Thursday 29 August 2013

പ്രണയം.....


വിരസമായ ഒരു രാത്രിയുടെ ഒടുവില്‍ ഉറങ്ങും എന്ന പ്രതീക്ഷയില്‍ കണ്ണുകള്‍ അടച്ച് ഞാന്‍ കിടന്നു. നിദ്രാദേവി കണ്ണുകളെ താഴുകിത്തുടങ്ങിയപ്പോള്‍ ഞാന്‍ പതിയെ ഉറക്കത്തിലേക്ക് വഴുതി .. നിദ്രക്ക്‌ ഭംഗം വരുത്തിക്കൊണ്ട് തലക്കീഴില്‍ മൊബൈല്‍ രണ്ട് തവണ വിറ കൊണ്ടു . ആരാണീ പാതിരാത്രിയില്‍ മെസ്സേജ് അയക്കാന്‍ ? ചോദ്യ ഭാവത്തില്‍ അടഞ്ഞു പോകുന്ന കണ്ണുകള്‍ ബലമായി തുറന്ന് ഞാന്‍ ഫോണ്‍ എടുത്തു നോക്കി സമയം രാത്രി ഒരു മണി .. മെല്ലെ മെസ്സേജ് തുറന്നു ..

“It’s me your butterfly call me now if u love me”

“ഇന്ദു !!!!”

അറിയാതെ നാവ് മന്ത്രിച്ചു ആ പേര് . ഇവള്‍ എന്താണ് ഈ പാതിരാത്രിയില്‍? അറിയാതെ മനസ്സ് വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ പോയി .....

പത്താം തരത്തില്‍ പഠിക്കുമ്പോള്‍ ആണ് ഞാന്‍ ഇന്ദുവിനെ ആദ്യമായി കാണുന്നത്. നഗരത്തിലെ ഗേള്‍സ്‌ സ്കൂളില്‍ ആണ് അവളുടെ പഠനം , ട്യൂഷനായി അവള്‍ വരുന്നത് ഞാന്‍ പഠിക്കുന്ന അതെ പാര്‍ലല്‍ കോളേജില്‍. വന്ന അന്ന് മുതല്‍ ക്ലാസിലെ പുരുഷ വൃന്തത്തിന്റെ ഏക ഫോക്കസ് പോയിന്റ് ആയി അവള്‍ അതിനു കാരണവും ഉണ്ട് . ആയിരം നിലവിളക്കുകള്‍ ഒന്നിച്ചു പ്രകാശിക്കുന്ന ഐശ്വര്യമാണ് ആ മുഖത്ത് , വിടര്‍ന്ന കണ്ണുകള്‍ കുപ്പി മുറി പോലെ തിളങ്ങും , ഇടതൂര്‍ന്ന ചുരുണ്ട കാര്‍കൂന്തല്‍ നിതംഭങ്ങളെ മറക്കും, ഞൊറിയിട്ട പട്ടു പാവാടയും ബ്ലൌസും അണിഞ്ഞ് അവള്‍ ക്ലാസിലേക്ക് വരുമ്പോള്‍ ഒരു പൂമ്പാറ്റ പറന്നു വരുന്നതുപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത് .. ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ അവളിലെക്കാവും.. മേശമേല്‍ ചൂരലിന്റെ പ്രഹര ശബ്ദം കേട്ടാവും എല്ലാവരും സ്വപ്നലോകത്ത് നിന്നിറങ്ങുക.

ക്ലാസ്സില്‍ പൊതുവേ നിശബ്ദന്‍ ആണ് ഞാന്‍ പഠിക്കാന്‍ അല്‍പ്പം പിറകിലും, അതുകൊണ്ട് തന്നെ അവസാന ബെഞ്ചാണ് എനിക്ക് വിധിക്കപ്പെട്ടതും, നാല് വരിക്കവിത പഠിച്ചു പാരായണം ചെയ്യാത്തതില്‍ പ്രധിഷേധിച്ച് മലയാളം വാദ്യാര്‍ എന്റെ കയ്യുടെ അളവ് ചൂരല്‍ കൊണ്ടെടുക്കുമ്പോള്‍  അവള്‍ അത്ഭുതത്തോടെ എന്റെ കണ്ണുകളിലേക്ക് നോക്കും, വേദന കൊണ്ട് പുളയുംപോളും കൈ വലിക്കാതെ നിന്നു തല്ല് വാങ്ങും. അവസാനം കൈ കഴച്ച് വാദ്യാര്‍ തന്നെ തല്ല് നിര്‍ത്തും, പിന്നെ എന്റെ സ്ഥാനം ക്ലാസിലെ ഏറ്റവും പിന്നിലെ ബെഞ്ചിന് മുകളില്‍.. അതെനിക്ക് സന്തോഷം നല്‍കുന്ന ഒന്നായിരുന്നു, കാരണം അടുത്തതായി കവിത പാടുന്നത് അവളാണ്, ക്ലാസില്‍ കുട്ടികള്‍ക്ക് അഭിമുഖമായി നിന്ന് നല്ല ഈണത്തില്‍ അവളത് ചൊല്ലും, ഒരു രാജാവിനെപ്പോലെ ഏറ്റവും പിന്നില്‍ ഉയര്‍ന്ന് നിന്ന് ഞാനത് ആസ്വദിക്കും , ഒരുപക്ഷെ ഈ ഒരു കാരണത്താല്‍ അറിയാമെങ്കില്‍ പോലും ഞാന്‍ അത് ചൊല്ലില്ല

