Saturday 27 June 2015

ഫസ്റ്റ് എയ്ഡ്‌



കുറേക്കാലം കൂടിയുള്ള ഒരു അഭ്യാസം ആണ് ബോറടിപ്പിചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണേ ...

ഒരു വെള്ളിയാഴ്ച കിറുക്ക് .. ഒന്ന് മലയാലപ്പുഴ അമ്പലം വരെ പോയാലോ?
അപ്പൊ തന്നെ ഹരിയെ വിളിച്ചു
“ഡാ നാളെ ഫ്രീ ആണോ “
“എന്താ?”
“അല്ല ഫ്രീ ആണേല്‍ നാളെ രാവിലെ നമുക്ക് മലയാലപ്പുഴ വരെ ഒന്ന് പോയാലോ?”
 “പിന്നെന്താ പോയിക്കളയാം.. അത് കഴിഞ്ഞു കോന്നി ചിറക്കല്‍ ഒന്ന് പോയി അയ്യപ്പനേം ഒന്ന് കാണാം”
“വോക്കെ”

നേരം പരപരാ വെളുത്തപ്പോ തന്നെ ഞാന്‍ റെഡി ആയി ചെങ്ങന്നൂര്‍ എത്തി ലവനെയും വിളിച്ചോണ്ട് നേരെ മലയാലപ്പുഴക്ക്‌ വിട്ടു .... ആറന്മുള പത്തനംതിട്ട റൂട്ടിലെ യാത്ര ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒന്നാണ് ഓരോ പോയിന്റിലും എത്തുമ്പോ ഓരോ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു പരസപരം പറഞ്ഞു കൊണ്ട് ഞങ്ങളും ശകടവും മലയാലപ്പുഴയിലെത്തി .. പതിവുപോലെ അത്ര തിരക്കില്ല അമ്പലത്തില്‍ .. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴേ അമ്മ വക ഒരു നിര്‍ദ്ദേശം ഉണ്ടായിരുന്നു ..ശക്തിക്കൊത്ത ഒരു വഴിപാടു നടത്തണം എന്ന് .. നേരെ നോക്കിയപ്പോ കുഞ്ഞു ചുവപ്പ് റോസാപൂക്കള്‍ കൊണ്ടുള്ള മാലകള്‍ പൂക്കടയില്‍ നിരനിരയായി തൂക്കി ഇട്ടിരിക്കുന്നു കൂടുതലൊന്നും ആലോചിക്കാതെ അതെലോരെണ്ണം വാങ്ങി അമ്മക്ക് ചാര്‍ത്തി അവിടുന്ന് നേരെ കൊന്നിക്ക്‌ വിട്ടു ശനിയാഴ്ച ആയതുകൊണ്ട് തന്നെ ചിറക്കല്‍ അമ്പലത്തില്‍ നല്ല തിരക്കുമുണ്ടായിരുന്നു .. ചിറക്കല്‍ അമ്പലത്തിലെ അയ്യപ്പ സ്വാമിയുമായി വല്ലാത്തൊരു ഹൃദയ ബന്ധം തന്നെയുണ്ട് .. തിരക്കൊഴിഞ്ഞപ്പോ പുള്ളിക്കാരനോട് ആവലാതികള്‍ പറഞ്ഞു ചെങ്ങന്നൂര്‍ക്ക് തിരികെ വരുമ്പോഴാണ് ലഡ്ഡു പോട്ടിയപോലെ ഒരു ഐഡിയ മനസ്സില്‍ പൊട്ടിയത് .. പോണ വഴി ഒരു സുഹൃത്തിന്റെ വീടുണ്ട് ..ആ സുഹൃത്തിന്റെ കയ്യില്‍ എന്റെ ഒരു ട്രോളി ബാഗും എന്നാപ്പിന്നെ അവിടെ കേറി അതും കൂടി എടുക്കാം .. ബാഗെടുത്ത് ഞങ്ങളുടെ ഇടയില്‍ സ്ഥാപിച്ചു ചെങ്ങന്നൂര്‍ക്ക് യാത്ര തുടര്‍ന്നു വയാ പന്തളം

