ക് ...

                                      **********************************

കോടതിയില്‍ വാദം നടക്കുന്നു .. പ്രതി , സ്വയം പോലീസിനു കീഴടങ്ങിയ ജീവന്‍ .. കാഴ്ചയില്‍ ഒരു ഭ്രാന്തന്‍ എന്ന് തോന്നുന്ന ഒരു മനുഷ്യന്‍ ...നാല്പ്പതിനടുത്തു പ്രായം തോന്നും ...  പ്രതി കുറ്റ സമ്മതം നടത്തിയതിനാല്‍ കൂടുതല്‍ ആര്‍ഗ്യുമെന്റ്സ് ഒന്നും തന്നെ ഇല്ല ... പക്ഷെ പത്തു വര്‍ഷക്കാലം മാനസിക രോഗാശുപത്ത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നു എന്ന ആനുകൂല്യം അയാള്‍ക്ക് ലഭിച്ചു എങ്കിലും .. ആ ആനുകൂല്യം അയാള്‍ നിഷേധിച്ചു ...പൂര്‍ണ്ണ ബോധത്തോടെ തന്നെയാണ് താന്‍ ആ കൊലപാതകം ചെയ്തത് എന്നും .. ലഭിക്കാവുന്ന പരമാവധി ശിക്ഷ തനിക്ക് നല്‍കണം എന്നും അല്ലങ്കില്‍ പുറത്തിറങ്ങുന്ന അന്ന് മറ്റൊരു കൊലപാതകം കൂടി താന്‍ ചെയ്യുമെന്നും അയാള്‍ കോടതിയില്‍ കരഞ്ഞു പറഞ്ഞു ..ഒടുവില്‍ അന്തിമ വിധി വന്നു ... നീതി പീഠത്തിന്റെ പരമാവധി ശിക്ഷ ...മരണം വരെ തൂക്കിലേറ്റാന്‍ വിധിയായി ...
    
                                 ****************************************

2011 നവംബര്‍ 15 ..

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സിംഗിള്‍ സെല്‍ ..മരണ ശിക്ഷ വിധിച്ചവര്‍ക്ക് മാത്രമുള്ള സ്പെഷ്യല്‍ സെല്‍ ...

ക്ഷുരകന്‍ എത്തി ... പാറിപ്പറന്ന അയാളുടെ മുടിയും നീണ്ടു വളര്‍ന്ന അയാളുടെ താടി രോമങ്ങളും വെട്ടിയൊതുക്കി ..
വാര്‍ഡന്‍ വന്നു ..അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ എന്ന് ചോദിച്ചു ..
“ഉണ്ട് സാര്‍  ... ഒരു ആഗ്രഹം ഉണ്ട് ... മരിക്കുമ്പോള്‍ എനിക്കൊരു വേഷം വേണം .. വിവാഹ ദിവസം വരന്‍ ഇടുന്ന ഒരു മുണ്ടും ഷര്‍ട്ടും ...അത് മാത്രം മതി ...”
“ഓക്കേ ജീവന്‍ താങ്കളുടെ ആഗ്രഹം ഞാന്‍ സാധിച്ചു തരാം  ...”
വാര്‍ഡന്‍ പോയി അല്പ്പനേരത്തിനുള്ളില്‍ പറഞ്ഞ ഡ്രസ്സുമായി വന്നു ..ജീവന്‍ അത് ധരിച്ചു ... ഇപ്പോള്‍ അയാളെക്കണ്ടാല്‍ ഒരു ഭ്രാന്തന്‍ എന്ന് തോന്നില്ല ..ഒരു നല്ല കുടുംബത്തില്‍ ജനിച്ച ഒരു ചെറുപ്പക്കാരന്‍ ...

സമയം  10.10 PM... രാത്രി 12.00 മണിക്ക് ശിക്ഷ നടപ്പിലാകും
ഡോക്ടര്‍ എത്തി .. ആരോഗ്യപരമായി പ്രതി ഫിറ്റ്‌ ആണെന്ന് സര്‍ട്ടിഫൈ ചെയ്യണം ..
ബ്ലഡ്‌ പ്രഷറും മറ്റും നോക്കി എല്ലാം നോര്‍മല്‍ എന്ന് രേഖപ്പെടുത്തി ..
ശേഷം ഒരു ഇന്‍ജെക്ഷന്‍ .. കൊടുത്തു .. പോകാന്‍ ഒരുങ്ങവെ ജീവന്‍ ഡോക്ടറെ വിളിച്ചു..

“ഡോക്ടര്‍ വിശ്വം ജെസ്റ്റ്‌ എ മിനിറ്റ്‌ “

അയാള്‍ ഇപ്പോള്‍ ശരിക്കും ഞെട്ടി ..തിരിഞ്ഞു നോക്കി .. ഈ ഭ്രാന്തനു തന്നെ മനസ്സിലായോ ?

“വിശ്വം എനിക്ക് താങ്കളെ മനസ്സിലായി  ...നീലിമയുടെ ഭര്‍ത്താവ്‌ അല്ലേ .. എനിക്ക് ഒരു കാര്യം പറയാനുണ്ട് ... രണ്ടു മണിക്കൂറുകള്‍ കഴിഞ്ഞാല്‍ പിന്നെ ഇത് പറയാന്‍ ഞാന്‍ ഉണ്ടാവില്ല .. കേള്‍ക്കാന്‍ ഉല്‍ല മനസ്സുണ്ടാവണം..”

വിശ്വം തിരിച്ചു വന്നു ജീവന്റെ മുന്നില്‍ ഇരുന്നു ...

“വിശ്വം നിങ്ങള്‍ എന്റെ സിരകളിലേക്ക് ഇന്‍ജെക്റ്റ്‌ ചെയ്തത് ഈ രണ്ടു മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ എന്റെ ജീവന്‍ എടുക്കാന്‍ ഉള്ള ഒറ്റമൂലി ആണെന്ന് എനിക്കറിയാം ...മരിക്കാന്‍ എനിക്ക് ഭയമില്ല ... ഇതല്ലങ്കില്‍ തൂക്കുമരം മരണം അതുറപ്പാണ് ..ഈ നേരം പുലരുമ്പോള്‍ .. ബാക്കി എന്റെ ചേതനയറ്റ ശരീരം മാത്രമാവും ..എന്റെ മരണം അനായസമാക്കിയത്തിനു ഒരുപാട് നന്ദി “

വിശ്വം ആകെ അസ്വസ്ഥനായി 
ജീവന്‍ തുടര്‍ന്നു
“വിശ്വം, ഞാന്‍ എന്തിനാണ് നീലിമയെ കൊന്നത് എന്ന് തനിക്കറിയെണ്ടേ? അതറിയണം എങ്കില്‍ പന്ത്രണ്ടു വര്ഷം പിന്നിലേക്ക്‌ യാത്ര ചെയ്യണം ... ജീവിതത്തില്‍ ഒരു പെണ്ണ് വേണ്ട എന്ന് തീരുമാനിച്ച ഒരു വിദേശ മലയാളി ആയിരുന്നു ഞാന്‍ .. വീട്ടില്‍ നിര്‍ബന്ധം കൂടി വന്നപ്പോള്‍ അവസാനം സമ്മതിക്കേണ്ടി വന്നു ..പോയി പെണ്ണിനെക്കണ്ടു... നീലിമ...”

ഇത്തവണ വിശ്വം ശരിക്കും ഞെട്ടി .. ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി
അതെ ജീവന്‍ .. ജീവന്‍ മേനോന്‍ .... വിശ്വത്തിന്റെ തൊണ്ടയില്‍ വെള്ളം പറ്റി .. നെറ്റിയില്‍ വിയര്‍പ്പ് കണങ്ങളുടെ എണ്ണം കൂടി .. വല്ലാതെ വിറച്ചു .. ബാക്കി കഥ ജീവന്‍ പറയാതെ തന്നെ അയാള്‍ക്കറിയാമായിരുന്നു ..ആ കഥയിലെ പ്രധാന കഥാപാത്രവും അയാള്‍ ആയിരുന്നു