ഒരു ശനിയാഴ്ച ക്ലാസുകളുടെ ഇടവേളകളില്‍ ഒന്നില്‍ ആരോടും കൂടാതെ ഏകനായി ക്ലാസിന്റെ ഒരു കോണില്‍ എന്റെ ചിന്താമണ്ഡലത്തില്‍ സ്വപ്‌നങ്ങള്‍ നെയ്തു ഞാനിരിക്കവേ എന്റെ തോളില്‍ ആരോ തട്ടി, സ്വപ്നലോകത്തുനിന്നും വഴുതി വീണ ഞാന്‍ തട്ടിയ ആളിനെ തുറിച്ചു നോക്കി ..
“ങേ?” എനിക്ക് വിശ്വാസം വന്നില്ല കണ്ണുകള്‍ തിരുമ്മി ഞാന്‍ ഒന്നുകൂടി നോക്കി, അതെ സത്യമാണ് ഇന്ദു തന്നെ, എന്ത് പറയണം എന്നറിയാതെ ഞാന്‍ അവളെ തന്നെ നോക്കിയിരുന്നു.
“ഹലോ മാഷേ എന്താ സ്വപ്നം കണ്ടിരിക്കാ ? “
മറുപടിയായി അലസമായ ഒരു ചിരി മാത്രം ഞാന്‍ നല്‍കി
“അതെ ഈ ക്ലാസിലെ മുഴുവന്‍ കുട്ട്യോളും പദ്യം പഠിച്ച് പാടണുണ്ടല്ലോ? മാഷ്‌ മാത്രം എന്താ പാടാതെ തല്ല് വാങ്ങുന്നത് ?”
“അത്.... അത് പിന്നെ ...”
“അത് പിന്നെ?”
“ഞാന്‍ പാടിയാല്‍ പിന്നെ എനിക്ക് പിന്നില്‍ നിന്നു ഈ പൂമ്പാറ്റ പാടുന്നത് കേള്‍ക്കാന്‍ പറ്റില്ലല്ലോ അതുകൊണ്ടാ”
അത്ഭുതത്തോടെ അവള്‍ എന്റെ കണ്ണുകളിലേക്ക് നോക്കി .. കുപ്പിവളകള്‍ ചിതറുംപോലെ പൊട്ടിച്ചിരിച്ച് കൊണ്ട് അവള്‍ ഓടിപ്പോയി
പറഞ്ഞത് അബദ്ധായോ ? ഏയ്‌
അപ്പോഴേക്ക് അടുത്ത പീരീഡിനുള്ള മണി മുഴങ്ങി, വിരസമായ ഹിന്ദി പഠനത്തിനൊടുവില്‍ അന്നത്തെ പഠനം അവസാനിച്ചു , വീട്ടിലേക്കു പോകാന്‍ ഒരുങ്ങവേ അവള്‍ വീണ്ടും അടുത്തേക്ക്‌ വന്നു.
“ നോട്ടെഴുതാന്‍ ബുക്ക്‌ വെണന്ന്‍ പറഞ്ഞില്ലേ ? ഇന്നാ. തിങ്കളാഴ്ച കൊണ്ടുവരാന്‍ മറക്കല്ലേ”
“നോട്ടോ ?”
ചോദ്യ ഭാവത്തില്‍ നിന്ന എന്റെ കൈകളിലേക്ക് ബുക്ക്‌ നല്‍കി കൂട്ടുകാരികളോടൊപ്പം അവള്‍ നടന്നകന്നു, കണ്ണില്‍ നിന്നും മറയും വരെ ഞാനവളെ നോക്കി നിന്നു കണ്ണിമ ചിമ്മാതെ..
വീട്ടിലെത്തിയ ഞാന്‍ ആ ബുക്ക്‌ തുറന്നു നോക്കി അവളെപ്പോലെ മനോഹരമായ കൈപ്പട , കുറേനേരം അതിലേക്കു നോക്കിയിരുന്നു.. പതിയെ താളുകള്‍ മറിച്ചു. അവസാന പേജില്‍ മധ്യത്തിലായി ഒരു കുറിപ്പ് ..
“അതെ മാഷേ തിങ്കളാഴ്ച മര്യാദക്ക് പദ്യം ചൊല്ലിയില്ലങ്കില്‍ ഞാനിനി കൂട്ട് കൂടില്ല”
എന്ന്
മാഷിന്‍റെ പൂമ്പാറ്റ
“എന്റെ പൂമ്പാറ്റയോ?” എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ മുറിയില്‍ നിന്നു വട്ടം കറങ്ങി. പരിസര ബോധം വീണ ഞാന്‍ മലയാള പുത്തകം തുറന്ന് പഠിക്കാന്‍ ആരംഭിച്ചു.
“ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദ്ദുരം.... ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദ്ദുരം... ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദ്ദുരം... ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദ്ദുരം....”