സംസാരിക്കാന്‍ ഒരുപാട് വിഷങ്ങള്‍ ഞങ്ങള്‍ക്കുള്ളത്കൊണ്ട് തന്നെ വണ്ടിക്കു വേഗത നന്നേ കുറവാണ് .. വണ്ടി ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് ജങ്ക്ഷനില്‍ എത്തി മുന്‍പോട്ടുള്ള യാത്ര അപകടമില്ലാന്നു ഉറപ്പു വരുത്തി മുന്നോട്ടു നീങ്ങുമ്പോള്‍ തൊട്ടു മുന്നിലായി മാവേലിക്കര ഭാഗത്ത് നിന്നും എംസീ റോഡിലേക്ക് വന്നിറങ്ങിയ ഒരു ബൈക്കും പോകുന്നുണ്ട് .. കുറച്ചു മുന്നില്‍ സൈഡിലായി ഒരു ആപേ ഓട്ടോ റിക്ഷയും പാര്‍ക്ക്‌ ചെയ്തിട്ടുണ്ട് ഇടത്തേക്കുള്ള ഇന്‍ഡിക്കെട്ടര്‍ മിന്നിക്കളിക്കുന്നുമുണ്ട്
പെട്ടെന്നൊരു ശബ്ദം കേട്ട് നോക്കുമ്പോ സൈഡില്‍ കിടന്ന ആ ഒട്ട്രഷ ദേ റോഡിന്റെ നടുക്ക്!!!  ഇടതു കാലിനു നല്ലൊരു പ്രഹമേറ്റ് നിക്കണോ അതോ വീഴണോ എന്നാലോചിച്ചു ആ ബൈക്കുകാരനും.. സെക്കണ്ടുകള്‍ക്കുള്ളില്‍ ബൈക്കിനെ കൈവിട്ടു പുള്ളി വീണു .. ചീന ഭരണി മുതല്‍ ചീനച്ചട്ടി വരെ വില്‍ക്കുന്ന കുറെ കച്ചവടക്കാരും പിന്നെ കുറെ നാട്ടുകാരും കാഴ്ചക്കാരായി നില്‍ക്കുന്നതല്ലാതെ അനങ്ങുന്നില്ല ... അപ്പോഴേക്കും ഞങ്ങളില്‍ പൌര ബോധം ഉണര്‍ന്നു .. ഹരി ചാടി ഇറങ്ങി അയാളെ താങ്ങി എന്റെ അടുത്തേക്ക്‌ കൊണ്ട് വന്നു ബൈക്കും ഒതുക്കി ഒരു സൈഡില്‍ വച്ചു ഇടിച്ചിട്ട ഓട്ടോക്കാരന്‍ ഓടി വന്നു
“അയ്യോ എന്തെങ്കിലും പറ്റിയോ? തെറ്റ് എന്‍റെ ഭാഗത്താ ..”
ഇത് കേട്ടതും ഹരി കേറി ചൂടായി
“ഇടത്തോട്ട് ഇന്‍ഡിക്കെട്ടര്‍ ഇട്ടോണ്ടാണോടോ വലത്തോട്ടു തിരിക്കുന്നെ ....??”
“പറഞ്ഞല്ലോ തെറ്റ് എന്റെ ഭാഗത്താ ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം”
“ങാ എന്നാ ഈ പുള്ളിക്കാരനെ പെട്ടന്ന് ആശുപത്രിയില്‍ കൊണ്ടാക്ക് “
“അയ്യോ ഞാന്‍ ഒരു മരണ വീട്ടിലേക്കു ഭക്ഷണവുമായി പോകുന്ന വഴിയാ അതൊന്നു കൊടുത്തിട്ട് ഹോസ്പിറ്റലില്‍ എത്തിക്കോളാം”
അയാളുടെ ദയനീയ ഭാവം കണ്ട് ഒരു ഫോട്ടോയും എടുത്തു വണ്ടി നമ്പരും നോട്ടു ചെയ്ത ശേഷം പറഞ്ഞു വിട്ടു

പിന്നീട് വന്ന ഒട്ടോയ്ക്കും കാറിനുമൊക്കെ  കൈ കാണിച്ചിട്ടും നോ പ്രയോജനം .. ഒരുത്തനും വണ്ടി നിര്‍ത്തുന്നില്ല .. അവസാനം ഗതി കേട്ട ഹരി ടൈറ്റാനിക്കില്‍ ഡീ കാപ്രിയോ നിന്ന പോലെ എംസീ റോഡിന്റെ സെന്റര്‍ ലൈനില്‍ കേറി രണ്ടു കയ്യും നീട്ടി ഒരു നിപ്പങ്ങ് നിന്ന് .. പാവത്തിന്റെ ആ നിപ്പ് കണ്ടിട്ടാണെന്ന് തോന്നുന്നു ഒരു അമ്മാവന്‍ ഓട്ടോ നിര്‍ത്തി കാര്യം ചോദിച്ചു .. കാര്യം അറിഞ്ഞപ്പോ അമ്മാവനും ഒടുക്കത്തെ പൌര ബോധം .. കയറ്റിക്കോ ... കയറ്റിക്കോ .. ഹരിയും കൂടെ കേറി
“എങ്ങോട്ടാ പോണ്ടേ?”
“സെഞ്ച്വറി പോയാ മതി അവിടേ ഓണ്‍ കോള്‍ ഓര്‍ത്തോ ഉണ്ട് “
(ഒരു മുന്‍ അനുഭവമാണ് എന്നെക്കൊണ്ട് അത് പറയിച്ചത് )

