Sunday 2 September 2012

മഴത്തുള്ളികള്‍


മഴ പെയ്യുകയാണ്...മനുഷ്യന്റെ മനസ്സും തിടുക്കവും അതിനു അറിയേണ്ട ആവശ്യമില്ലലോ? ചന്നം പിന്നം പെയ്തൊഴിയുക തന്നെ. 
" കുടയുണ്ടോ ഉണ്ണിമോളെ? " ടാക്സി ഓടിച്ചിരുന്ന  സുരന്‍ ചേട്ടന്‍ ചോദിച്ചു.
" ഉവ്വ്..എന്തൊരു മഴയാ..ഇന്ന്  വണ്ടി പോയത് തന്നെ...അമ്മയോട് പറഞ്ഞേക്ക് കേട്ടോ...ഞാന്‍ എത്തിയിട്ട് വിളിക്കാം" 
സൌമ്യ സ്റ്റേഷനീലേക്ക്  ഓടിക്കയറി .അപ്പോളേക്കും ട്രെയിന്‍ മൂന്നാം നമ്പര്‍ പ്ലാട്ഫോമില്‍ നിന്നും നീങ്ങി തുടങ്ങിയിരുന്നു.ഓടി എത്തുകയില്ലന്നു അറിയുന്നത് കൊണ്ട് തന്നെ അവള്‍ തളര്‍ന്നു അടുത്ത് കണ്ട സിമിന്‍റ് ബെഞ്ചില്‍ ഇരുന്നു. അടുത്ത ട്രെയിന് ഇനിയും നാല് മണിക്കൂര്‍ കാത്തിരിക്കണം. നാട്ടിലെ റോഡുകളുടെ ദുര്‍ഗതി ബസ് യാത്രയെ മടുപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ജേര്‍ണലിസം തലയ്ക്കു പിടിച്ച അന്ന് തുടങ്ങിയ യാത്രയാണ്..കാതങ്ങളും ദൂരങ്ങളും താണ്ടി. എവിടെയും ഒരു വാര്‍ത്ത പത്രക്കാര്‍ക്കായി കാത്തിരിക്കുന്നു എന്ന തോന്നല്‍ ഉണ്ടാവും. മനസ്സും ശരീരവും എപ്പോളും ജാഗരൂകമായിരിക്കും. എന്തൊക്കെയോ മനസ്സില്‍ ആലോചിച്ചു സൌമ്യ  ഒരു മാഗസിന്‍ ബാഗില്‍ നിന്നും എടുത്തു. വെറുതെ അതിന്‍റെ പേജുകള്‍ മറിച്ചു വിടുമ്പോള്‍ അടുത്തിരുന്ന ചെറുപ്പക്കാരനെ ശ്രദ്ധിച്ചു. 
കാഴ്ചയില്‍ അത്ര മോശമില്ല. നെറ്റിയിലേക്ക്  അലക്ഷ്യമായി വീണു കിടക്കുന്ന മുടി ......എന്തോ ഒരു ആകര്‍ഷണീയത തോന്നി അവള്‍ക്ക്.
" ഹായ്  ... അയാം സൌമ്യ  .." 
" ഉം ....മഹേഷ്‌ ...മഹി " 
" എവിടേക്ക് പോകുന്നു?"
" തീരുമാനിച്ചില്ല "  ഒരു ചിരിയോടെ മഹി പറഞ്ഞു 
" ഹ ഹ  കൊള്ളാമല്ലോ....എവിടെ നിന്നു വരുന്നു? " 
" ജയില്‍ നിന്ന്."
" അവിടെന്താ ജോലിയാണോ? ...പോലീസ്?? "
" അല്ല. ശിക്ഷയില്‍ ആയിരുന്നു."
" താന്‍ തമാശ പറയുക ആണല്ലോ അല്ലെ? " 
" ഒരിക്കലുമല്ല...ഒരു സത്യം ..അത് വിശ്വസിക്കാതിരിക്കാന്‍ മാത്രം നമ്മള്‍ തമ്മില്‍ ......"