ജീവന്‍ തുടര്‍നന്നു
“പെണ്ണിന്നെ കണ്ടപ്പോള്‍ തന്നെ വല്ലാതെ ഇഷ്ട്ടപ്പെട്ടു  ...  ഇടയ്ക്കു കിട്ടിയ നിമിഷങ്ങളില്‍ അവളോട്‌ ഇഷ്ട്ടമായോ എന്ന് ചോദിച്ചു ... സമ്മതമായി തലയോന്നനക്കി അവള്‍ ചിരിച്ചു ... എങ്കിലും വിവാഹം ഉറപ്പിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടിയുമായി ഒന്ന് സംസാരിക്കണം എന്ന് ഞാന്‍ ശഠിച്ചു .. രണ്ടു മണിക്കൂറിലേറെ  ഞങ്ങള്‍ സംസാരിച്ചു ..ഒരിക്കലും അവള്‍ പറഞ്ഞില്ല മറ്റൊരു ഇഷ്ട്ടത്തെപ്പറ്റി .. ജീവിതത്തിലെ മുപ്പതു വര്‍ഷങ്ങള്‍ ഒരു പെണ്ണിനും ഈ മനസ്സ് നല്‍കാതെ ഞാന്‍ സൂക്ഷിച്ചത് ...ഈ  ദേവതയെ സ്വന്തമാക്കാന്‍ ആയിരുന്നു എന്ന് ഞാന്‍ വിശ്വസിച്ചു ... വിവാഹത്തലേന്ന് കൂട്ടുകാരുമൊത്ത് ഞാന്‍ പോയി ..അപ്പോഴും സന്തോഷവതിയായി ഞങ്ങളെ സ്വീകരിച്ചു അവള്‍ ... സന്തോഷത്തോടെ ഞങ്ങള്‍ പിരിഞ്ഞു .. നാളെ കാണാം എന്നാ ശുഭ പ്രതീക്ഷയോടെ... പക്ഷെ പിറ്റേന്ന് വിവാഹത്തിനായി എത്തിയ ഞാന്‍ അറിഞ്ഞ വാര്‍ത്ത ...എന്നെ ശരിക്കും ഞെട്ടിച്ചു ... വധുവിനെ കാണാനില്ല !!! ഒരു കത്തെഴുതി വച്ച് കാമുകനൊപ്പം അവള്‍ ഓടിപ്പോയത്രേ .. ഒരു സൂചന നല്‍കിയിരുന്നെങ്കില്‍ .. ഞാന്‍ ഒഴിഞ്ഞു മാറിയേനെ ... പക്ഷെ... എന്റെ മനസ്സിന്റെ നില കൈവിട്ടു പോയി ..പിന്നെ നീണ്ട പത്തു വര്ഷം  മനോരോഗ ആശുപത്രിയില്‍ ... കഴിഞ്ഞ രണ്ടു കൊല്ലമായി ഞാന്‍ തേടി നടക്കുകയായിരുന്നു ആ മുഖം .. ദിവസങ്ങള്‍ക്ക് മുന്‍പ് ഞാനവളെ കണ്ടു ... ഈ കൊലപാതകത്തിനു ഞാന്‍ ആ രാത്രി തന്നെ തിരഞ്ഞെടുത്തു ..എന്റെ ജീവിതം നശിച്ച അതെ ദിവസം .. നിങ്ങള്‍ ആദ്യരാത്രി ആഘോഷിച്ച അതെ രാത്രി ..എന്റെ തലയില്‍ വൈദുതി കയറിയ അതെ രാത്രി.... ഞാന്‍ കൊന്നു ..നീലിമയെ ... “

കണ്ണുകള്‍  ഇറൂക്കിയടച്ചിരിക്കുകയായിരുന്നു  വിശ്വം .. കഴുത്തില്‍ എന്തോ മുറുകുന്നത് പോലെ ഒരു തോന്നല്‍ പൊടുന്നനെ കണ്ണുകള്‍ തുറന്നു ...തന്റെ കഴുത്തില്‍ കിടന്ന സ്തെതസ്കോപ്പ് .. കഴുത്തില്‍ വരിഞ്ഞു മുറുക്കുന്നു ജീവന്‍ ..
“അതെ ഇന്നും ഇതേ ദിവസം നിന്നെയും എന്റെ മുന്നില്‍ കൊണ്ട് വന്നു  ...സര്‍വ്വേശ്വരന്‍  ... നിന്റെ ഭാര്യയുടെ ഒന്നാം ചരമ വാര്‍ഷികത്തിന് നീ നല്‍കുന്ന സമ്മാനം എന്റെ മരണം ... എനിക്കും ജയിക്കണ്ടേ? എവിടെയെങ്കിലും? ...ഞാന്‍ ജയിക്കുന്നു ..നമുക്കൊരുമിച്ചു പോകാം അവളുടെ അടുത്തേക്ക്‌...ഹഹഹഹാഹ “

വിശ്വം ഒന്ന് നിലവിളിക്കാന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായി.. കാലുകള്‍ പിടഞ്ഞ് ആ പിടച്ചില്‍ അവസാനിച്ചു ..ചേതനയറ്റ ആ ശരീരം താഴേക്കു വീണു .. ഒപ്പം ജീവനും ... മൂക്കില്‍ നിന്നും രക്തം പ്രവഹിക്കുന്നു ..ജീവന്‍ ... ആ ശരീരത്തിലെയും തുടിപ്പ് .. അവസാനിച്ചു .. ഓടി വന്ന നിയമ പാലകര്‍ക്ക് രണ്ടു മൃത ദേഹങ്ങള്‍ മാത്രം ബാക്കിയായി ..

ജീവിതം എന്ന സമസ്യയ്ക്ക് വിരാമമിട്ട് ..ജീവനും വിശ്വവും...

                                                        ***മയില്‍പ്പീലി*** 

Wednesday 12 September 2012

രംഗബോധമില്ലാത്ത കോമാളി ..


മുഖത്താരോ വെള്ളം തെറിപ്പിച്ചു ..ഞാന്‍ ഉറക്കത്തില്‍  നിന്നും ഞെട്ടിയുണര്‍ന്നു .. കണ്ണ് തുറന്നപ്പോള്‍ അമ്മ മുന്നില്‍ നില്‍ക്കുന്നു ...” മണി ഏഴായി ...നിനക്കിന്നു ഓഫീസില്‍ പോകണ്ടേ ?”

പെട്ടന്ന് യാഥാര്‍ത്ത്യത്തിലേക്ക് ഞാന്‍ വഴുതി ..സ്ഥലകാല ബോധം വീണ്ടെടുത്തു ഞാന്‍ ക്ലോക്കിലേക്ക് നോക്കി ...ഈശ്ശ്വരാ മണി ഏഴു കഴിഞ്ഞു ...ഞാന്‍ ഉരുണ്ടു പിരണ്ടു എണീറ്റു ...വേഗം ചായ കുടിച്ചു ..പ്രഭാത കര്‍മ്മങ്ങള്‍ നടത്താന്‍ ഓടി ... എട്ടരയോടെ എന്റെ ജോലികള്‍ തീര്‍ത്ത്‌ ബൈക്കുമെടുത്ത് ഞാന്‍ ജോലിക്കിറങ്ങി ..
എന്തൊക്കയോ ഓര്‍മ്മകള്‍ ...എന്റെ ബൈക്ക് ഓടികൊണ്ടേയിരുന്നു ..പെട്ടന്നാണ് ബൈ റൂട്ടില്‍ നിന്നും ഒരു കാര്‍ വന്നു റോഡിലേക്ക് കയറിയത് ..ഞാന്‍ ഒന്ന് പേടിച്ചു .. എങ്കിലും വണ്ടി കയ്യില്‍ നിന്നും പോയില്ല ... ആ കാര്‍ ഉറക്കെ ഹോണ്‍ മുഴക്കുന്നുണ്ടായിരുന്നു ...സമയക്കുറവ് ഒന്ന് മാത്രം കാരണം ഞാന്‍ പിന്നെയും വേഗത കൂട്ടി ഇനി പന്ത്രണ്ടു മിനിട്ടുകള്‍ കൂടി മാത്രം ..അത് കഴിഞ്ഞാല്‍ ഹാഫ്‌ ഡേ ലീവ് വീഴും ... ഒരു മുടിഞ്ഞ വൈറല്‍ ഫീവര്‍ പിടിച്ചത് കാരണം പകുതി മാസത്തെ ശമ്പളം പോക്കാ... ഇന്നൂടെ ലേറ്റ് ആയാല്‍ ഒരു ദിവസം കൂടി കൂടും. ഹ്മം സൊ അല്‍പ്പം സ്പീഡ്‌ ആവാം ...
പക്ഷെ വെര്‍ണ നല്ല വണ്ടിയാ അതിഞ്ഞു കേറി വന്നു .. എന്റെ മുന്നിലായി ക്രോസ് ചെയ്തു നിര്‍ത്തി .. ഒരു ഉടക്ക് പ്രതീക്ഷിച്ചു .. പക്ഷെ ഇറങ്ങി വന്നത് എന്റെ ക്ലാസ്സ്‌ മേറ്റ് ജെറിന്‍ ...
”എടാ നിനക്ക് ചെവി കേക്കൂല്ലേ എത്ര നേരമായിട്ടു ഹോണ്‍ അടിക്കുന്നു ..!@#$
“ആഹാ നീ ആരുന്നോ ഞാന്‍ കരുതി ഏതോ --- മോന്മാര്‍ ഒടക്കാന്‍ വരുവാ എന്ന് ... ഹി ഹി എന്നാ അളിയാ?”
“നീ വരുന്നില്ലേ അടക്കത്തിനു?”
“ആരുടെ?”
“നിന്റെ ^*(&^ (^& “
“:(, കാര്യം പറയടാ ആരുടെ അടക്കം?”
 “നീ കണ്ടില്ലേ ഫേസ് ബുക്കില്‍ ...നമ്മടെ സ്മാര്ട്ടിടെ ഭര്‍ത്താവിന്റെ അടക്കം ഇന്നാ “
പെട്ടന്നാണ് തലേ ദിവസം ഫേസ്‌ ബുക്കില്‍ കോളേജ് ഗ്രൂപ്പില്‍ വന്ന ഒരു ഞെട്ടിക്കുന്ന വാര്‍ത്ത ഞാന്‍ ഓര്‍ത്തത്  ...
“A very bad news our Smarty's husband passed away due to heart attack.