വണ്ടി നേരെ സെഞ്ച്വറി ലക്ഷ്യമാക്കി പോയി ഞാന്‍ എന്റെ വണ്ടി തിരിച്ചു പിറകെ പോയി മുളക്കുഴ വളവിന് മുന്നേയുള്ള ആദ്യ റംബിള്‍ സ്ട്രിപ് ആയപ്പോ അതാ ഫോണ്‍ അടിക്കുന്നു നോക്കിയപ്പോ ഹരി
“എന്താടാ?”
“ ഡാ സെഞ്ച്വറി ഹോസ്പിറ്റലില്‍ പോകേണ്ടാ ഞങ്ങള്‍ സഞ്ജീവനി ഹോസ്പിറ്റലില്‍ പോകുവാ”
“ വോക്കെ എന്നാ ഞാന്‍ അങ്ങോട്ട്‌ വരാം “
പിന്നേം വണ്ടി കുത്തിത്തിരിച്ച് നേരെ സന്ജീവനിക്ക് വിട്ടു അപ്പൊ ദേ പിന്നേം ഫോണ്‍ ...പിന്നേം ലവന്‍
“എന്താടാ?”
“എടാ ചെറിയ ഒരു മാറ്റം ഉണ്ട് ഞങ്ങള്‍ ചെങ്ങന്നൂര്‍ ഗവന്മേന്റ്റ്‌ ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചു”
“കോപ്പ് ... എന്നാ ഞാന്‍ അങ്ങോട്ട്‌ വരാം ...”
 പിന്നെയും കുത്തിത്തിരി നേരെ മിഷന്‍ ഗവന്മേന്റ്റ്‌ ആശുപത്രി .. ഏകദേശം ക്രിസ്ത്യന്‍ കോളേജ്‌ ജങ്ക്ഷനില്‍ എത്തിയപ്പോ പിന്നേം ലവന്‍ വിളിക്കുന്നു
“മം ?”
“അല്ല പിന്നേം തീരുമാനം മാറി സെഞ്ച്വറി ഉറപ്പിച്ചു”
“ഡാ പുല്ലേ എന്തോന്നാ ഇത് മനുഷ്യനെ വടി ആക്കുവാണോ?”
“എന്റെ പൊന്നെ ഞാന്‍ എന്നാ ചെയ്യാനാ രോഗിയല്ലേ തീരുമാനിക്കുന്നെ എവടെ പോണം എന്ന് .. നീ പറ ഫസ്റ്റ് എയ്ഡ്‌ എടുത്തിട്ട് എവിടേലും പോകാന്‍ “
“അത് ഞാന്‍ പറയേണ്ടി വന്നില്ലടാ ആ ഓട്ടോക്കാരന്‍ അമ്മാവന്‍ കൈകാര്യം ചെയ്തു പുള്ളി വണ്ടി ഒതുക്കീട്ട് ഒരൊറ്റ ഡയലോഗ്
“കൊറേ നേരമായി എം സീ റോഡില്‍ കിടന്നു തെക്കോട്ടും വടക്കോട്ടും ഇട്ടു വണ്ടി ഓടിപ്പിക്കുന്നു ഇനി ഒരു തീരുമാനം ആകാതെ ഞാന്‍ വണ്ടി എടുക്കൂല്ല “(ഫീലിംഗ് ആംഗ്രി)
“ഒറപ്പിച്ചു .. ചലോ സെഞ്ച്വറി”
അങ്ങനെ രഥം നേരെ സെഞ്ച്വറിക്ക് വിട്ടു പോകുന്ന വഴി ആണ് ഹരി ആ നഗ്ന സത്യം അറിയുന്നത് ...
“മാഷെവിടാ വര്‍ക്കുന്നെ?”
“വെന്മണി സ്റ്റേഷനീല്‍ “
“സ്റ്റേഷന്‍....?”
“അതെ വെണ്മണി പോലീസ്‌ സ്റ്റേഷന്‍”               
“പ്ലിംഗ്”
തൊട്ടു പിന്നാലെ തന്നെ ഞാനും അവിടെയെത്തി അപ്പോളേക്കും ഡോക്ടര്‍ എത്തി പരിശോധിക്കുന്നുണ്ട് .. ചെങ്ങന്നൂര്‍ എസ് ഐ യും ഒരു പോലീസ്കാരനും കൂടി അവിടെ എത്തിയിരുന്നു .. വളരെ മാന്യമായി അവര്‍ ഞങ്ങളോട് കാര്യങ്ങള്‍ തിരക്കി മുഴുവന്‍ കാര്യങ്ങളും ഞങ്ങള്‍ അവരോടു പറഞ്ഞു .. എല്ലാം കേട്ടിട്ട് ആ എസ് ഐ തോളില്‍ തട്ടി അഭിനന്ദിച്ചു
“കൊള്ളാം മക്കളെ..”
പെറ്റി അടിക്കാന്‍ കൈ കാണിക്കുന്ന ഒരാള്‍ മാത്രമാണ് നമ്മളെ സംബന്ധിച്ച് പോലീസ്‌ ....പുള്ളിക്കാരന്റെ ആ പറച്ചില് കേട്ട് കണ്ണ് നിറഞ്ഞ് പോയി ... സത്യം
അങ്ങനെ അവിടുന്ന് ഊരി പോകാനായി പാര്‍ക്കിങ്ങില്‍ ചെന്നപ്പോ അവിടെ കിടന്നു തിരിഞ്ഞു കളിക്കുന്നു മ്മടെ പ്രതി ..
“ഹലോ ഇവിടെ കിടന്നു തിരിഞ്ഞുകളിക്കുവാ?”
“ആഹാ മോന്‍ ഇവിടെ ഉണ്ടാരുന്നോ?”
“ ഉം... ബാ പോകാം”
“എങ്ങോട്ട് ?”
“കാഷ്വാലിറ്റിലോട്ട്... പിന്നേ ചേട്ടന്‍ വണ്ടിയിടിച്ചത് ആരെയാന്ന് അറിയാമോ?”
“ആരെയാ”
“അതൊരു പോലീസുകാരനാ “
“ന്റമ്മോ .... മലര്.... നീപ്പോ എന്ത് ചെയ്യും”
എന്ന് പറഞ്ഞതും ഓട്ടോ ചേട്ടന്‍ തിരിഞ്ഞോടി കൂടെ ഞാനും .. ചെന്ന് നോക്കുമ്പോ അതിലും വിറ്റ് .. ആ ചേട്ടന്‍ ഷര്‍ട്ട് ഒക്കെ അഴിക്കുന്നു ..
പാവം ഇടി കൊള്ളാന്‍ ഇവിടുന്നെ ഒരുങ്ങി പോവാ..?. എഫേ ബോക്സില്‍ നിന്നും ഒരു കാക്കി ഷര്‍ട്ട് എടുത്തിട്ടു അന്നിട്ട് ഒരു ഡയലോഗ്