" ഓക്കേ ഓക്കേ ..ഐ ആം സോറി ...ആദ്യമായി കണ്ട ഒരാളോട് ...ഇത്രയും....ഐ ആം എ ജേര്‍ണലിസ്റ്റ് ..അതുകൊണ്ടാവം ഇങ്ങനെ...എന്തും അറിയാന്‍...വെറുതെ ...ഐ ആം റിയലി സോറി "
അവള്‍ വെറുതെ മഴയിലേക്ക്‌ നോക്കി ഇരുന്നു....മഴ ശമിചിരുന്നില്ല....അയാളുടെ മനസ്സില്‍ ഒരു ഇടവപ്പാതി പെയ്തൊഴിയാന്‍ നില്‍ക്കുന്നു എന്നവള്‍ക്ക് തോന്നി 
" സൌമ്യ ...എന്നെ തനിക്കു അറിയില്ലേ? പഴയ വാര്‍ത്തകളില്‍ ഒന്നും എന്നെ കണ്ടതായി താന്‍ ഓര്‍മ്മിക്കുന്നില്ലേ?"
അവള്‍ ഓര്‍മ്മകളില്‍ ആ മുഖം പരതി നോക്കി. ഇല്ല ..കണ്ടെത്താന്‍ ആവുന്നില്ല 
" ഇല്ല...എനിക്ക്...ഞാന്‍...."
" ഒരിക്കല്‍ താന്‍ എന്നെ തേടി വന്നിരുന്നു ....ഇത് പോലെ ഒരു മഴയുള്ള ദിവസം...ജയിലില്‍....അന്ന് എനിക്ക്  ആരെയും കാണണ്ട എന്ന് ഞാന്‍ പറഞ്ഞു..അമ്മയും അച്ഛനും വിവാഹം തീരുമാനിച്ച പെണ്ണും ഒരുമിച്ചു ആത്മഹത്യ ചെയ്തപ്പോള്‍ ഒരു ജയില്‍ പുള്ളിയുടെ മനസ്സ്  അറിയുവാന്‍ ...ഓര്‍മ്മ ഉണ്ടോ തനിക്ക്? "
" അത്....താന്‍...പക്ഷെ അന്ന് ഞാന്‍ തന്നെ കണ്ടിരുന്നില്ല മഹി..."
" കാണാന്‍ ഞാന്‍ അനുവദിച്ചില്ല ...ആരെയും ...സ്വയം ഒരു പരിഹാസപാത്രമാകാന്‍ ആഗ്രഹിച്ചില്ല ...പത്രക്കാര്‍ക്ക് വാര്‍ത്ത മാത്രം മതി...അതിലെ മനുഷ്യന്റെ മനസ്സ് വേണ്ട....."
ലോകത്തോട്‌ മുഴുവനുള്ള ദേഷ്യം ആ കണ്ണുകളില്‍ അവള്‍ കണ്ടു. അയാള്‍ മഴയിലേക്ക്‌ തറപ്പിച്ചു നോക്കി 
" തനിക്ക് വിരോധമില്ലെങ്കില്‍ ഇന്ന് എനിക്കത് അറിയണം എന്നുണ്ട്....ഒരു സുഹൃത്തായി....ആ മനസ്സ് അറിയാന്‍..."
അയാള്‍ എഴുന്നേറ്റു മഴയിലേക്ക്‌ നോക്കി നിന്നു...അടുത്ത് കൂടി ഒരു ട്രെയിന്‍ വന്നു പോയത് അറിഞ്ഞില്ല എന്ന് തോന്നി. 
" അഞ്ജന...അവള്‍ എന്‍റെ ജീവന്‍ ആയിരുന്നു...കൂടെ കളിച്ചവള്‍...കൂടെ വളര്‍ന്നവള്‍...മുറപെണ്ണ്  ...കാലം സമ്പ്രദായങ്ങള്‍ മാറ്റി മറിച്ചിട്ടും എനിക്ക് വേണ്ടി കാത്തിരുന്നവള്‍..." അയാള്‍ പതിയെ പറഞ്ഞു തുടങ്ങി .സൌമ്യ അയാള്‍ അറിയാതെ വോയിസ്‌ രെക്കൊ൪ദര് ഓണ്‍ ആക്കി. 