Let us pray for the family”

പക്ഷെ അടക്കത്തെക്കുറിച്ചോന്നും അവിടെ ആരും പറഞ്ഞു കണ്ടില്ല ... അവള്‍ എവിടെയാണന്നോ എവിടെയാണ് അടക്കം എന്നോ ആര്‍ക്കും അറിയില്ല ... കുറെ അന്വേഷിച്ചു ഒരു പ്രയോജനവും ഉണ്ടായില്ല ...മനപൂര്‍വ്വം ആണെങ്കിലും അത് വിട്ടു  എന്ന് പറയുന്നതാവും  ശരി .. പെട്ടന്ന് ഞാന്‍ ചോദിച്ചു
“എപ്പോ? എവിടെ വച്ചാ അടക്കം?”
“ നീ വണ്ടിയെലോട്ടു കയറ് നമുക്ക് പോകാം"
“ ഡാ എന്നാല്‍ ഒരു കാര്യം ചെയ്യാം ഇവിടെ അടുത്താണ് കസ്ടമറിന്റെ വീട്  അവിടേക്ക് വണ്ടി കയറ്റി വച്ച് ഞാന്‍ വരാം ..നീ എന്റെ പിറകെ  വാ"
അവിടെ വണ്ടി വച്ച് ഞാന്‍ കാറില്‍ കയറി .. ഞങ്ങള്‍ അവിടേക്ക് യാത്രയായി .. ടൌണില്‍ നിന്നും അല്‍പ്പം ദൂരെയുള്ള ജംഗ്ഷനില്‍ എത്തി ഞങ്ങള്‍ വഴി അന്വേഷിച്ചു നാട്ടുകാര്‍ പറഞ്ഞ വഴിയെ വാഹനം മുന്നോട്ടു നീങ്ങി കഷ്ട്ടിച്ചു ഒരു വാഹനത്തിനു കടന്നു പോകാവുന്ന അത്ര ചെറിയ വഴി ...എതിരെ മറ്റു വാഹനങ്ങള്‍ ഒന്നും വരരുതേ എന്ന് പ്രാര്‍ത്തിച്ചു പോകുന്ന വഴിയില്‍ ഒക്കെ ആ ചെറുപ്പക്കാരന്റെ ചിത്രത്തോട് കൂടിയ ചെറിയ പോസ്റ്ററുകള്‍ ..ചെറിയ കറുത്ത കൊടിയും ... താഴെ പേരും റെഞ്ചി (27)
ആ ഐശ്വര്യമുള്ള ചിത്രം കണ്ടപ്പോള്‍ നെഞ്ചോന്നു പിടഞ്ഞു ... ഇത്ര ചെറുപ്പത്തിലെ .. എന്റെ മനസ്സില്‍ അപ്പോളും സ്മാര്ട്ടിയെക്കുരിച്ചുള്ള ചിന്തകള്‍ ആയിരുന്നു .. അവളെപ്പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്ന രൂപം ..കോളേജില്‍ ഒരു പൂമ്പാറ്റയെപ്പോലെ പറന്നു നടക്കുന്ന ..ആ പതിനേഴുകാരി ആയിരുന്നു ..കോളേജില്‍ നിന്നും ഇറങ്ങിയ ശേഷം അവളെക്കുറിച്ച് ഒരു വിവരവും അറിയുന്നുണ്ടായിരുന്നില്ല .. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോളേജിന്റെ ഫേസ്‌ ബുക്ക്‌ ഗ്രൂപ്പില്‍ അവളുടെയും ഭര്‍ത്താവിന്റെയും ഒന്നിച്ചുള്ള ഫോട്ടോയോടു കൂടിയ ആ പ്രൊഫൈല്‍ കാണുന്നത് .. അന്നിട്ടും കൂടുതല്‍ മിണ്ടാനോ പറയാനോ സാധിച്ചില്ല...എവിടയാണ് വിവാഹം കഴിച്ചയച്ചതെന്നോ .. ഇപ്പോള്‍ എവിടെയാനന്നോ ഒന്നും അറിയാന്‍ കഴിഞ്ഞില്ല .. അപ്പോഴാണ്‌ ഇടിത്തീ പോലെ ഈ വാര്‍ത്ത കാണുന്നത് ..
“ഡാ നീ എന്താ ഉറങ്ങുവാണോ ബാ സ്ഥലമെത്തി ...”
ജെറിന്റെ വാക്കുകള്‍ ആണ് എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത് ...
മൈക്കിലൂടെ ക്രിസ്തു പുരോഹിതന്‍റെ പ്രാര്‍ത്ഥന കേള്‍ക്കാം ... നടന്നടുത്തപ്പോള്‍ ഹൃദയമിടിപ്പ് വല്ലാതെ കൂടി ... ഒപ്പം പഠിച്ച മിക്കവാറും കൂട്ടുകാര്‍ എല്ലാം അവിടെ എത്തിയിട്ടുണ്ട് ...ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടായ ഈ കണ്ടു മുട്ടല്‍ പക്ഷെ എനിക്ക് ഒട്ടും സന്തോഷം നല്‍കിയില്ല ....
നിര നിരയായി ആളുകള്‍ ആ മൊബൈല്‍ മോര്‍ച്ചറിയുടെ അടുത്തേക്ക്‌ നീങ്ങി... കൂടത്തില്‍ ഹൃദയതാളം മുറുകി മുറുകി ഞാനും .. അല്‍പ്പം അകലെ നിന്നും ഞാന്‍ കണ്ടു എന്റെ കൂട്ടുകാരിയെ ...കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പ്രിയപ്പെട്ടവന്റെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ടവള്‍... അവളുടെ താടിയില്‍ നിന്നും മിഴിനീര്‍ കണങ്ങള്‍ തണുത്തുറഞ്ഞ  ആ ഗ്ലാസിലേക്ക് വീഴുന്നു ..ഒന്ന് മാത്രമേ നോക്കിയുള്ളൂ  ആ മുഖത്തേക്ക് .. അവള്‍ മറ്റൊന്നും ശ്രദ്ധിക്കുന്നില്ല ... കണ്ണ് നീരുകൊണ്ട് പരിതപിക്കുന്നു  പാവം ...
രണ്ടു വര്‍ഷത്തെ വിവാഹ ജീവിതത്തില്‍ കേവലം മൂന്നു മാസങ്ങള്‍  ഒന്നിച്ചുള്ള ജീവിതം ... ശേഷം  ജീവിതം കേട്ടിപ്പടുക്കാനായി അവള്‍ കുവൈറ്റിലേക്ക് .. അടുത്തു കിട്ടിയ വെക്കേഷനില്‍ .. അവനെയും കൂടെ കൂട്ടാന്‍  വിസയുമായി പറന്നെത്തിയതാണ്  അവള്‍ ..  പക്ഷെ... പോകാന്‍ ഒരു പകല്‍ മാത്രം ബാക്കി നില്‍ക്കെ ... അവനെ കൊണ്ട് പോയി .. മരണം ... രംഗബോധമില്ലാത്ത ആ കോമാളി... ദൈവം എന്ന ശക്തിയെ വല്ലാതെ വെറുത്തു പോയ നിമിഷങ്ങള്‍ ....
അകാലത്തില്‍ പൊലിഞ്ഞു പോയ പനിനീര്‍ പുഷ്പ്പമേ ...നിനക്കെന്റെ ആദരാഞ്ജലികള്‍ ...

Monday 10 September 2012

അര്‍ജുനന്‍ സാക്ഷി.....


ഞാന്‍ അര്‍ജുനന്‍ , ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ് ഒരു നാഷണലൈസിഡ്  ബാങ്ക് ആയത് കൊണ്ട് വീട്ടില്‍നിന്നും കുറെ അകലയുള്ള ഒരു സ്ഥലത്താണ് ഇപ്പോള്‍ പോസ്റ്റിങ്ങ്‌ ..സുഖ ജീവിതം , ബാങ്കിനടുത്തുള്ളഒരു ചെറിയ വീട്ടില്‍ വാടകക്ക് താമസം ..

 

പ്രദീപ്‌ ...എന്റെ സഹ മുറിയന്‍ ..ഒരു സ്വകാര്യ പണമിടപാട്സ്ഥാപനത്തിലെ കളക്ഷന്‍ ബോയ്‌ .. എം ബി എ ബിരുദ ധാരി എങ്കിലും ജീവിക്കാന്‍വേണ്ടിയുള വേഷം കെട്ടല്‍ ..

 

ശ്രയ ... എന്റെ എല്ലാമെല്ലാമായ കൂട്ടുകാരി, സൌഹൃദത്തിനും പ്രണയത്തിനും അപ്പുറം ഒരാണിനും പെണ്ണിനും സ്നേഹിതരായി കഴിയാമെന്നു എന്നെപഠിപ്പിച്ച .. എന്റെ സ്വന്തം കൂട്ടുകാരി ...