“യൂണിഫോം ഇല്ലാതെ അങ്ങോട്ട്‌ ചെന്നിട്ട് വേണം അവര് അതിനും പെറ്റി അടിക്കാന്‍ ...പുല്ല് “

ആപ്പറഞ്ഞതും ശരിയാണെന്ന് എനിക്ക് തോന്നി നേരെ അതിയാനെ കൊണ്ട് ചെന്ന് സാറന്മാരെ ഏല്‍പ്പിച്ചു ഞാനും ഹരിയും പിന്നേ ആ പെട്ടിയും വീട്ടിലേക്ക് പോയി

അപ്പോഴും തന്റെ യജമാനനെ കാത്ത് ഫസ്റ്റ് എയ്ഡ്‌ പോലും കിട്ടാതെ ആ പാവം ബൈക്ക്‌ എം സീ റോഡ്‌ സൈഡില്‍ ഇരുന്നു വെയില് കൊള്ളുകയായിരുന്നു

5 comments:

  1. കലക്കി മുത്തേ.....നന്നായെഴുതി...... ആശംസകള്‍

    ReplyDelete
    Replies
    1. താങ്ക്യൂ മുത്തേ :)

      Delete
  2. പാവം ഇടി കൊള്ളാന്‍ ഇവിടുന്നെ ഒരുങ്ങി പോവാ..?>>>>>> ഹഹഹ.. ഹതു കലക്കി

    ReplyDelete
    Replies
    1. താങ്ക്യൂ അജിത്തേട്ടാ :)

      Delete
    2. താങ്ക്യൂ അജിത്തേട്ടാ :)

      Delete