" ഞങ്ങളുടെ കല്യാണം...എന്‍റെ വീട്ടിലും അവളുടെ വീട്ടിലും മാത്രമല്ല ആ നാട് മുഴുവന്‍ ഒരു ആഘോഷം ആക്കണമെന്ന് അച്ഛന്‍ എന്നും പറയുമായിരുന്നു...നാടടച്ച് വിളിച്ചു ...വലിയ പന്തല്‍ ഇട്ടു ...ഒരുപാട് ബന്ധുക്കള്‍ ഒരാഴ്ച മുന്നേ വീട്ടില്‍  എത്തി ...രണ്ടു കുടുംബങ്ങളെയും അറിയുന്നവര്‍ ആണ് എല്ലാവരും...ശരിക്കും ആഘോഷം ഒരാഴ്ച മുന്‍പേ തുടങ്ങി. ഇതിനിടക്ക്‌ പലതവണ ഞാന്‍ അന്ജനെയെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല...ഈ തിരക്കുകളില്‍ എവിടെയോ അവള്‍ ഉണ്ടാകുമെന്ന് മാത്രം ഞാന്‍ ആശ്വസിച്ചു.മൂന്നു വര്‍ഷത്തെ  പ്രവാസ ജീവിതത്തിനു ശേഷം ഞാന്‍ നാട്ടില്‍ എത്തിയത് രണ്ടാഴ്ച മുന്‍പേ ആണ്...എല്ലാവരും തീരുമാനിച്ചു ഉറപ്പിച്ച വിവാഹത്തില്‍ ഒരു പെണ്ണുകാണല്‍ ചടങ്ങ് ഇല്ലാതിരുന്നതിനാല്‍ അവളെ കാണാന്‍ ഒരുപാട് കഷ്ടപെട്ടു...അമ്മായിയും അമ്മാവനും വീട്ടില്‍ വന്ന സമയം മനപൂര്‍വം അവളുടെ വീട്ടില്‍ പോയി...ഒരു നോക്ക് കണ്ടു..ഇത്തിരി വര്‍ത്തമാനം പറഞ്ഞു..അപ്പോളേക്കും അവളുടെ അനിയന്‍ വന്നു.....അവന്റെ ഒപ്പം എനിക്ക് തിരിച്ചു പോരേണ്ടി വന്നു...പിന്നീട് അമ്പലത്തില്‍ വെച്ച് ഒരു നോക്ക്..അത്ര മാത്രം...
"ഗോപുവിന്‍റെ ഫോണ്‍ വന്നു..അവന്‍ റെയില്‍വേ സ്റെഷനില്‍ നില്‍ക്കുവ...ഭയങ്കര മഴ ..നീയൊന്നു കൂട്ടി വാ..." അച്ഛന്‍ എന്നോട് പറഞ്ഞു. ഗോപു എന്‍റെ സുഹൃത്താണ്...എന്‍റെ സുഹൃത്തെങ്കിലും അച്ഛന് അവന്‍ സ്വന്തം മകനാണ്...അവന് തിരിച്ചും..എന്നെ വിളിക്കുന്നതില്‍ കൂടുതല്‍ അവന്‍ വിളിക്കുക അച്ഛനെയാണ്.." മഴ മാറട്ടെ അച്ഛാ ...അല്ലാതെ ഞാന്‍ എങ്ങനാ പോവുക..." " ഉം ..ശരി...ഹര്‍ത്താല്‍ ആണ് ...പോരാത്തതിന് ഓണക്കാലവും...സൂക്ഷിക്കണം..." അച്ഛന്‍ പറഞ്ഞു..