 

ആ നാട്ടിലെ എല്ലാവര്ക്കും  എന്നെയും പ്രദീപിനെയും   ഇഷ്ടമായിരുന്നു. ഒരു പക്ഷെ അനാവശ്യ കാര്യങ്ങളില്‍ ഒന്നും ഞങ്ങള്‍ തലയിടാത്തത് കൊണ്ടാവാം..  ആ നാട്ടില്‍ ഞങ്ങള്‍ പൊതു സമ്മതരായിരുന്നു.  ... ജോലിക്ക്ശേഷം വീട്ടിലെത്തും, കുറെ നേരം നാട്ടുവര്‍ത്തമാനം.. അതിനു ശേഷം മുന്‍വശത്തുള്ള കണാരെട്ടന്റെ തട്ട് കടയില്‍ നിന്നും ഭക്ഷണം ...ശേഷം ഉറക്കം .. അതാണ്‌ ഞങ്ങളുടെ ദിനചര്യ... അവധി ദിവസങ്ങളില്‍ അവിടെയുള്ള വീടുകളില്‍ ഞങ്ങള്‍ പോകാറുണ്ട് ,സൌഹൃദംപങ്കു വെക്കാറുണ്ട് .. എന്നെക്കാളെറെ അവനോടാണ് എല്ലാവര്ക്കും പ്രിയം  ... ചടുലമായ സംസാരവും ആരെയും ആകര്‍ഷിക്കുന്ന ഒരു വ്യക്തിത്വവും ഉണ്ടവന്... ...കുട്ടികള്‍ക്കാണ് അവനോട്  കൂടുതല്‍ ഇഷ്ട്ടം.. ഏതു സമയത്തും എവിടെയും കേറി ചെല്ലാനുള്ള സ്വാതന്ത്ര്യവും അവനുണ്ടായിരുന്നു..

 

അങ്ങനെ സന്തോഷമായി ജീവിക്കുന്നതിനിടയിലാണ് ഞങ്ങളുടെഅന്നദാതാവായ കണാരെട്ടന്റെ മകള്‍ ലക്ഷ്മിയുടെ തിരോധാനം ... രാത്രി ഉറങ്ങാന്‍ കിടന്നലക്ഷ്മിയെ രാവിലെ മുറിയില്‍ കാണാന്‍ ഇല്ല... കണാരെട്ടന്‍ ഓടി വന്നു എന്നോട് കാര്യംപറഞ്ഞു .. പ്രദീപ്‌ സ്ഥലത്തില്ല കമ്പനി ആവശ്യവുമായി അവന്‍ ദൂരെയെവിടയോപോയിരിക്കുന്നു .. ഞാന്‍ വണ്ടിയെടുത്തു കണാരെട്ടനെയും കൂട്ടി ആ നാട് മുഴുവന്‍ അരിച്ചു പെറുക്കി ... അവള്‍ പോകാന്‍ സാധ്യതയുള്ള എല്ലായിടവും അന്വേഷിച്ചു ...ഒരു തുമ്പും കിട്ടിയില്ല ... ഉച്ച കഴിഞ്ഞപ്പോള്‍ അവനും എത്തി ..പിന്നെ ഒന്നിച്ചായി അന്വേഷണം .. പക്ഷെ കാര്യമുണ്ടായിരുന്നില്ല ...ഒടുക്കം അവളുടെ കിടക്കയുടെ അടിയില്‍നിന്നും ഒരു കത്ത് കിട്ടി ... അവള്‍ സ്നേഹിക്കുന്ന ആരുടെയോ കൂടെ അവള്‍ പോകുന്നുഎന്നുള്ള കത്ത്.. അങ്ങനെ അന്വേഷണം അവിടെ നിര്‍ത്തി..

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പിന്നെയും രണ്ടു പെണ്‍കുട്ടികള്‍ കൂടി  ആ നാട്ടില്‍ നിന്നും അപ്രത്യക്ഷരായി. അവര്‍  എഴുതി വച്ച കത്തുകളില്‍  നിന്നും പ്രണയം  തന്നെയാണ് വില്ലന്‍ എന്ന് മനസ്സിലായി..  അതോടെ ഗ്രാമത്തില്‍ അശാന്തി നിറഞ്ഞു.. ആളുകള്‍ കൂടുന്നിടത്ത് എല്ലാം ഇത് തന്നെ ആയിരുന്നു ചര്‍ച്ച വിഷയം..  .. നൊന്തു പെറ്റ മക്കള്‍ ഒരു രാത്രിയില്‍ ആരോടും പറയാതെ മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടി പോവുന്ന ദുര്‍വിധിക്ക് തന്റെ മകളും പാത്രമാവുമോ എന്നോര്‍ത്ത്   പെണ്‍കുട്ടികളുള്ള ഓരോ അച്ഛനമ്മമാരും   അങ്കലാപ്പിലായി.   ഊണും ഉറക്കവുമില്ലാതെ പെണ്മക്കള്‍ക്ക്‌ കാവലിരിക്കേണ്ട ഗതികേടിലായി അവര്‍.  ഓരോ ആളുകളെയും സമാധാനിപ്പിക്കാന്‍ ഞാനും പ്രദീപും ഓടി നടന്നു.  ഞങ്ങളുടെ  പ്രയത്ന ഫലമായി ആ ഗ്രാമത്തില്‍ ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മ  രൂപപ്പെട്ടു..  ഇത് ഒരു യാദൃശ്ചിക സംഭവം ആണ് എന്നും.. ഇത് ഒരിക്കലും പതിവ് സംഭവമായി ഗ്രാമത്തിന്റെ സ്വൈര്യം നശിപ്പിക്കുന്ന അവസ്ഥയില്‍ എത്തില്ലന്നും ഞങ്ങള്‍ അവിടുത്തെ ഓരോ അച്ഛനമ്മമാരെയും ബോധ്യപ്പെടുത്തി.. പതുക്കെ പതുക്കെ  ഗ്രാമം പൂര്‍വസ്ഥിതിയിലായി.  ഗ്രാമത്തില്‍ സമാധാനം കൊണ്ട് വരാന്‍ എന്നെക്കാള്‍ ഏറെ പ്രവര്‍ത്തിച്ചത്  പ്രദീപ്‌ തന്നെയായിരുന്നു. എനിക്ക് എന്റെ കൂട്ടുകാരനെ  ഓര്‍ത്തു അഭിമാനം തോന്നി.  

ശമ്പളം കിട്ടിയ ദിവസമായിരുന്നു അന്ന് ....എല്ലാ മാസവും ശമ്പളംകിട്ടിയാല്‍ ഞാനും എന്റെ സുഹൃത്ത് സ്ടീഫനും കൂടി ടൌണിലുള്ള പഞ്ച നക്ഷത്ര ബാറില്‍ഒന്ന് പോകും  രണ്ടെണ്ണം വീശും , കുറെസംസാരിക്കും ...അത് എല്ലാ മാസവും നടക്കുന്നതാണ് ..പ്രദീപിനെ അതിനു കിട്ടാറില്ല... മദ്യപാനവും മറ്റും പാഴ്ചിലവ് ആണെന്നാണ്‌ അവന്റെ മതം.. പിന്നെ അവന്റെ ഒരുമാസത്തെ ശമ്പളം തന്നെ വേണ്ടി വരും അവിടുത്തെ ഒരു ബില്‍ സെറ്റില്‍ ചെയ്യാന്‍...അതാവും ഒരു പക്ഷെ അവന്‍ വരാത്തത് ... അന്ന് ഞാനും സ്ടീഫനും കൂടി കഴിച്ചുകൊണ്ടിരിക്കുമ്പോ കുറച്ചു ദൂരെയുള്ള ടേബിളില്‍ ഇരുന്നു മദ്യപിക്കുന്നവരേ വെറുതെഒന്ന് ശ്രദ്ധിച്ചു... ശ്രദ്ധിക്കാന്‍ ഒരു കാരണവും ഉണ്ട് ... അവരുടെ കൂടെ ഒരുമുപ്പത്തി അഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയുമുണ്ട് ... അവരും നന്നായിമദ്യപിക്കുന്നു.. ഞാന്‍ അവരെ ഒന്ന് ശ്രദ്ധിച്ചു ...വേറെ രണ്ടു ചെറുപ്പക്കാര്‍...വളരെ ഫ്രീക്ക്  ആയ രണ്ടു പയ്യന്മാര്‍ ..അവരുടെ മക്കളുടെ പ്രായമേ കാണൂ രണ്ടിനും... കൂടാതെ വേറെ ഒരാള്‍ അയാളുടെ മുഖംകാണുന്നില്ല... വെറുതെ വാഷ്‌ ബേസിന്‍ വരെ പോയി അയാളുടെ മുഖവും നുട്രലില്‍ ഒന്ന്നോക്കി ...ഞാന്‍ ഞെട്ടിപ്പോയി .. മദ്യപിച്ചു മദോന്മത്തനായ പ്രദീപ്‌ .. ആ സ്ത്രീയോടുള്ള അവന്റെ പെരുമാറ്റം കുറെ അതിര് കടന്നതും ആയിരുന്നു ...