വന്ന പാടേ പുസ്തകം തുറന്നിരുന്നു പഠിക്കുന്ന എന്നെക്കണ്ട് അമ്മ ശരിക്കും ഞെട്ടി!!
അടുത്ത ദിവസം ജീവിതത്തിലാദ്യമായി ഒരക്ഷരം പോലും തെറ്റാതെ പദ്യം മുഴുവനും ഞാന്‍ ഈണത്തില്‍ ചൊല്ലി. തലേ ദിവസം അമ്മയില്‍ ഉണ്ടായ ഞെട്ടല്‍ അധ്യാപകനിലെക്കും അവിടെ നിന്നും സഹാപാടികളിലെക്കും വ്യാപിച്ചു .
ചൊല്ലിത്തീര്‍ത്ത് ഇരിപ്പിടത്തിലേക്ക് പോകുമ്പോള്‍ മനസ്സില്‍ വല്ലാത്ത അഭിമാനം തോന്നി.. ഒപ്പം ആ മുഖത്ത് നിന്നും കിട്ടിയ പുഞ്ചിരി എന്റെ ആത്മ വിശ്വാസം ഇരട്ടിയാക്കി

അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍ എനിക്കുള്ളവയായിരുന്നു ആഴ്ചകള്‍ക്കുള്ളില്‍ എന്റെ ഇരിപ്പിടം ഒന്നാം ബെഞ്ചില്‍ ഒന്നാം സ്ഥാനത്തായി.. ഞങ്ങളുടെ ബന്ധവും ദൃഡമായി. ഓണപ്പരീക്ഷയില്‍ ഇന്ദുവിനൊപ്പം ഒന്നാം സ്ഥാനം ഞാന്‍ തന്നെ പങ്കിട്ടു. എന്നും വൈകിട്ട് ക്ഷേത്ര കുളക്കടവില്‍ ഞങ്ങളുടെ സംഗമം അധികം ആരുമറിയാതെ നടന്നു. ഞങ്ങളുടെ ചര്‍ച്ചകളില്‍ പഠനം മാത്രമായിരുന്നു വിഷയം, അതുകൊണ്ട് തന്നെ മറ്റാര്‍ക്കും അതില്‍ വലിയ പരിഭവവും തോന്നിയില്ല. മനസ്സുകള്‍ നോട്ട് ബുക്കിലെ അവസാന താളുകളിലൂടെ ഞങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു..

കൌമാരം യവ്വനത്തിനു വഴിമാറി . പഠന ശേഷം സ്റ്റൈഫന്റോടെ ഞാനൊരു ചെറിയ ജോലിയില്‍ പ്രവേശിച്ചു . ആ സമയത്താണ് ഇടിത്തീ പോലെ ആ വാര്‍ത്ത ഞാന്‍ കേള്‍ക്കുന്നത് . ഇന്ദുവിന്റെ വിവാഹം നിശ്ചയിച്ചു !!!! സര്‍വ്വ ശക്തിയും സംഭരിച്ചു ഇന്ദു എനിക്ക് വേണ്ടി അവളുടെ വീട്ടില്‍ സത്യാഗ്രഹവും ആത്മഹത്യാ ഭീഷണിയും ആരംഭിച്ചു ..