മഴയുടെ ശക്തി കുറഞ്ഞപ്പോള്‍ ഞാന്‍ വണ്ടിയെടുത്തു ഇറങ്ങി...." അച്ഛാ ഞാന്‍ ഇറങ്ങുവ...." " നില്‍ക്ക് ..ദെ ഈ കുട്ടിയെ  ബസ് സ്ടാന്റില്‍ വരെ ഒന്ന് വിട്..നീ പോകും വഴി...നിനക്കിവളെ അറിയില്ലേ? അനിത....നമ്മുടെ അച്ചുന്റെ പെങ്ങള്‍..." അച്ഛന്‍ പറഞ്ഞു 
" ഓ അറിയാം..അനിത...ഞാന്‍ ഒരുപാട് കാലത്തിനു ശേഷമാ കാണുന്നത്..താന്‍ ബംഗ്ലൂരില്‍ അല്ലായിരുന്നോ? അമ്മ പറഞ്ഞു എപ്പോളോ.."
" അതെ ...കഴിഞ്ഞ ആഴ്ച വന്നതാ" അവള്‍ പറഞ്ഞു..
വണ്ടിയില്‍ അവളെ കയറ്റി പോകുമ്പോള്‍ മഴ ശമിച്ചിരുന്നു....വഴിയാണെങ്കില്‍ വിജനം....അതിനാല്‍ തന്നെ വേഗം എത്തുവാന്‍ സാധിച്ചു..ഗോപു കാത്തു നിന്നു മുഷിഞ്ഞിരുന്നു.....അനിതയെ സ്ടാന്റില്‍ വിറ്റു ഞാന്‍ ഗോപുവിനെ കൂട്ടി വന്നു..താമസിച്ചതിനു അവന്റെ വക കുറെ ചീത്തയും കേട്ടു 
കല്യാണത്തിന്റെ തലേ രാത്രി ഒരിക്കലും മറക്കാന്‍ ആവില്ല..അത്ര സന്തോഷം ആയിരുന്നു..എല്ലാവരും കൂടി...അതിനു അധികം ആയുസ്സ് ഉണ്ടായില്ല ...രാവിലെ ഫോട്ടോഗ്രാഫര്‍ എന്നെ നിര്‍ത്തിയും ഇരുത്തിയും ഒക്കെ ഫോട്ടോ എടുക്കുന്ന തിരക്കില്‍ ...ആരോ വന്നു പറഞ്ഞു..."ദെ ..പോലീസ്..." " പോലീസോ? എന്തിന്...? "  
വിലങ്ങുവെച്ചു വിവാഹവേഷത്തില്‍ പോകുന്ന വരനെ കാണാന്‍ ഒരുപാട് പേര്‍ തടിച്ചു കൂടി...എന്‍റെ വിവാഹ ഫോട്ടോ എടുക്കാന്‍ വന്നവന്‍ വരെ എന്‍റെ ഫോട്ടോ പല പത്രങ്ങള്‍ക്കു കൊടുത്തു. "
" അനിത...അതാണോ? " സൌമ്യ ചോദിച്ചു 
" ഉം ..മഹി പറഞ്ഞു....അവളെ കാണാന്‍ ഇല്ലാ എന്നായിരുന്നു ആദ്യം വാര്‍ത്ത...പിന്നീട് കൊല്ലപ്പെട്ടു എന്നും...ഒരു കത്ത് കിട്ടി ..ആത്മഹത്യ കുറിപ്പ് എന്ന പോലെ...അവള്‍ക്ക് ഒരു ഗള്‍ഫ്കാരനുമായി പ്രണയം ഉണ്ടായിരുന്നു എന്നും ഇപ്പോള്‍ അയാള്‍ വേറെ വിവാഹം കഴിക്കുന്നതില്‍ മനം നൊന്തു അവള്‍ ആത്മഹത്യ ചെയ്യുന്നു എന്നും ആയിരുന്നു അതില്‍....വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രം കണ്ട അനിതയും ഞാനും ആരും അറിയാതെ പ്രണയിക്കുകയായിരുന്നു എന്ന് പലരും വിധി എഴുതി.....അതില്‍ എന്‍റെ അച്ഛനും അമ്മയും....ഞാന്‍ തകര്‍ന്നു പോയി...എല്ലാവരും എന്നെ ശപിച്ചു വെറുത്തു....