എനിക്കെന്റെ കണ്ണുകളെത്തന്നെ വിശ്വസിക്കാന്‍ ആയില്ല...മദ്യമെന്നു കേട്ടാല്‍ കലി  തുള്ളുന്ന ഇവന് ഇങ്ങനെയും ഒരു മുഖമോ? ജോലി ആവശ്യത്തിനായി ബാംഗ്ലൂര്‍  വരെ പോകുന്നു എന്നാണല്ലോ രാവിലെ ഇവന്‍ പറഞ്ഞത് .. ഞാന്‍ ആ സ്ത്രീയെഒന്ന് നോക്കി ... എവിടെയോ കണ്ടിട്ടുണ്ട്... നല്ല പരിചയം തോന്നുന്നു , പക്ഷെ ആരാണെന്ന് മാത്രം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല...ഞാന്‍ പെട്ടന്ന് തന്നെ ബില്‍സെറ്റില്‍ ചെയ്തു  സ്ടീഫനെയും  കൂട്ടി പുറത്തിറങ്ങി .. അവന്‍ അവന്റെവീട്ടിലേക്കും ഞാന്‍ റൂമിലെക്കും പോന്നു ...വരുന്ന വഴിയിലും കിടന്നപ്പോളും എല്ലാംഎന്റെ ചിന്ത അവനെയും ആ സ്ത്രീയെയും കുറിച്ചായിരുന്നു ... ആരാണവര്‍? അവനു അവരുമായി എന്ത് ബന്ധമാണ് ? കൊച്ചു പയ്യനല്ലേ അവന്‍ ഇത്രയും മുതിര്‍ന്ന സ്ത്രീയോട്..  ഛെ .എനിക്ക് ആദ്യമായി  അവനോടു വെറുപ്പും അവജ്ഞയും തോന്നി.. ..

മനസ്സൊന്നു ഡീവിയെട്ട് ചെയ്യാനായി ഞാന്‍ ടീവി ഓണ്‍ ചെയ്തു .. പെട്രോളിയം വില വര്‍ദ്ധനവിക്കുറിച്ചു.. ഭരണ പക്ഷവും പ്രതിപക്ഷവും തമ്മില്‍ തല്ലുകൂടുന്നു .. വീണ്ടും വീണ്ടും ചാനലുകള്‍ മാറ്റി .. പെട്ടെന്നെന്തോ കണ്ണിലുടക്കി ഞാന്‍ പിന്നിലെ ചാനല്‍ ഒന്ന് നോക്കി ...അതാ ആ സ്ത്രീ... രണ്ടു വര്‍ഷം മുന്‍പ് നടന്ന പ്രമാദമായ ഒരു പെണ്‍വാണിഭ കേസിലെ മുഖ്യ പ്രതി           ഹേമാ നായര്‍ .... തെളിവില്ലാത്തതിനാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ നിരുപാധികം മാപ്പ് കിട്ടിയതില്‍ സന്തോഷിക്കുന്ന ഹേമ ... ഇവരല്ലേ ഇന്ന് ബാറില്‍ അവനോടൊപ്പം ഉണ്ടായിരുന്നത് ? അവരുമായി ഇവനെന്താണ് ബന്ധം ... എനിക്കാകെ ഭ്രാന്ത്‌  പിടിച്ചു ... അപ്പൊ ഈ മൂന്നുപെണ്‍കുട്ടികളെ ഇവനാകുമോ ? ഈശ്വരാ ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല ... എങ്ങനെയോ ഉറങ്ങി

രാവിലെ കതകില്‍ മുട്ട് കേട്ടാണ് ഞാന്‍ ഉണര്‍ന്നത് .. ചെന്ന് തുറന്നപ്പോള്‍ ശ്രയ കുറെ ദിവസമായി അവളെ കണ്ടിട്ട് .. അകത്ത് കയറി അവള്‍ തന്നെ ചായ ഉണ്ടാക്കി .. അവളോടീക്കാര്യം പറഞ്ഞാലോ ? ഏയ്‌ വേണ്ടാ കൃത്യമായി  അറിഞ്ഞ ശേഷം മതി... ഒരു പക്ഷെ ഞാന്‍ കരുതുന്നത് പോലെയല്ല കാര്യങ്ങള്‍ എങ്കിലോ... തല്‍ക്കാലം പറയണ്ടാ ..

അവള്‍ ചായ കൊണ്ട് വന്നപ്പോളെക്കും പ്രദീപ വന്നു ...

“ഹാ.. ശ്രയാ!!  നീ ഉണ്ടായിരുന്നോ ഇവിടെ? ഞാനില്ലത്തോണ്ട് രണ്ടാളും ഇവിടെ അങ്ങ് കൂടിയോ ?”

ഒപ്പം ഒരു വൃത്തികെട്ട  ചിരിയും .. അത് ശ്രയക്ക്‌ തീരെ ഇഷ്ട്ടമായില്ല...അവള്‍ അവനോടു ഷൌട്ട്  ചെയ്തു  .. ഇനി മേലില്‍ ഇങ്ങനെ ആവര്‍ത്തിച്ചാല്‍ മേലില്‍ ഇവിടേയ്ക്ക് വരില്ലന്ന് അവള്‍ പറഞ്ഞു .. അവന്‍ സോറി പറഞ്ഞു ..

അപ്പോളെല്ലാം ഞാന്‍ അവനെ ശ്രദ്ധിക്കുകയായിരുന്നു ..തലേദിവസത്തെ പ്രകടനത്തിന്റെ ഒരു ക്ഷീണവും അവന്റെ മുഖത്തുണ്ടായിരുന്നില്ല.. ഞാനും ഭാവമാറ്റം ഒന്നും കാണിച്ചില്ല ..

പിറ്റേ ദിവസം മുതല്‍ അവനറിയാതെ ഞാന്‍ അവനെ പിന്‍ തുടര്‍ന്നു.. അവന്‍  എവിടെയൊക്കെ പോവുന്നു..  ആരെയൊക്കെ കാണുന്നു എന്നെല്ലാം .. . ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് ആ ദിവസങ്ങളില്‍ എനിക്ക് കണ്ടെത്താനായത്.  .ആ നഗരത്തിലെ അനവധി  ക്രിമിനല്സും ആയും അവനു ബന്ധമുണ്ടെന്നു എനിക്ക് മനസ്സിലായി..  , ഒന്നെനിക്കുറപ്പായി ലക്ഷ്മിയുടേതടക്കം ആ മൂന്നുകുട്ടികളുടെയും തിരോധാനത്തിനു പിന്നില്‍ ഇവന്റെ കൈകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്... പക്ഷെ എങ്ങനെ ഞാനത് തെളിയിക്കും ... അവനെതിരെ ഒരു തെളിവുകളും എന്റെ പക്കലില്ല..ഞാന്‍ കണ്ട കാര്യങ്ങള്‍ അല്ലാതെ ഒന്നും.. ആരോട് പറഞ്ഞാലും ആരും അവിശ്വസിക്കില്ല അവനെ എന്നെനിക്കുറപ്പാണ്..

അന്ന് വൈകിട്ട് ഞാന്‍ അല്‍പ്പം മദ്യപിച്ചു .. റൂമിലേക്ക്‌ വന്നപ്പോള്‍  എന്റെ വീടിനു മുന്നില്‍ വലിയൊരു ജനക്കൂട്ടം .. എനിക്ക് ആശ്വാസമായി.. എല്ലാം അവര്‍ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.. ഇനി അവനെ അവര്‍ തന്നെ കൈകാര്യം ചെയ്തോളും... മനസ്സിന്റെ ഭാരം ഒന്ന് കുറഞ്ഞത് പോലെ തോന്നി.. എനിക്ക് ദൈവത്തിനോട് നന്ദി പറയാന്‍ തോന്നി..  ഭഗവാനെ നീ എന്നെ രക്ഷിച്ചല്ലോ.. ഞാന്‍  പതുക്കെ അവിടേക്ക് നടന്നു.. പെട്ടന്ന് ജനകൂട്ടം ആക്രോശിച്ചു കൊണ്ട് എന്റെ നേരെ ചാടി വീണു.. അവരില്‍ നിന്ന് പലരും വിളിച്ചി പറയുണ്ടായിരുന്നു..

“വിടരുത് അവനെ.. ആ പട്ടിടെ മോനെ തല്ലികൊല്ലണം, ചതിയനാണ് അവന്‍.. ഇത്രയും കാലം ഈ ഗ്രാമത്തിനെ വഞ്ചിക്കുകയായിരുന്നു അവന്‍..” 

പിന്നെ എല്ലാരും കൂടി എന്നെ തല്ലാനും ഉപദ്രവിക്കാനും .. തുടങ്ങി.. അതില്‍ ഒരുത്തന്റെ അടി എന്റെ വയറിലാണ് കൊണ്ടത്.. “ഹമ്മേ” ഞാന്‍ കരഞ്ഞു പോയി.. എന്നെ അടിച്ചവനെ ഞാന്‍ ഒന്ന് നോക്കി .. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.. അത് അവന്‍ ആയിരുന്നു .. എന്റെ പ്രിയപെട്ട കൂട്ടുകാരന്‍.. പ്രദീപ്‌.. അവന്റെ കൂടെ അവളും ഉണ്ട്.. ശ്രയ.. എന്റ...എന്റെ പ്രിയപ്പെട്ട കൂട്ടുകാരി... പിന്നെ ഒന്നും ഓര്‍മ്മയില്ല... മുഖത്ത് ശക്തിയായി വെള്ളം വീണപ്പോളാണ് ഓര്‍മ്മ വന്നത്..  ശരീരത്തില്‍ പലയിടങ്ങളായി നീറ്റല്‍ തലയില്‍ നിന്നും ചോര ഒലിച്ചിറങ്ങി ധരിച്ചിരുന്ന ഡ്രസ്സില്‍ ചുവന്ന ചായം പടര്‍ത്തിയത് പോലെ ..