അന്ന് വൈകിട്ടും അവളെക്കാത്ത് കുളക്കടവില്‍ ഞാന്‍ നിന്നു.. പക്ഷെ വന്നത് അവളുടെ അമ്മയായിരുന്നു.. കവിളത്ത് ഒരടിയാണ് പ്രതീക്ഷിച്ചത് .. ഇല്ലത്തെ കുട്ടിയെ ആഗ്രഹിച്ചതിന് അധകൃതനായ എനിക്കുള്ള ശിക്ഷ .. പക്ഷെ കണ്ണുനീരില്‍ കലങ്ങിയ കണ്ണുകളും കൂപ്പിയ കൈകളുമായി ആ അമ്മ മകളുടെ ഭാവിക്കായി കേഴുകയായിരുന്നു സമ്പത്ത് ജീര്‍ണ്ണിച്ച ആ ഇല്ലത്ത് ഇനി ജീര്‍ണ്ണിക്കാനായി അഭിമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ .. അത് നഷ്ട്ടമായാല്‍ ഒരു കൂട്ട ആത്മഹത്യയല്ലാതെ വേറെ മാര്‍ഗ്ഗമില്ല എന്നവര്‍ കേണപേക്ഷിച്ചു ..

അന്ന് അവസാനമായി ഞാന്‍ ഇന്ദുവിനെ കണ്ടു .. വിവാഹത്തിനു സമ്മതിക്കാന്‍ ഞാനവളെ നിര്‍ബന്ധിച്ചു .. ഒരു ജീവച്ഛവം കണക്കെ അവള്‍ സമ്മതം നല്‍കി . അങ്ങനെ ലോകത്തിലെ തൊണ്ണൂറ്റി ഒന്‍പത് ശതമാനം പ്രണയങ്ങളെപോലെ ഞങ്ങളുടെ പ്രണയവും അവിടെ അവസാനിച്ചു.... പ്രണയം മറക്കാന്‍ ഞാന്‍ പ്രവാസം സ്വീകരിച്ചു..

പിന്നെയും മൊബൈല്‍ വിറ കൊണ്ടപ്പോള്‍ ചിന്തകളില്‍ നിന്നും ഞാനുണര്‍ന്നു അന്നവള്‍ വന്ന് തട്ടി ഉണര്‍ത്തിയത് പോലെ .. രണ്ടും കല്‍പ്പിച്ചു മെസ്സേജ് വന്ന നമ്പരിലേക്ക് ഞാന്‍ തിരിച്ചു വിളിച്ചു ..ഒരു നിമിഷം കൊണ്ട് ഒരായിരം കാര്യങ്ങള്‍ അവള്‍ പറഞ്ഞു... വര്‍ഷങ്ങള്‍ക്കു ശേഷവും അവളിലെ പ്രണയത്തിന് നെല്ലിട വ്യത്യാസം വന്നിട്ടില്ല .. പക്ഷെ അവള്‍ ഇന്നൊരു ഭാര്യയാണ് ..ഒരമ്മയാണ് എന്നൊക്കെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു .. അവള്‍ ഒരു ആത്മഹത്യയുടെ വക്കിലാണെന്ന് എനിക്ക് തോന്നി .. അടുത്ത ദിവസം തന്നെ ഞാന്‍ നാട്ടിലേക്ക് പോയി .. അവിടെ ആ കുളക്കടവില്‍ എന്റെ കൈകള്‍ ചേര്‍ത്തു പിടിച്ച് എന്റെ മടിയിലെക്കവല്‍ ചാഞ്ഞു ..

എനിക്കവളോടുള്ള പ്രണയത്തെ പറ്റി ഞാന്‍
പറഞ്ഞു കൊണ്ടേയിരുന്നു.

ഇടയ്ക്കെപ്പോഴോ അവള് ഉറങ്ങിപ്പോയിയെന്ന്
പിന്നീടാണെനിക്ക് മനസ്സിലായത്.

അപ്പോഴും അവളുടെ കൈവിരലുകള്
എന്റെ വിരലുകളെ മുറുകെ പിടിച്ചിരിന്നു,

ഒരിക്കലും ഒറ്റയ്ക്കാക്കി പോകരുതെയെന്ന്
പറയുന്ന പോലെ.

പ്രണയവും ജീവിതവും രണ്ടാണെന്ന് എനിക്ക്
മനസ്സിലാക്കുവാന് ആ
സമയം ധാരാളമായിരിന്നു.

എങ്കിലും എനിക്കിഷ്ടം ജീവിതത്തിലെ ആ
പ്രണയം തന്നെയായിരിന്നു;

ഉറങ്ങി കിടക്കുന്ന
അവളിലെ പുഞ്ചിരി പോലെ, കാറ്റില്‍
ഇടകിയാടുന്ന ആ കാര്‍കൂന്തല്‍ പോലെ....

ഞാനപ്പോഴും എന്റെ പ്രണയത്തെ പറ്റി സംസാരിച്ചു
കൊണ്ടേയിരിക്കുകയായിരിന്നു,
ഒരു
ഭ്രാന്തനെ പോലെ...

അവളെ അവളുടെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുപോകാം എന്ന പ്രതീക്ഷയോടെ .....



മയില്‍‌പ്പീലി......