എല്ലാം അറിഞ്ഞ അഞ്ജന ....ആരോടും ഒന്നും സംസാരിച്ചില്ല....ഒടുവില്‍ അനിത എഴുതിയ കത്ത് പോലീസ് അവള്‍ക്ക് കാണിച്ചു കൊടുക്കും വരെ...പിന്നീട് എന്ത് സംഭവിച്ചു എന്നെനിക്കു അറിയില്ല...കൈവിലങ്ങ് വെച്ച് എന്നെ പോലീസ് കൊണ്ട് വന്നു എന്‍റെ വീട്ടില്‍....എനിക്കും അന്ജനക്കും  വേണ്ടി ഒരുക്കിയ പന്തലില്‍ ...മൂന്നു മൃത ദേഹങ്ങള്‍...അച്ഛന്‍ അമ്മ അഞ്ജന.....ഞാന്‍ വന്നത് മുതല്‍ ഒരുപാട് കാണാന്‍ ശ്രമിച്ച മുഖം....വര്‍ഷങ്ങളായി ഞാന്‍ മനസ്സില്‍ കൊണ്ട് നടന്ന എന്‍റെ അഞ്ജന.....അലറിക്കരയുകയായിരുന്നു ഞാന്‍.....കൂടി നിന്നവര്‍ എന്നെ വെറുപ്പോടെ നോക്കി....ആരും എന്നെ അറിഞ്ഞില്ല....എന്‍റെ മനസ്സ് അറിഞ്ഞില്ല...അഭിമാനിയായ എന്‍റെ അച്ഛന്‍ ...എന്‍റെ അമ്മ......വലിച്ചിഴച്ചു പോലീസ് എന്നെ കൊണ്ടുപോയി...എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.....ഞാന്‍ എന്നെന്നേക്കുമായി അനാഥന്‍ ആവുകയായിരുന്നു ......"
" കോടതിയില്‍...ഒന്നും....?" സൌമ്യ ചോദിച്ചു 
" ഇല്ല...ഒന്നും പറഞ്ഞില്ല....അനുഭവിച്ചു....വര്‍ഷങ്ങള്‍....വെളിയില്‍ എന്നെ കാത്തു ആരും ഇല്ലാന്ന് എനിക്ക് അറിയാമായിരുന്നു ..."
അയാളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത്‌ അവള്‍ കണ്ടു.....
അവള്‍ക്കുള്ള ട്രെയിന്‍ വരുന്നു എന്ന അനൌന്‍സ്മെന്റ്  മുഴങ്ങി ... അവള്‍ പതിയെ രേക്കൊര്ദര്‍ ഓഫാക്കി...
മഴയിലൂടെ ചെന്നു ട്രെയിനില്‍ കയറും വരെ അവര്‍ ഒന്നും സംസാരിച്ചില്ല...ട്രെയിന്‍ വിടുമ്പോള്‍ അവള്‍ കണ്ടു നിറ കണ്ണുമായി അവളെ നോക്കി നില്‍ക്കുന്ന മഹി...അവള്‍  പതിയെ കൈ വീശി കാണിച്ചു...
സീറ്റില്‍ ഇരുന്നു ആ രേക്കൊര്ടെര്‍ അവള്‍ ഓണാക്കി....അവന്റെ ശബ്ദം കാതുകളില്‍ ....ആദ്യമായി അന്നവള്‍ക്ക് ഒരു വാര്‍ത്ത ജനങ്ങളില്‍ എത്തിക്കേണ്ട എന്ന് തോന്നി....അത് ഓഫാക്കി അവള്‍ സീറ്റില്‍ ചാരിയിരുന്നു കണ്ണുകള്‍ അടച്ചു....മനസ്സില്‍ ഒരു മഴ പെയ്യുന്നു....അവിടെ മഴത്തുള്ളികള്‍ പോലെ അഞ്ജനയും ....മഹിയും...അനിതയുമെല്ലാം ......
മഴ ...മഴ .... അതങ്ങനെ തിമിര്‍ത്തു പെയ്യുകയാണ്

No comments:

Post a Comment