“നീഇത്ര ചീപ്പ് ആണെന്ന് ഞാന്‍ അറിഞ്ഞില്ല, എങ്ങനെ തോന്നിയടാ ഇതൊക്കെ ചെയ്തു കൂട്ടാന്‍?നിന്റെ സുഹൃത്തെന്ന് പറയാന്‍ എനിക്ക് ലജ്ജ തോന്നുന്നു ഛെ “    

ശ്രേയയുടെ ആക്രോശവും... തുപ്പലിന്റെ അവശിഷ്ട്ടങ്ങളും  മുഖത്തേക്ക്  വീണു... എന്റെ ഉള്ളം നീറി.. എങ്ങിനെ എന്റെ നിസഹായത ഞാന്‍ വെളിപ്പെടുത്തും... ഞാന്‍ ദൈവത്തിനോട് കേണു..

“ഭഗവാനെ എന്നെ രക്ഷിക്കു.. എന്റെ നിരപരാധിത്വം വെളിപ്പെടുത്താന്‍ എനിക്ക് ഒരു അവസരം ഉണ്ടാകി തരൂ ..”

പിന്നെയും അവള്‍ എന്തെക്കെയോ പറയുന്നുണ്ടായിരുന്നു..   ഒന്നെനിക്ക് മനസ്സിലായി ...അവന്‍ വളരെ വിദഗ്ദമായി എന്നെ കുടുക്കിയിരിക്കുന്നു ... അവന്റെ തെറ്റുകള്‍ അവന്‍ എന്റെ മേല്‍ ചുമത്തിയിരിക്കുന്നു... ഒരായിരം തെളിവുകളും അവന്റെ കയ്യിലുണ്ട് .. ഞാന്‍ ആകെ തളര്‍ന്നു പോയി  .. ഉടന്‍തന്നെ പോലിസ്‌ എത്തി എന്നെ കസ്റ്റഡിയില്‍ എടുത്തു ..

ചോദ്യം ചെയ്യുന്നതിടയില്‍ ഞാന്‍ ഉണ്ടായ സംഭവങ്ങള്‍ എല്ലാം ഇന്‍സ്പെക്റ്ററോടു പറഞ്ഞു.. ..ഇന്‍സ്പെക്ടര്‍ക്കു എന്റെ നിസഹായത മനസ്സിലായെന്നു തോന്നുന്നു ... പക്ഷെ അദ്ദേഹം അത് പുറത്തു കാണിച്ചില്ല പകരം, കൂടുതല്‍ അനേഷണം നടത്തുന്നത് വരെ എന്നെ കസ്റ്റഡിയില്‍ വക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.  തുടര്‍ന്ന് അന്വേഷണങ്ങള്‍ക്കിടയില്‍  അയാള്‍ക്ക് സത്യം മനസ്സിലായി.. ..എന്നെ തെളിവെടുപ്പിനായി കൊണ്ട് പോവുന്നു എന്നാ വ്യാജേന ഇസ്ന്പെക്ടര്‍ എന്നെ ഞാന്‍ താമസിച്ചിരുന്ന വീട്ടിലേക് കൊണ്ട് പോയി.  എന്നെ കണ്ട നാട്ടുകാര്‍  പിന്നെയും അക്രമാസക്തരായി.. അവര്‍ എന്റെ നേര്‍ക്ക്‌ ആക്രോശം ചൊരിഞ്ഞു. ചില അമ്മമ്മാര്‍ അവരുടെ ചെരിപ്പുകള്‍ എന്റെ നേരെ എറിഞ്ഞു.... ആ ഉദ്യോഗസ്ഥന്‍ ശാന്തരാകാന്‍ നാട്ടുകാരോട് ആവശ്യപെട്ടു.. പിന്നീട് അവരെ സത്യം പറഞ്ഞു ബോധ്യപ്പെടുത്തി.. എല്ലാവരും കണ്ണില്‍ കണ്ണില്‍ നോക്കി ... ആര്‍ക്കും അത് വിശ്വസിക്കാനാവുന്നില്ലന്നു തോന്നി .. അപ്പോഴാണ്‌ അവന്‍ അങ്ങോട്ട്‌ വന്നത് എന്നിട്ട് ചോദിച്ചു ....

“ഹായ് സാര്‍, തെളിവെടുപ്പ് തുടങ്ങിയോ?”

“ഉം....കുറെ തെളിവുകള്‍ എടുക്കാനാടാ ഞാന്‍ വന്നത്”

പറഞ്ഞു തീര്‍ന്നതും അയാളുടെ ബാലിഷ്ട്ടമായ കാല്‍മുട്ടുകള്‍അവന്റെ നാഭിയിലേക്ക് പാഞ്ഞു ...

“ആഹ്”

ഒരു അലര്‍ച്ചയോടെ അവന്‍ ഓടാന്‍ ശ്രമിച്ചു ... അപ്പോഴേക്കും അവന്റെ മേല്‍ പിടി വീണിരുന്നു ... നാട്ടുകാര്‍ അവന്റെ നേരേ പാഞ്ഞടുത്തു.. ...

എന്റെ കണ്ണുകള്‍ അവര്‍ക്കിടയില്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു മുഖത്തെ തേടുകയായിരുന്നു അപ്പോള്‍..  ഞാന്‍ കണ്ടു.. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ.. എന്റെ നേര്‍ക്ക്‌ ഒന്ന് നോക്കാന്‍ പോലും   ശക്തിയില്ലാതെ പശ്ചാത്താപവിവശയായി അവസ്ഥയിലായിരുന്നു അവള്‍.. ഞാന്‍ അവളെ നോക്കി..  പക്ഷെ..ചുമരില്‍ മുഖമമര്‍ത്തി വിങ്ങുകയാണവള്‍.. ഓടി വന്നു എന്റെ കാല്‍ കീഴില്‍ കിടന്നു  പോട്ടിക്കരയണമെന്നു തോന്നുന്നുണ്ടാവണം അവള്‍ക്കിപ്പോ.. എന്നോട് ക്ഷമ ചോദിക്കണം എന്നുണ്ടാവാം. പക്ഷെ അതിനവള്‍ക്കാവുന്നില്ലന്നു തോന്നുന്നു അത് കൊണ്ടാവാം ഒരു പക്ഷെ അവള്‍ തേങ്ങി തേങ്ങി കരയുന്നത്..

“എന്റെ പ്രിയപ്പെട്ട കൂട്ടുകാരി.. ആമ്പല്‍ പൂവിതളിന്മേല്‍ മഞ്ഞു തുള്ളി വീണത് പോല്‍..നീ എന്റെ മനസ്സില്‍ കുളിര്‍ കോരിയിട്ടിരിക്കുന്നു . ..നിന്നെ കണ്ടത് മുതല്‍ ഞാന്‍ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്കു എത്തിയിരിക്കുന്നു...”

അപ്പോള്‍  ഒരു കുളിര്‍ തെന്നല്‍ പ്രകൃതിയോടു കിന്നാരം പറഞ്ഞു എന്നെ തലോടി കൊണ്ട് കടന്നു പോയി.. എനിക്ക് മനസ്സിലായി അവള്‍ തന്ന സൌഹൃദത്തിന്റെ സൌകുമാര്യം. 

സത്യം.. 

" സൌഹൃദമേ  നീ ആത്മാവിന്റെ സംഗീതമാണ് "

Sunday 2 September 2012

മഴത്തുള്ളികള്‍


മഴ പെയ്യുകയാണ്...മനുഷ്യന്റെ മനസ്സും തിടുക്കവും അതിനു അറിയേണ്ട ആവശ്യമില്ലലോ? ചന്നം പിന്നം പെയ്തൊഴിയുക തന്നെ. 
" കുടയുണ്ടോ ഉണ്ണിമോളെ? " ടാക്സി ഓടിച്ചിരുന്ന  സുരന്‍ ചേട്ടന്‍ ചോദിച്ചു.
" ഉവ്വ്..എന്തൊരു മഴയാ..ഇന്ന്  വണ്ടി പോയത് തന്നെ...അമ്മയോട് പറഞ്ഞേക്ക് കേട്ടോ...ഞാന്‍ എത്തിയിട്ട് വിളിക്കാം" 
സൌമ്യ സ്റ്റേഷനീലേക്ക്  ഓടിക്കയറി .അപ്പോളേക്കും ട്രെയിന്‍ മൂന്നാം നമ്പര്‍ പ്ലാട്ഫോമില്‍ നിന്നും നീങ്ങി തുടങ്ങിയിരുന്നു.ഓടി എത്തുകയില്ലന്നു അറിയുന്നത് കൊണ്ട് തന്നെ അവള്‍ തളര്‍ന്നു അടുത്ത് കണ്ട സിമിന്‍റ് ബെഞ്ചില്‍ ഇരുന്നു. അടുത്ത ട്രെയിന് ഇനിയും നാല് മണിക്കൂര്‍ കാത്തിരിക്കണം. നാട്ടിലെ റോഡുകളുടെ ദുര്‍ഗതി ബസ് യാത്രയെ മടുപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ജേര്‍ണലിസം തലയ്ക്കു പിടിച്ച അന്ന് തുടങ്ങിയ യാത്രയാണ്..കാതങ്ങളും ദൂരങ്ങളും താണ്ടി. എവിടെയും ഒരു വാര്‍ത്ത പത്രക്കാര്‍ക്കായി കാത്തിരിക്കുന്നു എന്ന തോന്നല്‍ ഉണ്ടാവും. മനസ്സും ശരീരവും എപ്പോളും ജാഗരൂകമായിരിക്കും. എന്തൊക്കെയോ മനസ്സില്‍ ആലോചിച്ചു സൌമ്യ  ഒരു മാഗസിന്‍ ബാഗില്‍ നിന്നും എടുത്തു. വെറുതെ അതിന്‍റെ പേജുകള്‍ മറിച്ചു വിടുമ്പോള്‍ അടുത്തിരുന്ന ചെറുപ്പക്കാരനെ ശ്രദ്ധിച്ചു. 
കാഴ്ചയില്‍ അത്ര മോശമില്ല. നെറ്റിയിലേക്ക്  അലക്ഷ്യമായി വീണു കിടക്കുന്ന മുടി ......എന്തോ ഒരു ആകര്‍ഷണീയത തോന്നി അവള്‍ക്ക്.
" ഹായ്  ... അയാം സൌമ്യ  .." 
" ഉം ....മഹേഷ്‌ ...മഹി " 
" എവിടേക്ക് പോകുന്നു?"
" തീരുമാനിച്ചില്ല "  ഒരു ചിരിയോടെ മഹി പറഞ്ഞു 
" ഹ ഹ  കൊള്ളാമല്ലോ....എവിടെ നിന്നു വരുന്നു? " 
" ജയില്‍ നിന്ന്."
" അവിടെന്താ ജോലിയാണോ? ...പോലീസ്?? "
" അല്ല. ശിക്ഷയില്‍ ആയിരുന്നു."
" താന്‍ തമാശ പറയുക ആണല്ലോ അല്ലെ? " 
" ഒരിക്കലുമല്ല...ഒരു സത്യം ..അത് വിശ്വസിക്കാതിരിക്കാന്‍ മാത്രം നമ്മള്‍ തമ്മില്‍ ......"
" ഓക്കേ ഓക്കേ ..ഐ ആം സോറി ...ആദ്യമായി കണ്ട ഒരാളോട് ...ഇത്രയും....ഐ ആം എ ജേര്‍ണലിസ്റ്റ് ..അതുകൊണ്ടാവം ഇങ്ങനെ...എന്തും അറിയാന്‍...വെറുതെ ...ഐ ആം റിയലി സോറി "
അവള്‍ വെറുതെ മഴയിലേക്ക്‌ നോക്കി ഇരുന്നു....മഴ ശമിചിരുന്നില്ല....അയാളുടെ മനസ്സില്‍ ഒരു ഇടവപ്പാതി പെയ്തൊഴിയാന്‍ നില്‍ക്കുന്നു എന്നവള്‍ക്ക് തോന്നി 
" സൌമ്യ ...എന്നെ തനിക്കു അറിയില്ലേ? പഴയ വാര്‍ത്തകളില്‍ ഒന്നും എന്നെ കണ്ടതായി താന്‍ ഓര്‍മ്മിക്കുന്നില്ലേ?"
അവള്‍ ഓര്‍മ്മകളില്‍ ആ മുഖം പരതി നോക്കി. ഇല്ല ..കണ്ടെത്താന്‍ ആവുന്നില്ല 
" ഇല്ല...എനിക്ക്...ഞാന്‍...."
" ഒരിക്കല്‍ താന്‍ എന്നെ തേടി വന്നിരുന്നു ....ഇത് പോലെ ഒരു മഴയുള്ള ദിവസം...ജയിലില്‍....അന്ന് എനിക്ക്  ആരെയും കാണണ്ട എന്ന് ഞാന്‍ പറഞ്ഞു..അമ്മയും അച്ഛനും വിവാഹം തീരുമാനിച്ച പെണ്ണും ഒരുമിച്ചു ആത്മഹത്യ ചെയ്തപ്പോള്‍ ഒരു ജയില്‍ പുള്ളിയുടെ മനസ്സ്  അറിയുവാന്‍ ...ഓര്‍മ്മ ഉണ്ടോ തനിക്ക്? "
" അത്....താന്‍...പക്ഷെ അന്ന് ഞാന്‍ തന്നെ കണ്ടിരുന്നില്ല മഹി..."
" കാണാന്‍ ഞാന്‍ അനുവദിച്ചില്ല ...ആരെയും ...സ്വയം ഒരു പരിഹാസപാത്രമാകാന്‍ ആഗ്രഹിച്ചില്ല ...പത്രക്കാര്‍ക്ക് വാര്‍ത്ത മാത്രം മതി...അതിലെ മനുഷ്യന്റെ മനസ്സ് വേണ്ട....."
ലോകത്തോട്‌ മുഴുവനുള്ള ദേഷ്യം ആ കണ്ണുകളില്‍ അവള്‍ കണ്ടു. അയാള്‍ മഴയിലേക്ക്‌ തറപ്പിച്ചു നോക്കി 
" തനിക്ക് വിരോധമില്ലെങ്കില്‍ ഇന്ന് എനിക്കത് അറിയണം എന്നുണ്ട്....ഒരു സുഹൃത്തായി....ആ മനസ്സ് അറിയാന്‍..."
അയാള്‍ എഴുന്നേറ്റു മഴയിലേക്ക്‌ നോക്കി നിന്നു...അടുത്ത് കൂടി ഒരു ട്രെയിന്‍ വന്നു പോയത് അറിഞ്ഞില്ല എന്ന് തോന്നി. 
" അഞ്ജന...അവള്‍ എന്‍റെ ജീവന്‍ ആയിരുന്നു...കൂടെ കളിച്ചവള്‍...കൂടെ വളര്‍ന്നവള്‍...മുറപെണ്ണ്  ...കാലം സമ്പ്രദായങ്ങള്‍ മാറ്റി മറിച്ചിട്ടും എനിക്ക് വേണ്ടി കാത്തിരുന്നവള്‍..." അയാള്‍ പതിയെ പറഞ്ഞു തുടങ്ങി .സൌമ്യ അയാള്‍ അറിയാതെ വോയിസ്‌ രെക്കൊ൪ദര് ഓണ്‍ ആക്കി. 
" ഞങ്ങളുടെ കല്യാണം...എന്‍റെ വീട്ടിലും അവളുടെ വീട്ടിലും മാത്രമല്ല ആ നാട് മുഴുവന്‍ ഒരു ആഘോഷം ആക്കണമെന്ന് അച്ഛന്‍ എന്നും പറയുമായിരുന്നു...നാടടച്ച് വിളിച്ചു ...വലിയ പന്തല്‍ ഇട്ടു ...ഒരുപാട് ബന്ധുക്കള്‍ ഒരാഴ്ച മുന്നേ വീട്ടില്‍  എത്തി ...രണ്ടു കുടുംബങ്ങളെയും അറിയുന്നവര്‍ ആണ് എല്ലാവരും...ശരിക്കും ആഘോഷം ഒരാഴ്ച മുന്‍പേ തുടങ്ങി. ഇതിനിടക്ക്‌ പലതവണ ഞാന്‍ അന്ജനെയെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല...ഈ തിരക്കുകളില്‍ എവിടെയോ അവള്‍ ഉണ്ടാകുമെന്ന് മാത്രം ഞാന്‍ ആശ്വസിച്ചു.മൂന്നു വര്‍ഷത്തെ  പ്രവാസ ജീവിതത്തിനു ശേഷം ഞാന്‍ നാട്ടില്‍ എത്തിയത് രണ്ടാഴ്ച മുന്‍പേ ആണ്...എല്ലാവരും തീരുമാനിച്ചു ഉറപ്പിച്ച വിവാഹത്തില്‍ ഒരു പെണ്ണുകാണല്‍ ചടങ്ങ് ഇല്ലാതിരുന്നതിനാല്‍ അവളെ കാണാന്‍ ഒരുപാട് കഷ്ടപെട്ടു...അമ്മായിയും അമ്മാവനും വീട്ടില്‍ വന്ന സമയം മനപൂര്‍വം അവളുടെ വീട്ടില്‍ പോയി...ഒരു നോക്ക് കണ്ടു..ഇത്തിരി വര്‍ത്തമാനം പറഞ്ഞു..അപ്പോളേക്കും അവളുടെ അനിയന്‍ വന്നു.....അവന്റെ ഒപ്പം എനിക്ക് തിരിച്ചു പോരേണ്ടി വന്നു...പിന്നീട് അമ്പലത്തില്‍ വെച്ച് ഒരു നോക്ക്..അത്ര മാത്രം...
"ഗോപുവിന്‍റെ ഫോണ്‍ വന്നു..അവന്‍ റെയില്‍വേ സ്റെഷനില്‍ നില്‍ക്കുവ...ഭയങ്കര മഴ ..നീയൊന്നു കൂട്ടി വാ..." അച്ഛന്‍ എന്നോട് പറഞ്ഞു. ഗോപു എന്‍റെ സുഹൃത്താണ്...എന്‍റെ സുഹൃത്തെങ്കിലും അച്ഛന് അവന്‍ സ്വന്തം മകനാണ്...അവന് തിരിച്ചും..എന്നെ വിളിക്കുന്നതില്‍ കൂടുതല്‍ അവന്‍ വിളിക്കുക അച്ഛനെയാണ്.." മഴ മാറട്ടെ അച്ഛാ ...അല്ലാതെ ഞാന്‍ എങ്ങനാ പോവുക..." " ഉം ..ശരി...ഹര്‍ത്താല്‍ ആണ് ...പോരാത്തതിന് ഓണക്കാലവും...സൂക്ഷിക്കണം..." അച്ഛന്‍ പറഞ്ഞു..
മഴയുടെ ശക്തി കുറഞ്ഞപ്പോള്‍ ഞാന്‍ വണ്ടിയെടുത്തു ഇറങ്ങി...." അച്ഛാ ഞാന്‍ ഇറങ്ങുവ...." " നില്‍ക്ക് ..ദെ ഈ കുട്ടിയെ  ബസ് സ്ടാന്റില്‍ വരെ ഒന്ന് വിട്..നീ പോകും വഴി...നിനക്കിവളെ അറിയില്ലേ? അനിത....നമ്മുടെ അച്ചുന്റെ പെങ്ങള്‍..." അച്ഛന്‍ പറഞ്ഞു 
" ഓ അറിയാം..അനിത...ഞാന്‍ ഒരുപാട് കാലത്തിനു ശേഷമാ കാണുന്നത്..താന്‍ ബംഗ്ലൂരില്‍ അല്ലായിരുന്നോ? അമ്മ പറഞ്ഞു എപ്പോളോ.."
" അതെ ...കഴിഞ്ഞ ആഴ്ച വന്നതാ" അവള്‍ പറഞ്ഞു..
വണ്ടിയില്‍ അവളെ കയറ്റി പോകുമ്പോള്‍ മഴ ശമിച്ചിരുന്നു....വഴിയാണെങ്കില്‍ വിജനം....അതിനാല്‍ തന്നെ വേഗം എത്തുവാന്‍ സാധിച്ചു..ഗോപു കാത്തു നിന്നു മുഷിഞ്ഞിരുന്നു.....അനിതയെ സ്ടാന്റില്‍ വിറ്റു ഞാന്‍ ഗോപുവിനെ കൂട്ടി വന്നു..താമസിച്ചതിനു അവന്റെ വക കുറെ ചീത്തയും കേട്ടു 
കല്യാണത്തിന്റെ തലേ രാത്രി ഒരിക്കലും മറക്കാന്‍ ആവില്ല..അത്ര സന്തോഷം ആയിരുന്നു..എല്ലാവരും കൂടി...അതിനു അധികം ആയുസ്സ് ഉണ്ടായില്ല ...രാവിലെ ഫോട്ടോഗ്രാഫര്‍ എന്നെ നിര്‍ത്തിയും ഇരുത്തിയും ഒക്കെ ഫോട്ടോ എടുക്കുന്ന തിരക്കില്‍ ...ആരോ വന്നു പറഞ്ഞു..."ദെ ..പോലീസ്..." " പോലീസോ? എന്തിന്...? "  
വിലങ്ങുവെച്ചു വിവാഹവേഷത്തില്‍ പോകുന്ന വരനെ കാണാന്‍ ഒരുപാട് പേര്‍ തടിച്ചു കൂടി...എന്‍റെ വിവാഹ ഫോട്ടോ എടുക്കാന്‍ വന്നവന്‍ വരെ എന്‍റെ ഫോട്ടോ പല പത്രങ്ങള്‍ക്കു കൊടുത്തു. "
" അനിത...അതാണോ? " സൌമ്യ ചോദിച്ചു 
" ഉം ..മഹി പറഞ്ഞു....അവളെ കാണാന്‍ ഇല്ലാ എന്നായിരുന്നു ആദ്യം വാര്‍ത്ത...പിന്നീട് കൊല്ലപ്പെട്ടു എന്നും...ഒരു കത്ത് കിട്ടി ..ആത്മഹത്യ കുറിപ്പ് എന്ന പോലെ...അവള്‍ക്ക് ഒരു ഗള്‍ഫ്കാരനുമായി പ്രണയം ഉണ്ടായിരുന്നു എന്നും ഇപ്പോള്‍ അയാള്‍ വേറെ വിവാഹം കഴിക്കുന്നതില്‍ മനം നൊന്തു അവള്‍ ആത്മഹത്യ ചെയ്യുന്നു എന്നും ആയിരുന്നു അതില്‍....വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രം കണ്ട അനിതയും ഞാനും ആരും അറിയാതെ പ്രണയിക്കുകയായിരുന്നു എന്ന് പലരും വിധി എഴുതി.....അതില്‍ എന്‍റെ അച്ഛനും അമ്മയും....ഞാന്‍ തകര്‍ന്നു പോയി...എല്ലാവരും എന്നെ ശപിച്ചു വെറുത്തു....എല്ലാം അറിഞ്ഞ അഞ്ജന ....ആരോടും ഒന്നും സംസാരിച്ചില്ല....ഒടുവില്‍ അനിത എഴുതിയ കത്ത് പോലീസ് അവള്‍ക്ക് കാണിച്ചു കൊടുക്കും വരെ...പിന്നീട് എന്ത് സംഭവിച്ചു എന്നെനിക്കു അറിയില്ല...കൈവിലങ്ങ് വെച്ച് എന്നെ പോലീസ് കൊണ്ട് വന്നു എന്‍റെ വീട്ടില്‍....എനിക്കും അന്ജനക്കും  വേണ്ടി ഒരുക്കിയ പന്തലില്‍ ...മൂന്നു മൃത ദേഹങ്ങള്‍...അച്ഛന്‍ അമ്മ അഞ്ജന.....ഞാന്‍ വന്നത് മുതല്‍ ഒരുപാട് കാണാന്‍ ശ്രമിച്ച മുഖം....വര്‍ഷങ്ങളായി ഞാന്‍ മനസ്സില്‍ കൊണ്ട് നടന്ന എന്‍റെ അഞ്ജന.....അലറിക്കരയുകയായിരുന്നു ഞാന്‍.....കൂടി നിന്നവര്‍ എന്നെ വെറുപ്പോടെ നോക്കി....ആരും എന്നെ അറിഞ്ഞില്ല....എന്‍റെ മനസ്സ് അറിഞ്ഞില്ല...അഭിമാനിയായ എന്‍റെ അച്ഛന്‍ ...എന്‍റെ അമ്മ......വലിച്ചിഴച്ചു പോലീസ് എന്നെ കൊണ്ടുപോയി...എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.....ഞാന്‍ എന്നെന്നേക്കുമായി അനാഥന്‍ ആവുകയായിരുന്നു ......"
" കോടതിയില്‍...ഒന്നും....?" സൌമ്യ ചോദിച്ചു 
" ഇല്ല...ഒന്നും പറഞ്ഞില്ല....അനുഭവിച്ചു....വര്‍ഷങ്ങള്‍....വെളിയില്‍ എന്നെ കാത്തു ആരും ഇല്ലാന്ന് എനിക്ക് അറിയാമായിരുന്നു ..."
അയാളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത്‌ അവള്‍ കണ്ടു.....
അവള്‍ക്കുള്ള ട്രെയിന്‍ വരുന്നു എന്ന അനൌന്‍സ്മെന്റ്  മുഴങ്ങി ... അവള്‍ പതിയെ രേക്കൊര്ദര്‍ ഓഫാക്കി...
മഴയിലൂടെ ചെന്നു ട്രെയിനില്‍ കയറും വരെ അവര്‍ ഒന്നും സംസാരിച്ചില്ല...ട്രെയിന്‍ വിടുമ്പോള്‍ അവള്‍ കണ്ടു നിറ കണ്ണുമായി അവളെ നോക്കി നില്‍ക്കുന്ന മഹി...അവള്‍  പതിയെ കൈ വീശി കാണിച്ചു...
സീറ്റില്‍ ഇരുന്നു ആ രേക്കൊര്ടെര്‍ അവള്‍ ഓണാക്കി....അവന്റെ ശബ്ദം കാതുകളില്‍ ....ആദ്യമായി അന്നവള്‍ക്ക് ഒരു വാര്‍ത്ത ജനങ്ങളില്‍ എത്തിക്കേണ്ട എന്ന് തോന്നി....അത് ഓഫാക്കി അവള്‍ സീറ്റില്‍ ചാരിയിരുന്നു കണ്ണുകള്‍ അടച്ചു....മനസ്സില്‍ ഒരു മഴ പെയ്യുന്നു....അവിടെ മഴത്തുള്ളികള്‍ പോലെ അഞ്ജനയും ....മഹിയും...അനിതയുമെല്ലാം ......
മഴ ...മഴ .... അതങ്ങനെ തിമിര്‍ത്തു പെയ്യുകയാണ്